കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലരുത്
കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ ലക്ഷ്യമിട്ട് പുതിയ മദ്യനയം പ്രഖ്യാപിച്ചു. മദ്യവര്‍ജനമാണ് നിലപാടെന്ന എല്‍.ഡി.എഫ് നിര്‍ദേശം അംഗീകരിച്ചാണ് ത്രീ സ്റ്റാറിനും അതിനുമുകളിലുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നാടൊട്ടുക്ക് മദ്യമൊഴുക്കി, മദ്യപാനികള്‍ക്കായി കൂടുതല്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുറക്കുമെന്നാണ് സര്‍ക്കാരിന്റെ വിചിത്രവാദം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മദ്യനിരോധനവുമായി ബന്ധപ്പെട്ട് എടുത്ത ശരിയായ തീരുമാനങ്ങള്‍ കീഴ്‌മേല്‍മറിക്കുകയാണ് ഇടതുസര്‍ക്കാര്‍.
കേരളത്തിലെ ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിക്കുന്നത് 2014ലാണ്. ഇത് ഫലത്തില്‍ ടു, ത്രീ, ഫോര്‍ സ്റ്റാര്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ അടക്കുന്ന സാഹചര്യമുണ്ടാക്കി. ഇതിനെ അക്ഷരാര്‍ഥത്തില്‍ തകിടംമറിക്കുന്ന നിലപാടാണ് ഇന്നലത്തെ പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ സ്വീകരിച്ചത്. മദ്യത്തിനുള്ള നിയന്ത്രണങ്ങള്‍ സമ്പൂര്‍ണമായി എടുത്തുകളയുന്നതിനു സമാനമാണിത്. 2014 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 730 ബാറുകളാണ് ഉണ്ടായിരുന്നത്. സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച് 2014 മാര്‍ച്ച് 31ന് പൂട്ടിയത് 418 ബാറുകളാണ്. നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരേ നടപടി വേണമെന്ന സുപ്രിംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു ഇത്. തുടര്‍ന്ന് 2014 ഒക്ടോബര്‍ 30ന് ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ പദവിയുള്ള 250 ബാറുകളും പൂട്ടി. അതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 62 ആയി. പലവട്ടം കോടതി കയറിയിറങ്ങിയ അബ്കാരി മുതലാളിമാരില്‍ ചിലര്‍ക്ക് അനുകൂല വിധി ലഭിച്ചതിനെ തുടര്‍ന്ന് കുറേ ബാറുകള്‍ തുറന്നു. പിന്നീട് വന്ന സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ സംസ്ഥാന പാതകള്‍ക്കരികിലെ കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള 1956 മദ്യശാലകള്‍ക്കാണ് താഴുവീണത്.137 ചില്ലറ മദ്യവില്‍പനശാലകളും എട്ടു ബാര്‍ ഹോട്ടലുകളും 18 ക്ലബ്ബുകളും 532 ബിയര്‍വൈന്‍ പാര്‍ലറുകളും 1092 കള്ളുഷാപ്പുകളുമാണ് സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് പൂട്ടിയത്.ഇവ മറികടക്കാനുള്ള സാഹചര്യമാണ് പുതിയ മദ്യനയം വഴി മദ്യമുതലാളിമാര്‍ക്കു കൈവന്നിരിക്കുന്നത് . സുപ്രിംകോടതി വിധിയെത്തുടര്‍ന്നു പൂട്ടിപ്പോയ ബാറുടമകള്‍ക്ക് 500 മീറ്റര്‍ അകലെ വൃത്തിയുള്ള റൂമുണ്ടെങ്കില്‍ മദ്യം വിളമ്പാന്‍ ഇനി ഒരു തടസവുമില്ല. ഇക്കാര്യമാണു മദ്യനയത്തില്‍ എടുത്തുപറയുന്നത്. ഇതോടെ പാതയോരത്തു നിന്നു 500 മീറ്റര്‍ മാറി മുറികളെടുത്ത് ബിയര്‍, വൈന്‍ വിളമ്പാനുള്ള അവസരം ഒരുങ്ങും. ചുരുക്കത്തില്‍ മദ്യലഭ്യത കേരളത്തില്‍ എമ്പാടുമുണ്ടാകുമെന്ന കാര്യം ഉറപ്പ്. പൂട്ടിപ്പോയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് തുറക്കാന്‍ ഒത്താശ ചെയ്ത സര്‍ക്കാര്‍ നിലപാട് ഇക്കഴിഞ്ഞ ദിവസം കോടതിയുടെ രൂക്ഷവിമര്‍ശനത്തിനു വഴിവച്ചിരുന്നു. കേരളത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വിപണനം നടത്തിയിരുന്ന ചാരായത്തിന് 1996 ഏപ്രില്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി നിരോധനം ഏര്‍പ്പെടുത്തി. മാത്രമല്ല, ബിവറേജസ് കോര്‍പറേഷനുകള്‍ വഴി വിറ്റഴിക്കുന്ന വിദേശമദ്യത്തിന്റെ നികുതിനിരക്ക് 200 ശതമാനമാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. മദ്യനിരോധനത്തിന്റെ ആദ്യഘട്ടം എന്ന നിലയിലായിരുന്നു ഈ നടപടി. മദ്യമുതലാളിമാരുടെ ഒത്താശയോടെ ഇതിനെ പിന്നീട് അട്ടിമറിക്കുകയായിരുന്നു. കൊല്ലം വ്യാജമദ്യ ദുരന്തവും വൈപ്പിന്‍ ദുരന്തവും ഇതിന്റെ ഭാഗമായിരുന്നു. 418 ബാറുകള്‍ പൂട്ടിയശേഷം മദ്യ ഉപഭോഗം കുറഞ്ഞെന്ന് ബിവറേജസ് കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ്. അതെല്ലാം മറച്ചുവച്ചാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍, പിണറായി വിജയന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് മദ്യഉപഭോഗം കൂടിയെന്നു പറഞ്ഞത്. മദ്യവര്‍ജനമാണ് നയമെന്നു പറയുമ്പോള്‍ തന്നെ മദ്യം പരന്നൊഴുക്കുന്ന ഇരട്ടത്താപ്പാണ് സര്‍ക്കാരിന്റേത്. വിഭവസമൃദ്ധമായ സദ്യയൊരുക്കി തീന്‍മേശയില്‍ എത്തിച്ച ശേഷം കഴിക്കാനിരിക്കുന്നവനോട് അരുത്, കഴിക്കരുത് എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നു ചിന്തിക്കാന്‍ മഹാബുദ്ധിയൊന്നും ആവശ്യമില്ല. ലഹരിയുടെ പിടിയിലകപ്പെട്ടവരുടെ സാമൂഹിക-കുടുംബജീവിതം പാടേ താളംതെറ്റുന്നതു കണ്‍മുന്‍പില്‍ കാണുമ്പോഴും ഇതിനോടെല്ലാം മുഖംതിരിക്കുകയാണ് സര്‍ക്കാര്‍. രാഷ്ട്രത്തിന്റെ നല്ല ഭാവിക്ക് നല്ല പൗരന്മാര്‍ അത്യന്താപേക്ഷിതമാണ്. സര്‍ക്കാര്‍ വില നല്‍കേണ്ടത് പൗരന്മാരുടെ ആരോഗ്യത്തിനും സ്വസ്ഥതയുള്ള ജീവിതത്തിനുമാണ്. മദ്യശാലകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന നീണ്ട ക്യൂ കേരളത്തിന് അപമാനമാണ്. വ്യക്തിപരമായും സാമൂഹികപരമായും താന്‍ നിര്‍വഹിക്കേണ്ട ബാധ്യതകളെക്കുറിച്ച് അവബോധമില്ലാത്ത ഒരു പൗരസമൂഹം രാഷ്ട്രത്തിനു ഭാരം തന്നെയാണ്. മദ്യം യഥേഷ്ടം ലഭ്യമാക്കുകവഴി സമൂഹത്തെ അനാരോഗ്യത്തിലേക്കു തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ശരാശരി മലയാളിയുടെ മദ്യാസക്തി മുതലെടുക്കുകയാണ് സര്‍ക്കാര്‍. വില്‍പന കുറക്കാനെന്ന പേരില്‍ മദ്യനികുതി കുത്തനെ കൂട്ടിയ സര്‍ക്കാരിന്റെ വലിയ വരുമാനം ഇന്ന് മദ്യവില്‍പനയായിരിക്കുന്നു. ലക്ഷോപലക്ഷം കുടുംബങ്ങളുടെ കണ്ണീരാണ് ഈ തുകയോടൊപ്പം സര്‍ക്കാര്‍ ഊറ്റിയെടുക്കുന്നത്. സര്‍ക്കാരിനുണ്ടാകുന്ന പ്രത്യക്ഷ ലാഭത്തിനുപരി ഇതുണ്ടാക്കുന്ന നഷ്ടങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതാണ്. റോഡപകടങ്ങള്‍ 40 ശതമാനവും മദ്യം കാരണമാണ്. നിരന്തര ബോധവല്‍കരണവും ലഭ്യത കുറച്ചു വ്യാപനം തടയലുമാണ് ഒന്നാമതായി നാം ചെയ്യേണ്ടത്. പിന്നെ ചികിത്സയും കൗണ്‍സലിങുമായി മദ്യാസക്തരെ നല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും വേണം. എങ്കില്‍ മാത്രമേ നല്ലൊരു നാളെയെക്കുറിച്ച് സ്വപ്നം കാണാന്‍ നമുക്ക് കഴിയുകയുള്ളൂ. ഇതിന് ആര് തന്റേടം കാണിക്കുമെന്നതാണ് പരിഹാരമില്ലാത്ത പ്രശ്‌നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."