33 ഇന്ത്യക്കാരടക്കം 60 ല്‍ അധികം തൊഴിലാളികള്‍ മരുഭൂമിയില്‍ ദുരിതക്കയത്തില്‍
റിയാദ്: ഹായില്‍ നഗരത്തില്‍നിന്ന് 310 കിലോമീറ്റര്‍ ദൂരെ മരുഭൂമയില്‍ ആറു മാസത്തോളമായി ശമ്പളമില്ലാതെ ദുരിതക്കയത്തിലായ 60 ല്‍പരം തൊഴിലാളികള്‍.
റോഡ് നിര്‍മാണത്തിന് ദമാമിലെ ഒരു കമ്പനിയില്‍ നിന്നെത്തിയ തൊഴിലാളികളില്‍ 33 പേര്‍ ഇന്ത്യക്കാരാണ്. ആറു മുതല്‍ 22 വര്‍ഷങ്ങള്‍ വരെ ഈ കമ്പനിയില്‍ സേവനം ചെയ്യുന്നവരില്‍ ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണുള്ളത്.
മുഴുവന്‍ തൊഴിലാളികളും താമസരേഖകള്‍ വരെ ഇല്ലാത്തവരാണ്. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് എത്തുന്നതിന് 100 ലേറെ കി.മീറ്റര്‍ മരുഭൂമിയിലൂടെ മാത്രം സഞ്ചരിക്കണം. മാത്രമല്ല, നുഫൂദ് എന്ന പേരില്‍ അറിയപ്പെടുന്ന മണല്‍ മലകളുടെ ഓരം ചേര്‍ന്ന് 35 കി.മീറ്ററില്‍ അധികം വാഹനങ്ങള്‍ സഞ്ചരിച്ച അടയാളം ശ്രദ്ധിക്കണം.
എന്നാല്‍ മാത്രമേ ഇവിടേക്ക് എത്തിപെടാന്‍ പറ്റൂ. അതിനാല്‍ ഇവിടെനിന്നു രക്ഷപ്പെടുകയെന്നത് വലിയ തടസ്സമാണ്.
ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കിയത് ആശ്വാസമായി. ഇവിടേക്ക് പുറപ്പെട്ട ഇവര്‍ക്കു കടുത്ത പ്രതിസന്ധികളെയാണ് തരണം ചെയ്യേണ്ടി വന്നത്. ചിലയിടങ്ങളില്‍ കാറ്റ് മൂലം വഴി കണ്ടെത്തുന്നതിന് വലിയ പ്രയാസം നേരിടുകയും നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിനാല്‍ ലൊക്കേഷന്‍ മാപ്പും പ്രവര്‍ത്തിക്കാത്തതിനാലും ഏറെ പണിപെട്ടാണ് സംഘം ഇവിടെയെത്തിയത്. ഈ ബുദ്ധിമുട്ട് തന്നെയാണ് ദുരിതത്തിലായ തൊഴിലാളികള്‍ക്ക് രക്ഷപ്പെടാന്‍ തടസ്സമാകുന്നത്.
എങ്കിലും 40 ഓളം ആളുകള്‍ ഇതിനകം രക്ഷപ്പെട്ടിട്ടുണ്ട്. എല്ലാവരുടെ ഇഖാമയുടെയും കാലാവധി തീര്‍ന്നതിനാല്‍ 17 ന് ജബലൈന്‍ ഹോട്ടലില്‍ പൊതുമാപ്പ് സേവനത്തിന് എത്തുന്ന ഇന്ത്യന്‍ എംബസി സംഘത്തിന് മുമ്പാകെ 33 ഇന്ത്യക്കാരെയും എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ഒ ഐ സി സി ഒരുക്കുന്നുണ്ട്.
പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യന്‍ തൊഴിലാളികള്‍.
ശറഫുദ്ദീന്‍ തയ്യില്‍, താഹക്കനി, സജീര്‍ പാങ്ങോട്, ഗഫൂര്‍ പുലിയത്ത്, ബിനു വര്‍ഗീസ്, ജോബി എന്നിവരാണ് സഹജീവി സ്‌നേഹത്തിന്റെ പേരില്‍ ഭക്ഷണ സാധനങ്ങളുമായി ക്യാമ്പില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."