കാട്ടാനശല്യം തുടര്‍ക്കഥയാവുമ്പോഴും നാട്ടാന പരിപാലനകേന്ദ്രം നടപ്പായില്ല
വാളയാര്‍: ജില്ലയിലെ മലയോര മേഖലകളുള്‍പ്പെടെയുള്ള ജനവാസമേഖലകളില്‍ കാട്ടാനശല്യം തുടര്‍ക്കഥയാവുമ്പോഴും കാട്ടാനകളെ നാട്ടാനകളാക്കുന്ന പരിപാലനകേന്ദ്രം വേണമെന്നാവശ്യം ശക്തമാകുന്നു. മലയോരമേഖലകളിലും വനാന്തരങ്ങളിലുമുള്ള സൈ്വരവിഹാരത്തിനുപുറമെ നഗരങ്ങളിലും ഗ്രാമങ്ങളിലും വരെയെത്തി ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണ് കാട്ടാനകള്‍. ജില്ലയിലെ കാട്ടാനശല്യം നിയന്ത്രിക്കാന്‍ അവസാനത്തെ അടവെന്നോണം ഇറക്കിയ കുങ്കിയാനയുടെ സേവനവും പരാജയപ്പെട്ടതോടെ വീണ്ടും കൊമ്പന്മാരുടെ ശല്യം തുടരുകയാണ്.
ശല്യക്കാരാകുന്ന കൊമ്പന്മാരെ തുരത്താന്‍ വനംവകുപ്പിനും ജനങ്ങള്‍ക്കും പടക്കം പൊട്ടിക്കല്‍ മാത്രമാണാശ്രയം. വനാന്തരങ്ങളിലെ മനുഷ്യസാന്നിധ്യവും തീറ്റയും വെള്ളവുമില്ലാതായതുമാണ് ജനവാസമേഖലയിയെ കൊമ്പന്മാരുടെ കടന്നുവരവിന് കാരണമെന്ന് പഠനങ്ങള്‍ പറയുന്നു. ജനവാസമേഖലകളില്‍ സൈ്വരവിഹാരം നടത്തുന്ന കൊമ്പന്മാരെ നിയന്ത്രിക്കാനെത്തുന്ന ടാസ്‌ക്‌ഫോഴ്‌സിനും വയനാട്ടിലെയും അട്ടപ്പാടിയിലെയും ട്രാക്കേഴ്‌സിനും അത്യാവശ്യഘട്ടങ്ങളില്‍ ഇറക്കുന്ന കുങ്കിയാനകള്‍ക്കുമായി ഓരോ തവണയും സര്‍ക്കാര്‍ ചെലവിടുന്നത് ലക്ഷങ്ങളാണ്.
ഇതിനുപുറമെയാണ് ഓരോ തവണയും കൊമ്പന്മാരുടെ പരാക്രമത്താല്‍ നശിപ്പിക്കപ്പെടുന്ന കാര്‍ഷികവിളകളുടെയും വ്യക്തിഗത നഷ്ടങ്ങളുടെയും കണക്കുകള്‍. കാട്ടാനകള്‍ ചവിട്ടിക്കൊന്ന് ജീവന്‍ നഷ്ടടപ്പെട്ടവരും ശരീരം തളര്‍ന്ന് കിടക്കുന്നവരുടെയും കണക്കുകള്‍ വേറെയാണെന്നതും പരിതാപകരമാണ്. വന്യമൃഗത്താല്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍, ജീവന്‍ നഷ്ടപ്പെട്ടവര്‍, കാര്‍ഷികവിളകള്‍ നശിച്ചവര്‍ എന്നിവര്‍ക്കുള്ള നഷ്ടരിഹാരം പ്രസഹനമാവുകയാണ്.
കാട്ടാനശല്യം തടയുന്നതിനായി പ്രതിമാസം സര്‍ക്കാര്‍ ചെലവിടുന്ന തുകകൊണ്ട് ജില്ലയില്‍തന്നെ കാട്ടാനകളെ നാട്ടാനകളാക്കുന്ന പരിപാലനകേന്ദ്രമാരംഭിക്കാനാവുമെന്നാണ് പൊതുജനാഭിപ്രായം. അക്രമകാരികളായ കൊമ്പന്മാരെ മുഴുവനും ഇത്തരം സംരക്ഷിതമേഖലകളില്‍ തന്നെ പരിപാലിപ്പിക്കുകയോ നാട്ടാനകളാക്കി മാറ്റുകയോ ചെയ്യുകയാണെങ്കില്‍ ശല്യക്കാരായ കൊമ്പന്മാര്‍ ഇല്ലാതാവുകയും രാപ്പകലന്യേ ഊണുമുറക്കവുമില്ലാതെ ആനപ്പേടിയില്‍ കഴിയുന്ന പാലക്കാടന്‍ ജനതകള്‍ക്ക് ആശ്വാസകരവുമാവും.
ഈ വര്‍ഷംതന്നെ നിരവധി ജീവനുകളാണ് കാട്ടാനകളുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി എന്തെങ്കിലും ചെയ്യുന്നതല്ലാതെ നാളുകള്‍ കഴിയുന്നതോടെ എല്ലാം പഴങ്കഥയാവും. കാട്ടാനശല്യം തടയുന്നതിനായി ഫെന്‍സിങും കുങ്കിയാനകളെയിറക്കലുംവരെയുള്ള മാര്‍ഗങ്ങളെല്ലാം ഫലപ്രദമല്ലാത്ത സാഹചര്യത്തില്‍ അടിയന്തരമായി ജില്ലയില്‍ നാട്ടാനപരിപാലനകേന്ദ്രം തുടങ്ങണമെന്ന ജനകീയാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."