വയനാടിനായി പാട്ട് തുടരുകയാണ് തൃശൂര്‍ നസീര്‍
കല്‍പ്പറ്റ: ജന്മസിദ്ധമായി ലഭിച്ച കല സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കുകയാണ് തൃശൂര്‍ നസീറെന്ന കലാകാരന്‍. ഇപ്പോള്‍ പിന്നാക്ക ജില്ലയായ വയനാടിനു വേണ്ടിയാണ് ഇദ്ധേഹത്തിന്റെ പാട്ടുകള്‍.
നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍വേ യഥാര്‍ത്യമാക്കണമെന്നും രാത്രിയാത്ര നിരോധനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുള്ള സംഗീത യജ്ഞത്തിലാണ് നസീറിപ്പോള്‍. ഞായറാഴ്ച കല്‍പ്പറ്റ അനന്തവീര തീയേറ്ററിന് സമീപമായിരുന്നു നസീറിന്റെ സംഗീത പരിപാടി. രാവിലെ ആരംഭിച്ച സംഗീത പരിപാടിയില്‍ പഴയതും പുതിയതുമായ മലയാളം, തമിഴ്, ഹിന്ദി സിനിമാ ഗാനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഒഴുകിയെത്തി. 353ലധികം ഗാനങ്ങള്‍ നസീര്‍ ആലപിച്ചു. പാട്ടുകള്‍ക്കിടയില്‍ മൗത്ത് ഓര്‍ഗന്‍ വായിച്ചു, മിമിക്രി അവതരിപ്പിച്ചു. നസീറിന് പിന്തുണയുമായി യാത്രക്കാരും നാട്ടുകാരുമെത്തി. രാവിലെ ഒന്‍പതിനാരംഭിച്ച ഒറ്റയാള്‍ പോരാട്ടം അവസാനിച്ചത് രാത്രി ഒമ്പതിനാണ്. കഴിഞ്ഞ ശനിയാഴ്ച സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കോമ്പൗണ്ടിലും ഇതേരീതിയില്‍ നസീര്‍ പരിപാടി അവതരിപ്പിച്ചിരുന്നു. ഒരുലക്ഷം ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രി, പ്രസിഡന്റ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് നസീര്‍. ഇതുവരെ 35,000 ഒപ്പ് ശേഖരിച്ചു കഴിഞ്ഞു. അടുത്തതായി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കാനാണ് നസീറിന്റെ തീരുമാനം. നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍വേ ആവശ്യവുമായി മുന്‍പ് വണ്ടൂരും, നിലമ്പൂരും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 113 മണിക്കൂര്‍ തുടര്‍ച്ചയായി പരിപാടി അവതരിപ്പിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ ആളാണ് നസീര്‍.
തെരുവുനായ വിഷയത്തില്‍ 50 നായ്ക്കളുമായി ഡല്‍ഹിയിലെത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഫലമാഗ്രഹിക്കാതെ സ്വന്തം ചെലവില്‍ ഉപകരണങ്ങള്‍ വാടകക്കെടുത്താണ് നസീര്‍ പരിപാടി അവതരിപ്പിക്കുന്നത്. ഗുരുവായൂരില്‍ അഭയമില്ലാതെ അലഞ്ഞ 10 അമ്മമാരെ ഏറ്റെടുത്ത് ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്നുമുണ്ട് നസീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."