അക്ഷരത്തെറ്റ് മതി, പൗരനല്ലാതാവാന്‍
'എല്ലായിടത്തും തങ്ങള്‍ക്ക് ദ്രോഹമാണ് 'പറയുന്നത് കരട് പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനായ അഷ്‌റഫുല്‍ ഹുസൈന്‍. തടവുകേന്ദ്രമെന്നാല്‍ ഇടുങ്ങിയ മുറികളും ചുറ്റുമതിലുമുള്ള നരകമാണ്. എത്ര കാലമാണ് ഒരു മനുഷ്യന് അതില്‍ ജീവിക്കാനാവുക. അഞ്ചംഗങ്ങളുള്ള വീട്ടില്‍ നാലംഗങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ ഒരാള്‍ പുറത്താവുന്നു. മാതാവും പിതാവും പട്ടികയില്‍ മകനും മകളും പട്ടികക്ക് പുറത്ത്. അങ്ങനെ ആയിരക്കണക്കിന് സംഭവങ്ങളുണ്ട്. വിദേശിയെന്ന് വിധിച്ച് തടവുകേന്ദ്രത്തില്‍ കഴിയുന്ന യുവാവ് മരിച്ചപ്പോള്‍ മൃതദേഹം ഇവിടെയുള്ള അവന്റെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ഒരു എതിര്‍പ്പും കൂടാതെ കൈമാറി. അവന്‍ ബംഗ്ലാദേശിയാണെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ബംഗ്ലാദേശിലേക്ക് കൈമാറാമെന്ന് പറഞ്ഞില്ല.
അവര്‍ക്കറിയാമായിരുന്നു അവര്‍ ഇവിടുത്തുകാരന്‍ തന്നെയാണെന്ന്. ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ ദ്രോഹിക്കാനും സര്‍ക്കാറിന് മടിയില്ല. പൗരത്വപ്പട്ടികയ്‌ക്കെതിരേ കവിതയെഴുതിയതിനും പുറത്തായവരെ പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്താന്‍ സഹായിച്ചവര്‍ക്കെതിരെയുമെല്ലാം ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. എനിക്കെതിരെയുമുണ്ട് ആറു കേസുകള്‍; അഷ്‌റഫുല്‍ പറയുന്നു.
പരമ്പരയുടെ ഒന്നാം ഭാഗം വായിക്കാം: മരവിച്ച മനസുമായി അസം ശാന്തമാണ്
തേസ്പൂര്‍, കൊക്ക്‌റാജര്‍, സില്‍ചാര്‍, ഗോല്‍പൊര, ജോര്‍ഹട്ട്, ദിബ്‌റൂഗര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ തടവു കേന്ദ്രങ്ങളുള്ളത്. 1145 പേരാണ് അവിടെയുണ്ടായിരുന്നത്. ഇതില്‍ 10 പേരെ വിട്ടയച്ചു. ശിവ്‌സാഗര്‍, നൗഗാവ്, കരിംഹഞ്ച്, നല്‍വാരി, ലോക്കിംപുരി, ഹാഫ്‌ലോഗ്, ഗുവാഹത്തി, ബാര്‍പേട്ട, തേസ്പൂര്‍, ഗോല്‍പൊര എന്നിവിടങ്ങളിലായി 10 വലിയ തടവു കേന്ദ്രങ്ങള്‍ കൂടി വരും. ട്രൈബ്യൂണല്‍ വിദേശിയാണെന്ന് വിധിക്കുന്നതോടെ ബന്ധുക്കളില്‍ നിന്നും മക്കളില്‍ നിന്നും ജീവിതപങ്കാളിയില്‍ നിന്നും വേര്‍പെടുത്തി കൂട്ടത്തോടെ ഈ ക്യാംപുകളിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 41 ലക്ഷം പേരില്‍ 36 ലക്ഷം പേര്‍ മാത്രമാണ് അന്തിമലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയവര്‍. പലര്‍ക്കും ഇതെക്കുറിച്ച് അറിവില്ല. പ്രളയവും മറ്റും കാരണം രേഖകള്‍ നഷ്ടപ്പെട്ടവരും നേരത്തെയുള്ള വിലാസത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറിത്താമസിക്കേണ്ടി വന്നവരുമാണ് വലിയൊരു വിഭാഗം. എത്ര ശ്രമിച്ചാലും 15 ലക്ഷം പേരെങ്കിലും അന്തിമ പട്ടികയില്‍ നിന്ന് പുറത്താകുമെന്ന് സന്നദ്ധ സംഘടനകളും മാധ്യമപ്രവര്‍ത്തകരും പറയുന്നു.
