പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: ബ്രിട്ടന്‍ വിധിയെഴുതി
ലണ്ടന്‍: ഒരു വര്‍ഷത്തെ കലങ്ങിമറിഞ്ഞ രാഷ്ട്രീയ കാലാവസ്ഥയ്‌ക്കൊടുവില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് ജനത വിധിയെഴുതി. യൂറോപ്യന്‍ യൂനിയന്‍ വിടുന്നതുമായി ബന്ധപ്പെട്ടു നടന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതി ഒരു വര്‍ഷം പൂര്‍ത്തീകരിക്കാനിരിക്കെയാണ് വീണ്ടും ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
പാര്‍ലമെന്റിന്റെ അധോസഭയിലും പ്രജാസഭയിലുമായി 650 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇംഗ്ലണ്ട്, വെയില്‍സ്,സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി ആകെ 3,300 പേര്‍ ജനവിധി തേടി. തെരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 6.30ഓടെ പുറത്തുവരും.
ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിക്കാനായി കാലാവധി തീരും മുന്‍പ് തന്നെ പ്രധാനമന്ത്രി തെരേസാ മേ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. നാല് കോടി ജനങ്ങളാണ് ഇത്തവണ സമ്മതിദാനവകാശമുണ്ടായിരുന്നത്. 2015ലെ പൊതുതെരഞ്ഞെടുപ്പിനും 2014ലെ സ്‌കോട്ടിഷ് ജനഹിതത്തിനും 2016ലെ ബ്രെക്‌സിറ്റ് വോട്ടെടുപ്പിനും പിറകെ മൂന്നു വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ബ്രിട്ടീഷ് ജനത പോളിങ് കേന്ദ്രങ്ങളിലെത്തിയത്.
പ്രജാസഭയിലെ ആകെ 326 സീറ്റുകളില്‍ ഭൂരിപക്ഷം നേടുന്ന പാര്‍ട്ടിയുടെ നേതാവായിരിക്കും ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകുക. നിലവിലെ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പ്രതിനിധിയുമായ തെരേസാ മേയും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും തമ്മിലാണ് പ്രധാന പോരാട്ടം. തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ ആദ്യഘട്ടത്തില്‍ തൂക്കുസഭക്ക് സാധ്യത കല്‍പിച്ചിരുന്നെങ്കിലും അന്തിമ സര്‍വേകള്‍ മേക്ക് നേരിയ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്.
നിലവില്‍ 12 അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമാണ് മേക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിലുള്ളത്. ഭര്‍ത്താവ് ഫിലിപ്പിനോടൊപ്പം ഇംഗ്ലണ്ടിലെ മെയ്ഡന്‍ഹെഡിലെ പോളിങ് കേന്ദ്രത്തിലെത്തിയാണ് തെരേസാ മേ വോട്ട് ചെയ്തത്. ജെറമി കോര്‍ബിന്‍ ഇസ്‌ലിങ്ടണിലെ പേക്മാന്‍ പ്രൈമറി സ്‌കൂളിലെ പോളിങ് കേന്ദ്രത്തിലും ലിബറല്‍ ഡെമോക്രാറ്റ്‌സ് നേതാവ് ടിം ഫാരണ്‍ കംബ്രിയയിലെ സ്റ്റോണ്‍ക്രോസ് മാനര്‍ ഹോട്ടലിലുമെത്തി വോട്ട് രേഖപ്പെടുത്തി. ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍, ആരോഗ്യ സാമൂഹിക സുരക്ഷാ പദ്ധതി, ഭീകരവാദം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ആഭ്യന്തര വിഷയങ്ങള്‍ എന്നിവയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. മുസ്‌ലിം-കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്ക് പേരു കേട്ടയാളാണ് തേരേസാ മേ. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് അവര്‍ക്ക് മുന്നിലുള്ള പ്രധാന കടമ്പ. മധ്യ ഇടതുപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ജെറമി കോര്‍ബിന്‍ ആണവ നിരായുധീകരണം, ഫലസ്തീന്‍ ഐക്യദാര്‍ഢ്യം, മൃഗാവകാശം, സ്വവര്‍ഗാനുരാഗികളുടെ അവകാശം, സ്വതന്ത്ര അയര്‍ലന്‍ഡ് തുടങ്ങിയ നിലപാടുകളുടെ പേരില്‍ പ്രസിദ്ധനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."