അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസ്; ക്രൈംത്രില്ലറിനെ വെല്ലുന്ന കൊലപാതക കഥ
അബ്ദുസ്സലാം കൂടരഞ്ഞി
ദമാം: മൂന്നു മലയാളികളടക്കം അഞ്ചു ഇന്ത്യക്കാരെ ജീവനോടെ കൊന്നു കുഴിച്ചു മൂടിയ കേസിലെ മൂന്നു പ്രതികളെ സഊദിയില്‍ വധശിക്ഷക്ക് വിധേയരാക്കി. ഏവരെയും ഞെട്ടിച്ച സംഭവത്തില്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണു വധശിക്ഷ നടപ്പിലാക്കിയത്. പ്രതികളും കൊല്ലപ്പെട്ടവരും തമ്മിലുള്ള മദ്യ മയക്കുമരുന്ന് വിപണനവും അതിനു പിന്നിലുണ്ടായ കുടിപ്പകയുമാണ് സംഭവത്തിന് പിന്നില്‍. സാധാരണ രീതിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ മാപ്പ് നല്‍കിയാല്‍ പ്രതികള്‍ക്ക് വധശിക്ഷയില്‍ നിന്നും നല്‍കുന്ന ഇളവ് ഈ കേസില്‍ കോടതി അനുവദിച്ചു കൊടുത്തില്ലെന്നതും എടുത്തു പറയേണ്ടതാണ്.
പ്രവാസ ലോകത്തെ ഞെട്ടിച്ച കൊലപാതകത്തെ കുറിച്ചു ദമാം ക്രിമിനല്‍ കോടതി പരിഭാഷകന്‍ കൂടിയായ മുഹമ്മദ് നജാത്തി വിശദീകരിക്കുന്നത് ഇങ്ങനെ. സഊദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ നഗരമായ ദമാമില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ 'സഫ്‌വ' എന്ന മനോഹരമായ ഒരു കൊച്ചു ടൗണിലെത്തിപ്പെടാം.
അന്ന് ഒരുവെള്ളിയാഴ്ചയായിരുന്നു.
സ്വഫ്‌വ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കോള്‍. 'ഞങ്ങള്‍ പാട്ടത്തിനെടുത്ത് ക്രഷി ചെയ്തുവരുന്ന 'മസ്‌റ'യില്‍ കൃഷി നനക്കാനാവശ്യമായ കുഴി എടുക്കുന്നതിനിടയില്‍ മനുഷ്യരുടെതെന്ന് തോന്നുന്ന ചില അസ്ഥികൂടങ്ങള്‍ കണ്ടെത്തി'. ഇതായിരുന്നു അലിയെന്ന സ്വദേശിയുടെ ആദ്യ സന്ദേശം. ഉടനെത്തന്നെ പോലീസ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചു. കുഴിയെടുക്കുന്ന മണ്ണു മാന്തിയന്ത്രത്തിന്റെ സമീപത്തെത്തി നോക്കിയപ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ അത് മനുഷ്യന്റെത് തന്നെയാണന്ന് പോലീസ് സംഘം വിലയിരുത്തി. വീണ്ടും കുറച്ച് കൂടി ആഴത്തില്‍ കുഴിക്കാന്‍ സംഘം ആവശ്യപ്പെട്ടു. അപ്പോഴാണ് പോലീസ് സംഘത്തെപ്പോലും ഞെട്ടിച്ച് മനുഷ്യരുടെ അഞ്ച് അസ്ഥികൂടങ്ങളും തലയോട്ടികളും ആ കുഴിയില്‍ നിന്നും കണ്ടെടുത്തത്.
ആദ്യത്തെ തലയോട്ടിയും അസ്ഥികൂടവും പുറത്തെടുത്തു. രണ്ടാമത്തേത് പുറത്തെടുത്തപ്പോള്‍ ഒരു ഇഖാമയുടെ കോപ്പിയും ഡ്രൈവിംഗ് ലൈസന്‍സും ഒരു സിം കാര്‍ഡും കണ്ടെടുത്തു. പരിശോധിച്ചപ്പോള്‍ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും സലീം എന്ന് പേരുള്ള ഇന്ത്യക്കാരന്റെതാണന്ന് പോലീസ് തിരിച്ചറിഞ്ഞു. മൂന്നാമത്തെതിനൊപ്പം ഷാജഹാന്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയ ഒരു പ്ലാസ്റ്റിക് കാര്‍ഡും ഒരു ടൊയോട്ടാ കാറിന്റെ ഇസ്തിമാറയും ഒരു ഇന്‍ഷൂര്‍ കാര്‍ഡും കൂടെ ലഭിച്ചു.
