മകന്റെ അടുത്തേക്ക് പോവാന്‍ വിസ അനുവദിക്കണമെന്ന് സുഷമ സ്വരാജിനോട് മുബീന്റെ ഉപ്പ
ന്യൂഡല്‍ഹി: കാലിഫോര്‍ണിയയില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മകന്റൈ അടുത്തേക്ക് പോവാന്‍ വിസ അനുവദിക്കണമെന്ന ആവശ്യവുമായി മുബീന് അഹമദിന്റെ ഉപ്പ മുജീബ് അഹമദ്. മുബീനെ അഡ്മിറ്റ് ചെയ്ത ആശുപത്രിയില്‍ നിന്ന് തങ്ങള്‍ക്ക് എഴുത്ത് ലഭിച്ചതായി മുജീബ് അഹമദ് പറയുന്നു. 'അവിടുത്തെ സര്‍ക്കാര്‍ ചികിത്സക്ക് സഹകരിക്കുന്നുണ്ട്. എന്നാല്‍ ഗുരുതരമായ നിലയിലുള്ള അവന് അവിടെ തനിച്ചാണ്. അവനെ ശുശ്രൂഷിക്കാന്‍ ആരുമില്ല.' - മുജീബ് പറഞ്ഞു. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് തങ്ങള്‍ വിവരമറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുബീന് അപകടാവസ്ഥ തരണം ചെയ്തെന്നും കാലിഫോര്‍ണിയന്‍ പോലിസുമായി കേന്ദ്രം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ഞായറാഴ്ചയാണ് കാലിഫോര്‍ണിയാ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ തെലങ്കാനാ സ്വദേശി മുബീന് അഹ്മദിന് (26) വെടിയേറ്റത്. മുബീന് പാര്ട്ടൈമായി ജോലി ചെയ്യുന്ന കടയിലെത്തിയ ചിലരും മുബീനും തമ്മില്‍ ഏറെനേരം വാക്തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട മുബീനിനെ കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ നേരിട്ടുവിളിച്ചപ്പോഴാണ് കുടുംബം വിവരമറിയുന്നത്. 2015ലാണ് പഠനാവശ്യാര്‍ഥം മുബീന് കാലിഫോര്‍ണിയയിലെത്തിയത്.
ബന്ധുക്കളെ യു.എസിലെത്തിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."