കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലിയാല്‍ 'നേട്ടം' തിരിച്ചടി
പാര്‍ലമെന്റിനകത്തും പുറത്തും കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പെട്ടെന്നൊരു ദിനം ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാവുന്ന പ്രസ്താവനയിറക്കിയതിന്റെ പൊരുളെന്താണെന്ന് ആര്‍ക്കും പിടികിട്ടിയിട്ടില്ല. തരൂര്‍ സ്വയം അഭിമാനിക്കുന്ന പോലെ ഇക്കാലംവരെ നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു അദ്ദേഹം. മോദിയെ വിമര്‍ശിച്ചു പുസ്തകമെഴുതിയിട്ടുമുണ്ട്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം മോദി ഭരണകാലത്തു തന്നെ കുരുക്കിയിട്ടും തരൂര്‍ ബി.ജെ.പിയെയും മോദിയെയും വിമര്‍ശിക്കുന്നതില്‍ നിന്നു പിന്തിരിഞ്ഞിരുന്നില്ല.
അത്തരമൊരു നേതാവാണ് ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. മോദി നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും വിമര്‍ശിക്കുന്നതു ശരിയല്ലെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. മോദി ഭരണത്തെ അന്ധമായി എതിര്‍ക്കുന്നതു ഗുണം ചെയ്യില്ലെന്നും മോദിയുടെ ഭരണമാതൃക മോശമല്ലെന്നും പാചകവാതക വിതരണപദ്ധതിയായ ഉജ്വല മോദി ഉജ്വലമായി നടപ്പാക്കിയെന്നുമുള്ള ജയറാം രമേശിന്റെ ട്വീറ്റിനോടു പ്രതികരിച്ചതാണു തരൂര്‍. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അംഗീകരിച്ചാലേ തെറ്റു ചെയ്യുമ്പോള്‍ പ്രതിപക്ഷം നടത്തുന്ന വിമര്‍ശനങ്ങള്‍ക്കു വിശ്വാസ്യതയുണ്ടാകൂവെന്നും ഈ നിലപാടു താന്‍ ആറു വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.
ഇതാണിപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കത്തിക്കൊണ്ടിരിക്കുന്നത്. ശശി തരൂരിനു മറുപടിയുമായി കേരളത്തിലെ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റുമുള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തി. കെ. മുരളീധരന്‍ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മോദീ സ്തുതി നടത്തുന്നവര്‍ ബി.ജെ.പിയിലേയ്ക്കു പോകുന്നതാണു നല്ലതെന്നുവരെ പറഞ്ഞു. തരൂര്‍ മുരളീധരന്റെയും പിതാവിന്റെയും പാര്‍ട്ടിയില്‍ നിന്നുള്ള വിട്ടുപോകലിനെയും അക്കാലത്തു കോണ്‍ഗ്രസിനെതിരേ നടത്തിയ രൂക്ഷമായ അധിക്ഷേപങ്ങളെയും കുറ്റപ്പെടുത്തി.തരൂരിന്റെ പ്രതികരണത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ കോണ്‍ഗ്രസില്‍ അനുദിനം കൊഴുക്കുകയാണ്. അതിനിടയില്‍, പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പു പടിവാതില്‍ക്കലെത്തിയത് ഈ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധിക്കുന്നില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലാ നിയമസഭാ പരിധിയില്‍ നിന്നു കോണ്‍ഗ്രസിനു മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നുവെന്നതു സത്യമാണ്. അതിനു കാരണം കേരളത്തിലെ ജനാധിപത്യ, മതേതര, ന്യൂനപക്ഷ മനസ്സുകളിലെ മോദീ ഭീതിയും ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ കാണിച്ച വിവരക്കേടും രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യവും കെ.എം മാണിയുടെ വിയോഗവുമെല്ലാം ചേര്‍ന്നു സൃഷ്ടിച്ച അനുകൂല തരംഗമായിരുന്നു.എന്നാല്‍, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതായിരുന്നില്ല സ്ഥിതി. അയ്യായിരത്തില്‍ താഴെ വോട്ടിനാണ് അന്നു സാക്ഷാല്‍ കെ.എം മാണി അവിടെ നിന്നു ജയിച്ചത്. ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കൈയും മെയ്യും മറന്ന് ആഞ്ഞുപിടിച്ചാലേ രക്ഷപ്പെടൂവെന്നര്‍ഥം. പക്ഷേ, ഒത്തുപിടിക്കുന്നതിനു പകരം പാര്‍ട്ടിയുടെ നേതാവാരെന്നതിനെയും പാലായിലെ സ്ഥാനാര്‍ഥിത്വത്തെയും മറ്റും ചൊല്ലി പരസ്പരം കൊങ്ങയ്ക്കു പിടിച്ചുകൊണ്ടിരിക്കുകയാണു കേരള കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളും. ഇത്തരമൊരവസ്ഥയില്‍, തെരഞ്ഞെടുപ്പില്‍ കാലുവാരലുണ്ടായാല്‍ ആറു പതിറ്റാണ്ടായി കേരളകോണ്‍ഗ്രസിന്റെ സ്വന്തമായ പാലാ നഷ്ടപ്പെടും.