ഇത്രയും പേരെ പിന്നീടെന്ത് ചെയ്യുമെന്നാണ് ചോദ്യം. കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ക്ക് തുല്യമായ തടവുകേന്ദ്രങ്ങളിലെ ദുരിതത്തില്‍ എക്കാലവും ജീവിക്കണമെന്നാണോ. തടവുകേന്ദ്രത്തിലിടാന്‍ ധൃതി കാട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. പിന്നെന്തിനാണ് ധൃതി പിടിച്ച് ക്യാംപുകളുണ്ടാക്കുന്നത്. കുടിയേറ്റത്തിനെതിരേ അസമിലുണ്ടായ സമരത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാറും അസം സ്റ്റുഡന്‍സ് യൂണിയനും 1985ലുണ്ടാക്കിയ കരാര്‍ പ്രകാരമാണ് പൗരത്വപ്പട്ടിക നവീകരിക്കുന്നത്. ഇതു പ്രകാരം 1971ന് മുമ്പ് ഇവിടെയെത്തിയതിന്റെ രേഖകള്‍ സമര്‍പ്പിച്ചാല്‍ പൗരത്വപ്പട്ടിയില്‍ ഉള്‍പ്പെടും.
ഒരാളെ പട്ടികയില്‍ നിന്ന് പുറത്താക്കി പൗരനല്ലെന്ന് പ്രഖ്യാപിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. രേഖകളില്‍ പിതാവിന്റെ പേരിലുള്ള അക്ഷരത്തെറ്റ് പോലും അതിനു വഴിവയ്ക്കും. 1971ലെ വോട്ടര്‍ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഡാറ്റാബേസ് തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി തയ്യാറാക്കിയ സര്‍ക്കിള്‍ ഓഫിസുകളില്‍ രേഖകളുമായെത്തി ഓണ്‍ലൈനിലോ നേരിട്ടോ അപേക്ഷ നല്‍കണം. 1971 ന് മുമ്പ് ഇവിടെയെത്തിയ മാതാപിതാക്കളില്‍ ആരുടെയെങ്കിലും തുടര്‍ച്ചയായുള്ള കുടുംബ ബന്ധം തെളിയിക്കുന്ന രേഖകളാണ് സമര്‍പ്പിക്കുന്നത്. ഇത് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെടണം.
പിതാവിന്റെ പിതാവായിരിക്കാം ഇവിടേക്ക് കുടിയേറിയെത്തിയത്. അവരുടെ കുടുംബപ്പേരുകളുടെ തുടര്‍ച്ച തന്നെ രേഖകളിലുണ്ടായിരിക്കണം. ഭര്‍ത്താവിന്റെ കുടുംബവഴിയുള്ള ബന്ധം അംഗീകരിക്കില്ല. നാല്‍പതോ അന്‍പതോ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിഞ്ഞ സ്ത്രീകളുടെ രേഖകളില്‍ പിതാവുമായുള്ള ബന്ധം തെളിയിക്കുന്ന ഒന്നുമുണ്ടാകാനിടയില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് പൗരത്വം തെളിയിക്കാനുമാവില്ല. 2018ലെ കരട് പട്ടികയില്‍ നിന്ന് പുറത്തായ 41 ലക്ഷം പേരില്‍ ഭൂരിഭാഗവും വിവാഹിതരായ സ്ത്രീകളായത് ഇക്കാരണത്താലാണെന്ന് പറയുന്നു.
സ്വകാര്യ സ്‌കൂളുകളിലാണ് പഠിച്ചതെങ്കില്‍ അതിന്റെ രേഖകള്‍ പൗരത്വപ്പട്ടികയ്ക്ക് തെളിവായി അംഗീകരിക്കില്ല. 38 ജില്ലകളിലായി 158 സര്‍ക്കിളുകളായി തിരിച്ചാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ഇതിനായി നാഗരിക് സേവാ കേന്ദ്രങ്ങളെന്ന പേരില്‍ സംവിധാനമുണ്ടാക്കിയിരുന്നു.
