സഊദിയുടെ ആരോപണം അടിസ്ഥാനരഹിതം, വിദേശനയത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും ഖത്തര്‍
ദോഹ: വിദേശനയത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി. തീവ്രവാദഗ്രൂപ്പുകളുമായും വ്യക്തികളുമായും ഖത്തറിന് ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദോഹയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അയല്‍രാജ്യങ്ങളുടെ ഉപരോധത്തെ നിരാകരിച്ച അദ്ദേഹം ശത്രുരാജ്യങ്ങള്‍ പോലും കാണിക്കാത്ത ഒറ്റപ്പെടുത്തലാണ് ഇപ്പോള്‍ നടക്കുന്നതെന്നും അല്‍ജസീറ ചാനലിനോട് പ്രതികരിച്ചു .
സൗദി സഖ്യ രാജ്യങ്ങളുടെ ഉപരോധത്തെ ഭയന്ന് വിദേശനയത്തില്‍ മാറ്റം വരുത്താന്‍ ഖത്തര്‍ ഒരുക്കമല്ലെന്നും നിലവിലെ ഉപരോധത്തെ അവഗണിച്ച് മുന്നോട്ടുപോവാന്‍ രാജ്യത്തിനാവുമെന്നും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി വ്യക്തമാക്കി. ഭക്ഷ്യ ഇറക്കുമതിക്കുള്ള ബദല്‍മാര്‍ഗ്ഗങ്ങള്‍ തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഏതെങ്കിലും തരത്തിലുള്ള സൈനികമായ നീക്കം പ്രതീക്ഷിക്കുന്നില്ലെന്നും ഖത്തര്‍ സൈന്യത്തിന്റെ വിന്യാസത്തില്‍ പ്രത്യേക മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. തുര്‍ക്കി സൈനികര്‍ ഖത്തറിലെത്തുന്നത് പ്രദേശത്തിന്റെ മൊത്തം സമാധാനത്തിന് വേണ്ടിയാണെന്നും ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന്റെ ദൗത്യത്തില്‍ പ്രത്യേക മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഖത്തറുമായി ബന്ധം വിച്ഛേദിക്കാനുള്ള അയല്‍ രാജ്യങ്ങളുടെ തീരുമാനത്തിലൂടെ പതിനായിരത്തിലേറെ പേരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായി ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി(എന്‍.എച്ച്.ആര്‍.സി) ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."