വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നു; സ്‌കൂളുകള്‍ മൂടിവയ്ക്കരുത്: ബാലവകാശകമിഷന്‍
കണ്ണൂര്‍: ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാവുന്നതായി ബാലാവകാശ കമിഷന്‍ ചെയര്‍മാന്‍ അഡ്വ. പി സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന യോഗം വിലയിരുത്തി. കുട്ടികളെ മയക്കുമരുന്നുകളുടെ കെണിയില്‍പ്പെടുത്താന്‍ വിദ്യാലയങ്ങള്‍ക്കു പുറത്തുനിന്നുള്ള ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ കെണിയിലകപ്പെടുന്ന വിദ്യാര്‍ഥികള്‍ തലയൂരാനാവാത്ത വിധം മയക്കുമരുന്നിന് അടിമപ്പെടുന്ന അവസ്ഥയാണെന്നും യോഗത്തില്‍ സംസാരിച്ച വിവിധ വകുപ്പുദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകളിലും മറ്റുമായി മയക്കുമരുന്നുകള്‍ ജില്ലയിലെത്തുന്നത്.
പിടിക്കപ്പെടാതിരിക്കാന്‍ ചെറിയ അളവില്‍ പല ആളുകളുടെ കൈവശമായാണ് ഇവ എത്തിക്കുന്നത്.
പ്ലസ് വണ്‍ തലം മുതലുള്ള വിദ്യാര്‍ഥികള്‍ ഈ റാക്കറ്റുകളുടെ ഇരകളാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചില ആശുപത്രികളില്‍ നിന്ന് ഒ.പി ടിക്കറ്റുകള്‍ വാങ്ങിയ ശേഷം ഡോക്ടറെ കാണാതെ മയക്കുമരുന്നായി ഉപയോഗിക്കുന്ന മരുന്നുകള്‍ സ്വന്തമായി എഴുതിച്ചേര്‍ത്ത് വാങ്ങുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ആശുപത്രികളും ഫാര്‍മസികളും ജാഗ്രത പാലിക്കണം.
വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്നുപയോഗം തടയാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സംയോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. വിദ്യാലയങ്ങളിലെ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ ശക്തിപ്പെടുത്തണം.
അധ്യാപകര്‍, രക്ഷാകര്‍തൃ സമിതികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ഇതിനാവശ്യമാണ്. ചില സ്‌കൂളുകള്‍ തങ്ങളുടെ പേര് ചീത്തയാവരുതെന്ന് കരുതി ഇത്തരം കേസുകള്‍ മൂടിവയ്ക്കുകയാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മയക്കുമരുന്നിന്റെ കെണിയിലകപ്പെട്ട കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് അവര്‍ക്ക് വിദഗ്ധ കൗണ്‍സലിങ് നല്‍കാന്‍ സംവിധാനമൊരുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
മികച്ച വിദ്യാലയങ്ങളെന്ന് അവകാശപ്പെടുന്ന പല സ്‌കൂളുകളിലും അച്ചടക്കത്തിന്റെ പേരില്‍ അനാവശ്യമായ ഭീതി നിലനില്‍ക്കുന്ന സാഹചര്യമുണ്ട്
. പഠനത്തിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിനു പകരം അത് ആസ്വാദ്യകരമാക്കാനുള്ള സംവിധാനങ്ങളൊരുക്കുകയാണ് വേണ്ടതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.എ മാത്യു, എം.പി അബ്ദുറഹിമാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."