നാലാമത്തെ അസ്ഥികൂടത്തിന്റെ കൈവിരലില്‍ നിന്നും ഷീല എന്ന് രേഖപ്പെടുത്തിയ സ്വര്‍ണ്ണ മോതിരവും ലഭിച്ചു. കൂടാതെ പകുതി കുടിച്ചു വച്ച ചാരായം നിറച്ച ഒരു പ്ലാസ്റ്റിക് ബോട്ടലും കുഴിയില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി. സ്വഫ്‌വ ടൗണില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ മാറി വ്യാപിച്ചു കിടക്കുന്ന കൃഷിത്തോട്ടത്തില്‍ ഉള്‍പ്പെടുന്ന ഈ സ്ഥലം ഖാതൂന്‍ എന്ന സ്വദേശിനിയുടെ പേരില്‍ രജിസ്റ്റ്ര്‍ ചെയ്യപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തി.
അലിഹബീബ് എന്ന സ്വദേശി മസ്‌റ (കൃഷിസ്ഥലം) യുടെ ഉടമസ്ഥയില്‍ നിന്നും അഞ്ചു വര്‍ഷത്തേക്ക് ക്രഷി ചെയ്യാന്‍ പാട്ടത്തിനെടുത്തതായിരുന്നു. കൃഷിയാവശ്യാര്‍ഥം മണ്ണുമാന്തിയന്ത്രം കൊണ്ട് കുഴി എടുക്കുമ്പോഴായിരുന്നു ഏകദേശം നാലു വര്‍ഷത്തോളം പഴക്കമുള്ള മനുഷ്യന്റെ അഞ്ചു തലയോട്ടികളും അസ്ഥികൂടങ്ങളും കണ്ടെത്തിയത്.
കൊലപാതക വിവരങ്ങള്‍ ഏറെ ഞെട്ടലോടെയാണ് പുറം ലോകമറിഞ്ഞത്. സഊദി പത്രങ്ങളും ചാനലുകളും ഏറെ പ്രധാന്യത്തോടെയാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതും. പഴുതടച്ച
അന്വേഷണത്തിനൊടുവില്‍ മണിക്കൂറുകള്‍ കൊണ്ടാണ് പോലീസ് പ്രതികളെ വലയിലാക്കിയത്. അന്വേഷണത്തിനൊടുവില്‍ മുഴുവന്‍ വിവരങ്ങളും പോലീസ് പുറത്ത് വിടുകയും ചെയ്തു.
2014 ഫെബ്രുവരിയിലെ ഒരു വെള്ളിയാഴ്ചയാണ് അഞ്ചു പേരുടെ അസ്ഥികൂടങ്ങള്‍ പോലീസ് കണ്ടെടുത്തത്. കൊല്ലപ്പെട്ടത് അഞ്ചും ഇന്ത്യക്കാരാണന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു. ഇവരെ മരുഭൂമിയില്‍ ആരും അറിയരുതെന്ന് കരുതി കൊന്നു കുഴിച്ചുമൂടാനുണ്ടായ കാരണങ്ങളാണ് പ്രവാസി സമൂഹം വിശകലനം ചെയ്യേണ്ടത്.
കൊല ചെയ്യപ്പെട്ട അഞ്ചു പേരും നല്ല ജീവിതം തേടിയാണ് ഈ മരുപ്പറമ്പിലേക്ക് എത്തിയത്. പക്ഷെ അവര്‍ ക്രമേണ അത്യാഗ്രഹത്തിന്റെയും പണക്കൊതിയുടെയും ആര്‍ത്തിയുടെയും അടങ്ങാത്ത അടിമകളായി മാറുകയായിരുന്നു. യൂസുഫ് എന്ന സ്വദേശിയുമായി അവര്‍ നല്ല സൗഹൃദത്തിലായിരുന്നു. തന്റെ പേരില്‍ വാടകക്കെടുത്ത മസ്‌റയി ല്‍ മദ്യ നിര്‍മാണവും വില്‍പനയും മദ്യസേവയും ചൂതാട്ടത്തിലും ഇവരെല്ലാം ഒരുമിച്ചായിരുന്നു.
ഇതിനിടയില്‍ ഇവര്‍ക്കിടയില്‍ കുടിപ്പകയും ഒറ്റുകൊടുക്കലും അസ്വാരസ്യങ്ങളും നിത്യസംഭവമായി മാറുകയായിരുന്നു. ഇവരിലെ ഒരു മലയാളി കഫീലിന്റ ഒമ്പതു വയസ്സായ പെണ്‍കുട്ടിയെ ലൈംഗികമായി കയറി പിടിച്ചതാണ് കഥ മാറാന്‍ കാരണം. . 'മസ്‌റ'യില്‍ ഒരു ദിവസം നിശാപാര്‍ട്ടി നടത്തുന്നുണ്ടന്നും ആ പാര്‍ട്ടിയില്‍ നിര്‍ബന്ധമായും നിങ്ങള്‍ എല്ലാവരും പങ്കെടുക്കണമെന്നും സംഘത്തിലെ നേതാവായിരുന്ന ഷാജഹാനെയും ബഷീറിനെയും സ്വദേശിയായ യൂസുഫ് വിവരമറിയിച്ചു. അവര്‍ കൂട്ടുകാരായിരുന്ന സലീമിനെയും ശൈഖിനേയും ഈ വിവരമറിയിക്കുകയും ചെയ്തു. അവര്‍ മദ്യലഹരിയില്‍ തന്നെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തി.
