ജില്ലാ സ്‌കൂള്‍ കായികമേള: ചിറ്റാരിക്കല്‍ കുതിക്കുന്നു
കാസര്‍കോട്: ഗവണ്‍മെന്റ് കോളജില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ കായികമേളയില്‍ ആദ്യദിനം 52 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 78 പോയിന്റുമായി ചിറ്റാരിക്കല്‍ ഉപജില്ല ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. 77 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ല തൊട്ട് പിന്നിലുണ്ട്. 64 പോയിന്റുമായി ഹോസ്ദുര്‍ഗ് ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.
ഒന്നാം സ്ഥാനത്തുള്ള ചിറ്റാരിക്കല്‍ ഉപജില്ല ഒന്‍പത് സ്വര്‍ണവും എട്ട് വെള്ളിയും ഒന്‍പത് വെങ്കലവും നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ചെറുവത്തൂര്‍ ഉപജില്ലയ്ക്ക് 10 സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവും ലഭിച്ചു, മൂന്നാം സ്ഥാനത്തുള്ള ഹോസ്ദുര്‍ഗ് ഉപജില്ലയ്ക്ക് ഏഴ് സ്വര്‍ണ്ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവും ലഭിച്ചിട്ടുണ്ട്.
സ്‌കൂള്‍ വിഭാഗത്തില്‍ ചെറുവത്തൂര്‍ ഉപജില്ലയിലെ ചീമേനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 41 പോയിന്റുമായി ഒന്നാം സഥാനത്തുണ്ട്. ചിറ്റാരിക്കല്‍ ഉപജില്ലയിലെ മാലോത്ത് കസബ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 35 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 24 പോയിന്റുമായി ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ബേത്തൂര്‍പാറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മൂന്നാം സ്ഥാനത്തുമുണ്ട്. പ്രളയത്തിന്റെ പശ്ചാതലത്തില്‍ തീര്‍ത്തും ലളിതമായി നടക്കുന്ന കാസര്‍കോട് ജില്ലാ സ്‌കൂള്‍ കായികമേള ഇന്ന് വൈകുന്നേരം സമാപിക്കും.
കല്ലും മുള്ളും നിറഞ്ഞ ട്രാക്കിലൂടെ ഓടണം...
കാസര്‍കോട്: ജില്ലാ സ്‌കൂള്‍ കായികമേള നടക്കുന്ന ഗവണ്‍മെന്റ് കോളജ് ഗ്രൗണ്ടിന്റെ അവസ്ഥ തീര്‍ത്തും പരിതാപകരം. ഉയര്‍ന്ന് നില്‍ക്കുന്ന കല്ലുകള്‍ നിമിത്തം സ്‌പൈക്ക് ഇട്ട് പോലും ഓടാന്‍ പറ്റാത്ത ഗ്രൗണ്ടില്‍ കൂടിയാണ് കുട്ടികള്‍ വെറും കാലുമായി ഓടിയത്. ഒരുഭാഗത്ത് ഗ്രൗണ്ടില്‍ നിറയെ മുള്ളുകളുള്ള ചെടികളാണ്. ഇവ കാറ്റില്‍ പാറി ട്രാക്കിലും ഫീല്‍ഡിലും വീണത് കായികതാരങ്ങളെ വിഷമിപ്പിച്ചു.
തീര്‍ത്തും ദുഷ്‌ക്കരമായ ഗ്രൗണ്ടില്‍ പലരും ട്രാക്കിനങ്ങളില്‍ കല്ലില്‍ തട്ടി വീണു. ചെറിയ രീതിയിലുള്ള വൃത്തിയാക്കലെങ്കിലും നടത്തിയിരുന്നുവെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. ട്രാക്കിനങ്ങളില്‍ പങ്കെടുത്ത കായികതാരങ്ങളെല്ലാം ഗ്രൗണ്ടിന്റെ മോശം അവസ്ഥയെ കുറിച്ച് കുറ്റം പറഞ്ഞാണ് ഗ്രൗണ്ട് വിട്ടത്. ലോങ് ജംപ് പിറ്റില്‍ പോലും ആവശ്യത്തിന് മണ്ണ് ഇടാതെയാണ് മത്സരങ്ങള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."