ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളോട് കേന്ദ്രത്തിന് ചിറ്റമ്മ നയം: രാഹുല്‍ ഗാന്ധി
പൊഴുതന(വയനാട്): പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണം നടത്തുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്ന് രാഹുല്‍ഗാന്ധി എം.പി. പൊഴുതന ആറാംമൈലില്‍ പ്രളയം ദുരിതം വിതച്ച കുടുംബങ്ങളെ നേരില്‍ക്കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തത്തില്‍ വയനാടിന് വലിയ നഷ്ടമാണ് നേരിട്ടത്. നഷ്ടം മറികടക്കണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായം വയനാടിന് ലഭ്യമാക്കിയേ മതിയാകൂ. ദുരന്തത്തെ വയനാടന്‍ ജനത ഒറ്റക്കെട്ടായാണ് നേരിടുന്നത്.
രാവിലെ പത്തരയോടെയായിരുന്നു അദ്ദേഹം ഉരുള്‍പൊട്ടലുണ്ടായ കുറിച്യര്‍മലയടക്കമുള്ള പ്രദേശങ്ങളിലെ ദുരിതബാധിതരെ കാണാന്‍ പൊഴുതന ആറാംമൈലില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലെത്തിയത്. പൊതുജനങ്ങളില്‍ നിന്നുള്ള പരാതികളാണ് അദ്ദേഹം ആദ്യം കേട്ടത്. ജനങ്ങളുടെ പുനരധിവാസവും നഷ്ടപരിഹാരവുമടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകളുണ്ടാകുന്നതിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിലെ വന്യമൃഗശല്യം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാവരോടുമൊത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."