അപ്പോള്‍ മസ്‌റയുടെ അകത്തുള്ള ഒരു റൂമില്‍ ലഹരിയിലായിരുന്ന യൂസുഫടങ്ങുന്ന മൂവര്‍ സംഘം അവരെ സ്വീകരിച്ചു മറ്റൊരു റൂമില്‍ പിടിച്ചിരുത്തി വീണ്ടും മദ്യം വിളമ്പി. മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത് ഇവര്‍ പൂര്‍ണ്ണമായും കുഴഞ്ഞു വീണു. ഈ സമയത്താണ് മൂവര്‍ സംഘം ഇവരുടെ കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടി കാലുകള്‍ പരസ്പരം ബന്ധിച്ച് വായില്‍ തുണിക്കഷ്ണങ്ങളും പഞ്ഞികളും സ്‌പോഞ്ചുകഷ്ണങ്ങളും തിരുകിക്കയറ്റി ശേഷം വായ മാസ്‌കിങ് ടേപ്പ് കൊണ്ട് അടച്ചു മദ്യലഹരിയില്‍ വിചാരണ ചെയ്യാനാരംഭിച്ചു.
വീണ്ടും റൂമില്‍ കയറി മദ്യപിക്കുന്നതിനിടയിലാണ് കൂട്ടുകാരെത്തേടി ലാസര്‍ അവിടെ എത്തുന്നത്. ലാസര്‍ ഈ കാഴ്ച കണ്ട് അമ്പരന്ന് ഓടാന്‍ മുതിര്‍ന്നപ്പോള്‍ ലാസറിനേയും അടിച്ചുവീഴ്ത്തി മറ്റുള്ളവരേപ്പോലെ ബന്ധിക്കുകയായിരുന്നു. പിന്നീട് മരക്കഷ്ണമെടുത്ത് തലക്ക് ആഞ്ഞടിക്കുകയും പകുതി ജീവനോടെകുഴിച്ചുമൂടുകയും ചെയ്യുകയായിരുന്നു അവരുടെ രേഖകളും കുഴിയിലിട്ട് മൂടുകയായിരുന്നു.
ഈ ക്രൂരമായ ക്രത്യത്തിന് ഞങ്ങളെ പ്രേരിപ്പിച്ചത് 'ഞങ്ങള്‍ തമ്മിലുുള്ള അടങ്ങാത്ത പകയും വിദ്വേഷവുമായിരുന്നു' പ്രതികളായി പിടിക്കപ്പെട്ട യൂസുഫും അമ്മാറും മുര്‍തളയും ഖതീഫ് ക്രമിനല്‍ കോടതിയില്‍
നല്‍കിയ മൊഴിയാണിത്. മൊഴി കോടതി അംഗീകരിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
ഖതീഫ് ക്രമിനല്‍ കോടതിയിലെ മൂന്നംഗ ഡിവിഷന്‍ ബെഞ്ച് വിചാരണ പൂര്‍ത്തിയാക്കി സ്വദേശികളായ മൂന്ന് പ്രതികളെ മരിക്കുന്നത് വരെ വധശിക്ഷക്ക് വിധയമാക്കുവാനും കൊല്ലപ്പെട്ട പ്രതികളുടെ അനന്തരവകാശികള്‍ക്ക് മാപ്പു നല്‍കാനുള്ള അവകാശം വിധിയില്‍ നിന്ന് എടുത്ത് കളയുകയുമായിരുന്നു.
സംശയത്തിന്റെ നിഴലില്‍ പിടിയിലായ പ്രതികളുടെ അടുത്ത കൂട്ടുകാരയിരുന്ന മലയാളികളായ നാലു വര്‍ക്കല സ്വദേശികളെ രണ്ടും മൂന്നും നാലും വര്‍ഷം ജയിലിലടക്കാനും കോടതി വിധിക്കുകയുണ്ടായി. ഇവരിപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇവരെ ഉടനെ നാടുകടത്തപ്പെടും.
ഈ സംഭവത്തില്‍ നിന്നും പ്രവാസികളായ നാം ഏറെ പഠിക്കേണ്ടതുണ്ടെന്നും മദ്യ നിര്‍മാണത്തിന്റെയും വില്പനയുടെയും ഹോള്‍ സൈല്‍ ഏജന്റുമാരായി സഊദി അറേബ്യയില്‍ പിടിക്കപ്പെട്ടവരിലധികവും മലയാളികളാണെന്നും ദമാം ക്രിമിനല്‍ കോടതി പരിഭാഷകനായ നജാത്തി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."