വിദ്യാര്‍ഥികളെ കഠിനമായി ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍
പാലക്കാട്: സ്‌കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ കഠിനമായി ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും അത്തരം കേസുകളില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കര്‍ശന നടപടിയെടുക്കുമെന്നും കമ്മിഷന്‍ അംഗം സി.ജെ ആന്റണി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സിറ്റിങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചുനങ്ങാടുളള ഒരു സ്വകാര്യ സ്‌കൂളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് കമ്മിഷനംഗം ഇത്തരത്തില്‍ പ്രതികരിച്ചത്. പരാതി തുടര്‍നടപടിക്കായി പൊലിസിന് കൈമാറിയിട്ടുണ്ട്. വല്ലപ്പുഴയിലെ സ്‌കൂള്‍ കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ലഭിച്ച പരാതിയില്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു.
പരീക്ഷാ ക്രമക്കേടുകള്‍, അധ്യാപകര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട് ലഭിച്ച 14 പരാതികളും സിറ്റിങില്‍ പരിഹരിച്ചു. പുതുതായി ലഭിച്ച രണ്ട് പരാതികള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കും. കമ്മിഷന്‍ അംഗം എന്‍. ശ്രീല മേനോന്‍, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കെ. ആനന്ദന്‍, ചൈല്‍ഡ് ലൈന്‍ ഡയരക്ടര്‍ ഫാദര്‍ ജോര്‍ജ് പുത്തന്‍ചിറ എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു.
ജില്ലാതല ബാലസംരക്ഷണ സമിതി രൂപീകരിച്ചു
പാലക്കാട്: എല്ലാ കുട്ടികള്‍ക്കും സംരക്ഷണവും ബാലനീതി നിയമപ്രകാരമുള്ള അവകാശങ്ങളും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാതല ബാലസംരക്ഷണ സമിതികള്‍ (ഡി.സി.പി.സി) രൂപീകരിച്ചു. ഇതിന് അനുപൂരകമായി പഞ്ചായത്ത്തലത്തില്‍ വില്ലേജ് ബാലസംരക്ഷണ സമിതികളും (വി.സി.പി.സി) പ്രവര്‍ത്തന സജ്ജമാക്കും. സംസ്ഥാന ശിശുസംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതിയുടെ ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സഹ ചെയര്‍മാന്‍ ജില്ലാ കലക്ടറുമാണ്. നവംബറിലാണ് ജില്ലാതല സമിതിയുടെ ഉദ്ഘാടനം. ഇതുമായി ബന്ധപ്പെട്ട ജില്ലയിലെ 336 ഉദ്യോഗസ്ഥര്‍ക്ക് മൂന്നു ദിവസങ്ങളിലായി പരിശീലനവും നല്‍കും .
ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ആഭ്യന്തരം, നിയമം തുടങ്ങിയ വകുപ്പുതല മേധാവികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളായിരിക്കും. ഇത്തരത്തില്‍ ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങള്‍ ജില്ലാ സമിതിയുടെ ശ്രദ്ധയില്‍പെടുത്തിയാണ് നടപടി സ്വീകരിക്കുക. സമൂഹത്തിന്റെ താഴെത്തട്ട് വരെ ബാലാവകാശ സംരക്ഷണ സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് സമിതികള്‍ രൂപീകരിച്ചിരിക്കുന്നത്.
ഒരു പ്രദേശത്ത് കുട്ടികള്‍ക്കെതിരെ അതിക്രമമുണ്ടാവുകയാണെങ്കില്‍ ഇത്തരം സമിതികളില്‍ പരിഹരിക്കാവുന്നതാണ്. സംസ്ഥാനതല സമിതിയുടെ എല്ലാ അധികാരങ്ങളും പഞ്ചായത്തു തലത്തില്‍ രൂപീകരിക്കുന്ന ഈ സമിതികള്‍ക്കുണ്ടാകും. ബാലസംരക്ഷണസമിതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കുട്ടികളെ പോറ്റിവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം ഉറപ്പുവരുത്തും. കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി അനുവദിച്ചിട്ടുള്ള പദ്ധതി വിഹിതം വിനിയോഗിക്കുന്ന രീതികളെ സംബന്ധിച്ചും സമിതി അംഗങ്ങള്‍ക്ക് അവബോധ പരിപാടി സംഘടിപ്പിക്കും. കുട്ടികള്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന ചൂഷണവും അവകാശ ലംഘനവും മുന്‍കൂട്ടി അറിയുകയും അനുയോജ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
പരാതികളും നിര്‍ദേശങ്ങളുടെ അറിയിക്കേണ്ട വിധം
പാലക്കാട്: കമ്മിഷനെ സംബോധന ചെയ്ത് വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ അനുബന്ധ രേഖകളുടെ പകര്‍പ്പ് സഹിതം കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മ്ഷന്‍, വാന്‍ റോസ് ജങ്ഷന്‍, തിരുവനന്തപുരം-695034 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. ഇതിന് അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഫോണ്‍: 0471-2326603, 2326604.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."