ജേക്കബ് തോമസ് ശൈലിയില്‍ അന്വേഷണം വേണ്ടെന്ന് നിര്‍ദേശം
തിരുവനന്തപുരം: വിജിലന്‍സില്‍ ജേക്കബ് തോമസിന്റെ ശൈലിയിലുള്ള അന്വേഷണം വേണ്ടെന്ന് ഡയരക്ടര്‍ ലോക്‌നാഥ് ബെഹ്‌റ. കഴിഞ്ഞ ദിവസം വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്.
വമ്പന്മാരുടെ കേസുകള്‍ക്കുപിന്നാലെ പോകേണ്ടെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകളിലെ കൈക്കൂലി കണ്ടെത്തുന്നതിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. ഫിനോഫ്തലിന്‍ പൗഡര്‍ ഉപയോഗിച്ച് കൈക്കൂലിവാങ്ങല്‍ പിടികൂടുന്നത് സര്‍ക്കാര്‍ ഓഫിസുകളിലെ അഴിമതി കുറയ്ക്കാന്‍ സഹായകരമാകും. ഇത്തരം കേസുകളില്‍ വിജിലന്‍സ് ഇടപെടുന്നെന്ന തോന്നലുണ്ടായാല്‍ സാധാരണക്കാര്‍ വിജിലന്‍സിനെ സമീപിക്കും. വലിയ കേസുകള്‍ മാത്രമേ വിജിലന്‍സ് അന്വേഷിക്കുകയുള്ളൂവെന്ന ചിന്തയാണ് ജനങ്ങള്‍ക്കുള്ളത്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടെത്തുകയല്ല വിജിലന്‍സിന്റെ ജോലി. എല്ലാത്തരം അഴിമതിയും കണ്ടെത്തണം. 100 രൂപ വാങ്ങിയാലും 1,000 വാങ്ങിയാലും കൈക്കൂലിയാണ്. നിലവിലുള്ള കേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അന്വേഷണത്തിന്റെ പുകമറയില്‍ ഏറെക്കാലം ആരോപണവിധേയരെ തളച്ചിടരുത്. അന്വേഷണം നീളുന്നത് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റമടക്കമുള്ളവയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ബെഹ്‌റ ഉദ്യോഗസ്ഥരോട് പറഞ്ഞു.
എന്നാല്‍, ഇ.പി.ജയരാജന്‍ പ്രതിയായ ബന്ധു നിയമനക്കേസ്, ഉമ്മന്‍ചാണ്ടി പ്രതിയായ പാറ്റൂര്‍ കേസ്, ബാര്‍കോഴ കേസ് എന്നിവ യോഗത്തില്‍ പരാമര്‍ശിച്ചില്ല. ഇത്തരം കേസുകള്‍ എസ്.പിമാര്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്നീടാവാമെന്നായിരുന്നു ബെഹ്‌റയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."