നായപ്പേടിയില്‍ ബദിയഡുക്ക
ബദിയഡുക്ക: ടൗണിലും പരിസരങ്ങളിലും അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കള്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി മാറുന്നു. ബദിയഡുക്ക ,നീര്‍ച്ചാല്‍, സീതാംഗോളി, പെര്‍ള ടൗണിലും പരിസരങ്ങളിലുമാണ് കൂട്ടംകൂട്ടമായി തെരുവ് നായകള്‍ അലഞ്ഞുതിരയുന്നത്.
തലങ്ങും വിലങ്ങും ഓടുന്ന നായ്ക്കള്‍ പലപ്പോഴും വാഹന അപകടങ്ങള്‍ക്ക് കാരണമാകുന്നു. മാത്രവുമല്ല ഇവ കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാണ്. മുന്‍ വര്‍ഷങ്ങളില്‍ പഞ്ചായത്ത് മുഖേന അലഞ്ഞു തിരയുന്ന നായകളെ പിടികൂടാന്‍ നടപടിയുണ്ടായിരുന്നുവെങ്കിലും നിലവില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കത്തതാണ് നായ്ക്കള്‍ പെരുകാന്‍ കാരണമെന്നാണ് പരാതി. തെരുവ് നായ്ക്കള്‍ക്ക് വന്ധീകരണം നടപ്പിലാക്കണമെന്ന മൃഗസംരക്ഷണ വകുപ്പിന്റെ തിരുമാനവും കാര്യക്ഷമമായി നടപ്പിലാകുന്നില്ല. പാതയോരങ്ങളില്‍ തള്ളുന്ന അറവ് മാലിന്യങ്ങള്‍ തിന്ന് കൊഴുക്കുന്ന നായ്ക്കള്‍ ചിലപോള്‍ വളര്‍ത്ത് മൃഗങ്ങളെയും കൊന്നൊടുക്കുന്നത് അടുത്ത കാലത്ത് നിത്യ സംഭവമായി മാറിയിരിക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് നീര്‍ച്ചാലിന് സമീപം ചിമ്മിനടുക്കയിലെ ഇബ്രാഹിം എന്നയാളുടെ വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന രണ്ട് ആടുകളെയും കോഴികളെയും നായകൂട്ടം കടിച്ച് കൊന്നിരുന്നു.
റോഡില്‍ അലഞ്ഞു തിരിയുകയായിരുന്ന നായ പേടിയില്‍ സ്‌കൂളിലേക്ക് പോകുവാന്‍ വിദ്യാര്‍ഥികള്‍ മടിക്കുമ്പോള്‍ പറഞ്ഞു വിടാന്‍ രക്ഷിതാക്കളും തയ്യാറാകുന്നില്ല. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായിട്ടുള്ള തെരുവ് നായകളെ തുരത്താന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."