'അമ്മയെ കൊന്നതെന്തിനാ എന്ന് ചോദിക്കാതിരിക്കാനാ മക്കളെ കൊന്നത്'
ചിറ്റൂര്‍ (പാലക്കാട്) 'മക്കള്‍ വലുതാകുമ്പോ അമ്മയെ കൊന്നത് എന്തിനാണെന്നു ചോദിക്കാതിരിക്കാനാണ് അവരെയും കൊന്നത്'. ചിറ്റൂരില്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ മാണിക്യന്‍ പൊലിസിനോട് പറഞ്ഞതാണിത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തത്.
ഉറക്കത്തിലായിരുന്നു മൂന്നു പേരും . അതിനാല്‍ ഒരു ശബ്ദവുമുണ്ടായില്ല. തൊട്ടടുത്തു തന്നെ വാടകയ്ക്കു താമസിക്കുന്നവര്‍ പോലും സംഭവം അറിഞ്ഞിരുന്നില്ല. മൂന്നു പേരുടെയും കഴുത്തിനാണു വെട്ടേറ്റത്. ഇയാള്‍ ആക്രമിക്കുമ്പോള്‍ തടയാന്‍ ശ്രമിച്ച മകന്‍ മനോജിന്റെ കൈകളിലും വെട്ടേറ്റിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഭക്ഷണത്തിനുശേഷം ഭാര്യയും മക്കളും ഉറങ്ങിയെങ്കിലും ഇയാള്‍ രാത്രി 12 വരെ ഉച്ചത്തില്‍ പാട്ടു വച്ചു കേട്ടിരുന്നു. വെളുപ്പിനു പന്ത്രണ്ടിനും മൂന്നിനും ഇടയിലാണു കൊലപാതകം നടത്തിയതെന്നാണു പൊലിസ് നിഗമനം.
കൊലപാതക ശേഷം വീട്ടില്‍നിന്നു പുറത്തിറങ്ങിയ ഇയാള്‍ ചന്ദനപ്പുറത്തുള്ള ചെറിയമ്മയുടെ വീട്ടിലെത്തി തന്റെ തിരിച്ചറിയല്‍ രേഖകളും 25000 രൂപയും ഏല്‍പ്പിച്ചെന്നു പൊലിസിനോടു സമ്മതിച്ചു. തുടര്‍ന്നു ചിറ്റൂരിലെത്തി കടയില്‍ കയറി ചായ കുടിച്ച ശേഷം രാവിലെ 7നു പൊലിസ് സ്റ്റേഷനിലെത്തി താന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ വിവരം അറിയിച്ചു.
കൊലപാതകത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഏറെ നാള്‍ പിണങ്ങിക്കഴിഞ്ഞ മാണിക്യനും കുമാരിയും കുറച്ചു ദിവസം മുമ്പാണ് ഒരുമിച്ചു താമസിക്കാന്‍ തുടങ്ങിയത്. എങ്കിലും ഇടക്ക് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തുനിന്ന് ഒരു വര്‍ഷം മുന്‍പാണ് മാണിക്യന്റെ കുടുംബം കൊഴിഞ്ഞാമ്പാറയിലേക്ക് താമസം മാറിയത്. വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവര്‍ ചെയ്തുവന്നിരുന്നത്.
ഭാര്യയുടെ ബന്ധുക്കളില്‍ ചിലര്‍ മാണിക്യന്‍ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്ന സംശയമുന്നയിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ചു പൊലിസിനു പരാതി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."