സഫിയ വധം: ഒന്നാം പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി
കാസര്‍കോട്/ കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. കാസര്‍കോട് മൂളിയാര്‍ സ്വദേശി കെ.സി ഹംസയുടെ വധശിക്ഷയാണ് കോടതി ഇളവ് ചെയ്തത്. കേസിലെ മൂന്നാം പ്രതി ഹംസയുടെ ഭാര്യ മൈമൂന (37), നാലാം പ്രതിയും ഗോവയിലുള്ള ഹംസയുടെ ബന്ധുവുമായ അബ്ദുല്ല ( 58) എന്നിവര്‍ക്ക് കാസര്‍കോട് സെഷന്‍സ് കോടതി വിധിച്ച മൂന്ന് വര്‍ഷം തടവ് കോടതി റദ്ദാക്കി ഇവരെ കുറ്റവിമുക്തരാക്കി.
ഗോവയിലെ കരാറുകാരനായ മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി ഹംസയുടെ വീട്ടുജോലിക്കാരിയായിരുന്ന സഫിയയെ 2006 ഡിസംബറിലാണ് കാണാതായത്. ഗോവയിലേക്ക് കൊണ്ടുപോയ സഫിയയെ തിരികെ കാസര്‍കോട്ട് എത്തിച്ചെങ്കിലും പിന്നീട് തന്റെ വീട്ടില്‍നിന്ന് കാണാതായെന്നാണ് ഹംസ പറഞ്ഞിരുന്നത്. സഫിയയുടെ തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തു മൂന്നു മാസത്തോളം സമരം നടത്തിയതോടെയാണ് ഒന്നരവര്‍ഷത്തിനു ശേഷം ലോക്കല്‍ പൊലിസില്‍നിന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ കൈമാറിയത്.
ഇതോടെയാണ് സഫിയ ഗോവയില്‍ കൊല്ലപ്പെട്ടതായി തെളിഞ്ഞത്. 2008 ജൂലൈ ഒന്നിനാണ് കേസിലെ ഒന്നാം പ്രതി ഹംസയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2008 ജൂലൈ ആറിന് ഗോവയില്‍നിന്ന് സഫിയയുടെ അസ്ഥികൂടം കുഴിച്ചെടുത്തതോടെയാണ് കേസ് തെളിഞ്ഞത്. പെണ്‍കുട്ടിയെ ഹംസ ഗോവയിലെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. അടുപ്പില്‍നിന്ന് ചോറ് പാത്രം നീക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു .ചികിത്സ നല്‍കിയെങ്കിലും രോഗം മൂര്‍ഛിച്ച് പെണ്‍കുട്ടിക്ക് അനങ്ങാന്‍ പോലും വയ്യാതായി. ഇതോടെ ഹംസ പെണ്‍കുട്ടിയെ ഗോവയില്‍വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് ബാഗിലാക്കി അവിടെ കുഴിച്ചു മൂടിയെന്നാണ് കേസ്. 2006 ഫെബ്രുവരി 15 നായിരുന്നു സംഭവം.
2015 ല്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് എം.ജെ ശക്തിധരനാണ് ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷയും ഇയാളുടെ ഭാര്യ മൈമൂനയ്ക്ക് മൂന്ന് വര്‍ഷം വെറും തടവും അബ്ദുല്ലയ്ക്ക് മൂന്ന് വര്‍ഷം തടവും ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയും സഫിയയെ ജോലിക്കെത്തിച്ച ഇടനിലക്കാരനുമായ ദൊഡ്ഡപ്പള്ളി മൊയ്തു ഹാജി, കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അഞ്ചാം പ്രതിയും ആദൂര്‍ പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐയും ആയിരുന്ന ഉദുമ ബാരയിലെ ടി.എ ഗോപാലകൃഷ്ണന്‍ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.
നിര്‍ധന കുടുംബാംഗമായ സഫിയയെ വിദ്യാഭ്യാസം നല്‍കാമെന്നും മറ്റും പറഞ്ഞാണ് ഹംസയുടെ വീട്ടിലേക്കു ജോലിക്കു കൊണ്ട് വന്നതെന്നാണ് രക്ഷിതാക്കളുടെ പരാതിയില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."