മഹാരാഷ്ട്രയിലും കാര്‍ഷിക പ്രതിസന്ധി; വായ്പ തിരിച്ചടക്കാനാകാതെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
പൂനെ: മഹാരാഷ്ട്രയിലും കര്‍ഷക പ്രതിഷേധം നിലനില്‍ക്കുന്നതിനിടയില്‍ സോലാപൂര്‍ ജില്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് എത്തി കര്‍ഷകരുടെ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുന്നതുവരെ തന്റെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.
വീറ്റ് ഗ്രാമത്തിലെ ധാനാജി ചന്ദ്രകാന്ത് ജാദവ്(45) ആണ് ആത്മഹത്യ ചെയ്തതെന്ന് സോലാപൂര്‍ ജില്ലാ കലക്ടര്‍ രാജേന്ദ്ര ഭോസലെ അറിയിച്ചു.
തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി എഴുതിയ ആത്മഹത്യാ കുറിപ്പില്‍, താന്‍ മരിക്കുകയാണെന്നും മുഖ്യമന്ത്രി എത്തുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്നും പറയുന്നു. പ്രശ്‌നം പരിഹരിക്കുമെന്നും കര്‍ഷകരുടെ വായ്പ എഴുതി തള്ളാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
സോലാപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി വിജയ് ദേശ്മുഖ്, പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നുണ്ട്. കര്‍ഷക പ്രതിഷേധം അതിരുവിടാതിരിക്കാന്‍ സോലാപൂര്‍ ജില്ലയില്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.
ഭാര്യയും രണ്ട് കുട്ടികളുമുള്ള ധാനാജിക്ക് കൃഷിയോഗ്യമായ 2.5 ഏക്കര്‍ സ്ഥലമുണ്ട്. 60,000 രൂപ ബാങ്ക് ലോണിനുപുറമെ സ്വകാര്യ പണമിടപാടുകാരില്‍ നിന്നെടുത്ത വായ്പ അടക്കം ആറു ലക്ഷം രൂപയുടെ കടമുണ്ട്. ഇത് തിരിച്ചടക്കാനാകാത്ത സ്ഥിതിയിലാണെന്ന് പൊലിസ് പറഞ്ഞു.
കര്‍ഷകന്റെ മൃതദേഹവും വഹിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സര്‍ക്കാരിന്റെ വീഴ്ചയാണ് കര്‍ഷക ആത്മഹത്യക്ക് കാരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയും ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിനെതുടര്‍ന്നാണ് പിന്നീട് മൃതദേഹം സംസ്‌കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."