പട്ടികയില്‍ ഉള്‍പ്പെടണമെങ്കില്‍ സംസ്ഥാനത്തെ ഓരോ വ്യക്തിയും അപേക്ഷ നല്‍കിയേ പറ്റൂ. 3.29 കോടി അപേക്ഷകളാണ് ഇവിടെ ലഭിച്ചത്. ഒരു കുടുംബനാഥനെ രജിസ്റ്റര്‍ ചെയ്താല്‍ ലിസ്റ്റ് ബി ക്രമത്തില്‍ അയാള്‍ക്ക് താഴെ കുടുംബാംഗങ്ങളെ രജിസ്റ്റര്‍ ചെയ്യും. ഇതിനായി രക്തബന്ധം നിര്‍ബന്ധമാണ്. ഒരേ കുടുംബാംഗമാണെങ്കിലും രേഖയില്‍ തെറ്റുണ്ടായാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. അയാള്‍ പട്ടികയില്‍ നിന്ന് പുറത്താകും. ഇത്തരത്തില്‍ മാതാപിതാക്കള്‍ പൗരത്വപ്പട്ടികയിലുള്‍പ്പെടുകയും മക്കളില്‍ ചിലര്‍ പട്ടികയില്‍ നിന്ന് പുറത്താകുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ട്.
ഹെല്‍ത്ത് സെന്ററുകളില്‍ കുത്തിവയ്പിനായി രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ കാര്‍ഡ് തെളിവായി സ്വീകരിക്കുന്നുണ്ട്. എന്നാല്‍ കാര്‍ഡുകളില്‍ മാതാപിതാക്കളുടെ പേര് തെറ്റായി രേഖപ്പെടുത്തിയാല്‍ പിന്നെ അത് അംഗീകരിക്കില്ല. അത്തരം കേസുകളും നിരവധിയാണ്.
രേഖകള്‍ക്കായി ആളുകള്‍ നെട്ടോട്ടമോടിയ കാലമായിരുന്നു ഇതെന്ന് പറയുന്നു പൊതുപ്രവര്‍ത്തകനായ അഷ്‌റഫുല്‍ ഹുസൈന്‍. തങ്ങളുടെ സ്വന്തക്കാരെ പട്ടികയില്‍പ്പെടുത്താന്‍ തുടക്കത്തില്‍ സര്‍ക്കാര്‍ ശ്രമം നടത്തിയതാണ്. ഹിന്ദുക്കളെ പട്ടികയിലുള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം സഹായത്തിനുണ്ട്. ഇതെ സര്‍ക്കാര്‍ സംവിധാനം മുസ്‌ലിംകളെ പുറത്താക്കാനും പ്രവര്‍ത്തിക്കുന്നു. ബി.ജെ.പി മാത്രമല്ല, എ.ബി.വി.പിയും ഹിന്ദു ജാഗരണ്‍ മഞ്ചുമെല്ലാം പട്ടികയ്ക്ക് എതിരാണ്. കബറി, ആന്‍ഗലോങ്, ദേമാജി ജില്ലകളില്‍ കൂടുതല്‍ പേര്‍ പട്ടികയില്‍ നിന്ന് പുറത്താകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ ചന്ദ്രമോഹന്‍ പട്ടോവാരി പറയുന്നു.
എന്നാല്‍ അന്തിമ കരടില്‍ സംഭവിച്ചത് അതല്ല. 79.67 ശതമാനം മുസ്‌ലിംകളുള്ള ദുബ്‌റി, 70.74 ശതമാനം മുസ്‌ലിംകളുള്ള ബാര്‍പേട്ട എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകള്‍ വ്യാജ രേഖ ചമച്ച് പട്ടികയില്‍ കയറിക്കൂടിയെന്നാണ് രണ്‍ജീത് കുമാര്‍ ദാസ് ആക്ഷേപിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ രേഖകള്‍ പറയുന്നത് മറിച്ചാണ്. രേഖകളില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയവരില്‍ 50 ശതമാനവും ഹിന്ദുക്കളാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പത്ത് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നിന്ന കുടിയേറിയ ഹിന്ദുക്കള്‍ പഴയ കുടിയേറ്റക്കാരാണെന്ന വ്യാജ രേഖ സമര്‍പ്പിച്ചതായി ഹിയറിങ്ങിനിടയില്‍ കണ്ടെത്തിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മുസ്‌ലിംകള്‍ക്ക് 1971 ഉം ഹിന്ദുക്കള്‍ക്ക് 1940ഉം ആയിരിക്കണം പൗരത്വം ലഭിക്കാനുള്ള കുടിയേറ്റ തിയതിയായി പ്രഖ്യാപിക്കേണ്ടതെന്നാണ് ഇപ്പോള്‍ ബി.ജെ.പി ആവശ്യപ്പെടുന്നത്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."