റോബോട്ടിക് രീതിയിലുള്ള വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൊച്ചിയിലും
കൊച്ചി: പുതിയ ശസ്ത്രകിയാരീതിയിലൂടെ ആസ്റ്റര്‍ മെഡ് സിറ്റിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ലോകത്തില്‍ത്തന്നെ മറ്റു രണ്ടു സ്ഥാപനങ്ങളില്‍ മാത്രമാണ് ഈ രീതിയില്‍ വൃക്ക മാറ്റിവച്ചിട്ടുള്ളത്. ഗുരുതരമായ വൃക്കരോഗം ബാധിച്ച 30 വയസ്സുള്ള യുവതിയില്‍ മുഴുവനായി റോബോട്ടിക് രീതി ഉപയോഗിച്ചാണ് ജൂലൈ ആദ്യവാരം വൃക്ക മാറ്റിവച്ചത്.
യോനി വഴിയാണ് വൃക്ക ഉള്ളിലേക്ക് കടത്തിയത്. ഗുജറാത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി ഡിസീസസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലും ഫ്രാന്‍സിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് രാംഗൂലിലും മാത്രമാണ് നേരത്തെ ഈ രീതിയിലൂടെ വൃക്ക മാറ്റിവച്ചത്. റോബോട്ടിക് യൂറോളജി ശസ്ത്രക്രിയയില്‍ വൈദഗ്ധ്യം നേടിയ സെന്റര്‍ ഓഫ് എക്സലന്‍സ് ഡോ. ടി.എ. കിഷോറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
വൃക്ക പ്രവൃത്തിക്കാതെ പോയാലും അവസാനഘട്ടത്തിലെത്തിയ വൃക്കരോഗത്തിനും വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് പരിഹാരമെന്ന് കിഷോര്‍ വിശദീകരിച്ചു. തുറന്നുള്ള ശസ്ത്രക്രിയയില്‍ അടിവയറിന്റെ ഭാഗത്ത് ഉണ്ടാക്കുന്ന വലിയ മുറിവിലൂടെയാണ് ദാതാവിന്റെ വൃക്ക യഥാസ്ഥാനത്ത് വയ്ക്കുന്നത്. ലാപ്രോസ്കോപ്പിക് ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയില്‍ അടിവയറില്‍ ഒരുകൂട്ടം ചെറിയ ചെറിയ മുറിവുകള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇപ്രാവശ്യം ആഗോളതലത്തില്‍ ഇന്നുവരെ രണ്ട് ആശുപത്രികളില്‍ മാത്രം ഉപയോഗിച്ച രീതിയാണ് ചെയ്തിരിക്കുന്നത്. യോനിയിലൂടെയാണ് വൃക്ക ഉള്ളിലേക്ക് കടത്തിവച്ചത്.
വൃക്ക പുറത്തേയ്ക്ക് എടുക്കുന്നതിനുള്ള നെഫ്രക്ടോമി രീതിയില്‍ ദാതാവിന്റെ വൃക്ക യോനിയിലൂടെ പുറത്തേയ്ക്ക് കൊണ്ടുവരുന്നതിന് റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയ ഗുജറാത്തിലും ഫ്രാന്‍സിലെ ആശുപത്രിയിലും മാത്രമാണ് ഇതുവരെ നടത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."