കേരളകോണ്‍ഗ്രസിലെ ഈ പടലപിണക്കം പരമാവധി മുതലെടുക്കാന്‍ മറുപുറത്ത് എല്‍.ഡി.എഫും എന്‍.ഡി.എയും സര്‍വസജ്ജരായുണ്ട്. ഈ ഘട്ടത്തില്‍ കേരളകോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളെയും ഒരുമിച്ചുനിര്‍ത്തി സമവായമുണ്ടാക്കുകയും പാലായില്‍ വിജയം ആവര്‍ത്തിപ്പിക്കുകയും ചെയ്യുകയെന്നത് മുന്നണിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ കര്‍ത്തവ്യമാണ്. എന്നാല്‍, ഈ സന്ദര്‍ഭത്തിലാണ് മോദീ സ്തുതിയുടെ പേരില്‍ കോണ്‍ഗ്രസുകാര്‍ പരസ്യമായി തമ്മില്‍ത്തല്ലുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ സംഭവിച്ച പോലെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒന്നൊന്നായി ബി.ജെ.പിയിലേയ്ക്കു വരുമെന്ന ശ്രീധരന്‍പിള്ളയുടെ വിളിച്ചുപറയലുകള്‍ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും പോലും മുഖവിലയ്‌ക്കെടുത്തിട്ടില്ല. എന്നാല്‍, അങ്ങനെ സംഭവിച്ചേയ്ക്കാമെന്ന് അവര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു തന്നെയും സംശയം തോന്നുംമട്ടിലാണു കോണ്‍ഗ്രസുകാരെ ബി.ജെ.പിയിലേയ്ക്കു തള്ളിവിടുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതു കോണ്‍ഗ്രസിനും യു.ഡി.എഫിനും ഗുണം ചെയ്യില്ല.
പാലാ ഉപതെരഞ്ഞെടുപ്പിന്റെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തൊട്ടുപിന്നാലെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പും അതിനൊപ്പമോ പിന്നാലെയോ കോന്നി, അരൂര്‍, എറണാകുളം, വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുകളും നടക്കാന്‍ പോവുകയാണ്. കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേയ്ക്കു പോകാന്‍ കാലുയര്‍ത്തി നില്‍ക്കുന്നവരാണെന്ന പ്രചാരണമായിരിക്കും കോണ്‍ഗ്രസുകാരുടെ ചെലവില്‍ ഈ മണ്ഡലങ്ങളിലെല്ലാം എല്‍.ഡി.എഫും ബി.ജെ.പിയും നടത്തുകയെന്നതില്‍ സംശയമില്ല. വട്ടിയൂര്‍ക്കാവിലേയ്ക്കു തരൂരിനെപ്പോലൊരു മോദി സ്തുതിപാഠകന്‍ വരേണ്ടതില്ലെന്ന പ്രഖ്യാപനം പോലുള്ളവ ഗുണം ചെയ്യുക ആര്‍ക്കാണെന്നു വ്യക്തം.ജ്യോതിരാദിത്യ സിന്ധ്യ, ജയറാം രമേശ്, അഭിഷേക് മനു സിങ്‌വി തുടങ്ങി ശശി തരൂര്‍ വരെയുള്ളവര്‍ മോദീവിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിനു വിരുദ്ധമായി പ്രതികരിച്ചിട്ടും സോണിയാഗാന്ധിയോ രാഹുല്‍ ഗാന്ധിയോ പ്രിയങ്കയോ ഇത്തരത്തില്‍ കുപിതരായി പ്രതികരിച്ചില്ലെന്ന് ഓര്‍ക്കണം. വഴിവിട്ട പ്രതികരണങ്ങളെ അവഗണിച്ചതു മൂലം അതു കോണ്‍ഗ്രസിനെ അപഹസിക്കുന്ന ചര്‍ച്ചയായി മാറിയില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടുപഠിക്കേണ്ടത് അതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."