ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ റമദാന്‍ പ്രഭാഷണത്തിന് നാളെ കോഴിക്കോട്ട് തുടക്കം
കോഴിക്കോട്: ഖുര്‍ ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ റമദാനില്‍ കോഴിക്കോട്ട് നടന്നുവരുന്ന പ്രഭാഷണത്തിന് നാളെ തുടക്കമാവും. കോഴിക്കോട് അരയിടത്തുപാലത്ത് ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാര്‍ നഗരിയിലാണ് പരിപാടി. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്. 10, 11, 17, 18, 19, 20, 21, 24 തിയതികളിലാണ് ഈ വര്‍ഷത്തെ പ്രഭാഷണം നടക്കുന്നത്. 'ഖുര്‍ആന്‍ സുകൃതങ്ങളുടെ വചനപ്പൊരുള്‍' എന്നതാണ് പ്രഭാഷണ പ്രമേയം.
നാളെ കാലത്ത് 8.30ന് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി നാസര്‍ ഹയ്യ് തങ്ങള്‍ അധ്യക്ഷനാകും. റഹ്്മതുല്ല ഖാസിമി മുത്തേടം 'ആശ്രയം അല്ലാഹു മാത്രം' എന്ന വിഷയം അവതരിപ്പിക്കും. എം.കെ മുനീര്‍ എം.എല്‍.എ പരിപാടിയില്‍ സംബന്ധിക്കും. ഖുര്‍ ആന്‍ സ്റ്റഡി സെന്ററിന് കീഴിലുള്ള പാഴൂര്‍ ദാറുല്‍ ഖുര്‍ആന്‍ ഇസ്്‌ലാമിക് അക്കാദമിയില്‍ നിന്ന് ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയ 36 ഓളം വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാനവും ചടങ്ങില്‍ നടക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ 'വീടകങ്ങളുടെ നന്മ കാത്ത മാലപ്പാട്ടുകള്‍', 'വാഴ്ത്താം പ്രപഞ്ചനാഥനെ', 'ദജ്ജാലിന്റെ ആഗമനം ആസന്നമോ', 'അല്ലാഹുവിന്റെ വാഗ്ദാനം', 'വൈകാരികത മറക്കാം പടച്ചറബ്ബില്‍ ഭാരമേല്‍പ്പിക്കാം', 'സമകാലിക മുസ്‌ലിംലോകം തിരുവരുളുകള്‍ പുലരുന്നു', 'ഇമാം ബുഖാരി കനല്‍പ്പഥങ്ങള്‍ താണ്ടിയ ജ്ഞാന ധന്യത' എന്നീ വിഷയങ്ങളെ അധികരിച്ച് അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി, എം.എം നൗഷാദ് ബാഖവി, ഇബ്രാഹീം ഖലീല്‍ ഹുദവി, റഹ്മതുല്ല ഖാസിമി മുത്തേടം സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സത്താര്‍ പന്തലൂര്‍, ഷാഹുല്‍ ഹമീദ് ഫറോക്ക്, ഒ.പി അഷ്‌റഫ്, ആര്‍.വി.എ സലീം, എന്‍ജിനീയര്‍ മാമുക്കോയ ഹാജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."