അപകടവളവും നോക്കുകുത്തിയായ സിഗ്നലും സായ് ജങ്ഷനെ അപകടമേഖലയാക്കുന്നു
ഒലവക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയും ഒലവക്കോട്-മലമ്പുഴ റോഡും സംഗമിക്കുന്ന സായ് ജഡ്ഷനില്‍ അപകടങ്ങള്‍ പതിവാകുമ്പോഴും സുരക്ഷാസംവിധാനങ്ങള്‍ കടലാസിലൊതുങ്ങുന്നു. മൂന്നു റോഡുകള്‍ സംഗമിക്കുന്നിടത്തെ അപകടവളവും പ്രവര്‍ത്തനരഹിതമായ സിഗ്നല്‍ സംവിധാനങ്ങളും വാഹനങ്ങളുടെ വേഗതാ നിയന്ത്രണത്തിന് സ്പീഡ് ബ്രേക്കുകളില്ലാത്തതുമാണ് സായ് ജങ്ഷനെ അപകടമേഖലയാക്കുന്നത്.
പാലക്കാട്-കോയമ്പത്തൂര്‍ ഭാഗങ്ങളില്‍നിന്നും കോഴിക്കോട്, ചെര്‍പ്പുളശ്ശേരി ഭാഗത്തേക്ക് ചരക്കുവാഹനങ്ങളും സ്വകാര്യ-ദീര്‍ഘദൂര ബസുകളടക്കം ആയിരക്കണക്കിനു വാഹനങ്ങളാണ് ഇതുവഴി രാപകലന്യേ കടന്നുപോകുന്നത്. ഇതിനുപുറമെ വിനോദസഞ്ചാരകേന്ദ്രമായ മലമ്പുഴയിലേക്കുള്ള റോഡ് തുടങ്ങുന്നതും സായ് ജങ്ഷനില്‍നിന്നാണ്. ജങ്ഷനില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് സിഗ്നല്‍ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ കാലങ്ങളായി പച്ചയും മഞ്ഞയും കത്തി കാലങ്ങള്‍ നീക്കുകയാണ്.
ജങ്ഷന്‍ സ്വകാര്യ ആശുപത്രി യാത്രക്കാര്‍ ഇതുപേക്ഷിച്ച മട്ടാണ്. ഇതിന് മുന്‍വശമാണ് ഓട്ടോ സ്റ്റാന്‍ഡ് നിലകൊള്ളുന്നത്. ബസുകള്‍ നിര്‍ത്തുന്നതിനായി സ്റ്റോപ്പ് പാലക്കാട് റോഡിലായി ക്രമീകരിച്ചിട്ടുണ്ടെങ്കിലും ബസുകള്‍ തോന്നുംപടി നിര്‍ത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. മലമ്പുഴയില്‍നിന്ന് വരുന്ന ബസുകള്‍ തിരിയുന്നിടത്ത് ട്രാഫിക് പൊലിസ് സ്ഥാപിച്ച ബോര്‍ഡും ലംഘിക്കുന്ന മട്ടാണ് വാഹനങ്ങള്‍. കവലയില്‍ സ്വകാര്യ ആശുപത്രിയുള്ളതിനാല്‍ രോഗികളെയുള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ വന്നുപോവുമ്പോഴും സുരക്ഷാസംവിധാനങ്ങള്‍ പേരില്‍ മാത്രമാണ്.
കോഴിക്കോട്, ചെര്‍പ്പുളശ്ശേരി ബസുകള്‍ ഒലവക്കോട്ടെത്തി ആളുകളെ കയറ്റുന്നതിനായി ശരവേഗത്തിലാണ് ഇതുവഴിപായുന്നത്. ഒലവക്കോട്, മലമ്പുഴ, പാലക്കാട് ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് കാത്തിരിപ്പുകേന്ദ്രമില്ലാത്തതിനാല്‍ കാലങ്ങളായി വെയിലും മഴയും കൊള്ളേണ്ട ഗതികേടാണ്. കവലയില്‍ സൂചനാ ബോര്‍ഡുകളില്ലാത്തതിനാല്‍ മിക്ക വാഹനയാത്രക്കാരും വട്ടം കറങ്ങേണ്ട സ്ഥിതിയാണ്.
കവലയില്‍ ഗതാഗതസംവിധാനം സുഗമമാക്കുന്നതിനായി സിഗ്നലുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും വാഹനങ്ങളുടെ വേഗത നിയന്ത്രണത്തിന് സ്പീഡ് ബ്രേക്കുകളും യാത്രക്കാര്‍ക്കായി കാത്തിരിപ്പുകേന്ദ്രങ്ങളും വേണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."