സഊദിയില്‍ വിമാനത്താവളത്തിനുനേരെ വീണ്ടും ഹൂതി മിസൈല്‍ ആക്രമണം
റിയാദ്: സഊദിയിലെ യമന്‍ അതിര്‍ത്തി പ്രദേശമായ അബഹയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ക്രൂയിസ് മിസൈല്‍ ആക്രമണം. യമനിലെ വിമത വിഭാഗമായ ഹൂതികള്‍ തൊടുത്തുവിട്ട ക്രൂയിസ് മിസൈല്‍ വിമാനത്താവളത്തില്‍ പതിച്ചെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബുധനാഴ്ച രാത്രി 11.30ഓടെയാണ് വിമാനത്താവളത്തില്‍ മിസൈല്‍ പതിച്ചതെന്ന് അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. സംഭവത്തില്‍ അധികൃതര്‍ ജാഗരൂകരാണെന്നും സിവിലിയന്മാരെ ലക്ഷ്യമിട്ട് അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ ഹൂതികള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച രാവിലെ യമനിലെ സന്‍ആയില്‍ നിന്ന് സഊദി അതിര്‍ത്തി ലക്ഷ്യമാക്കിയയച്ച ആയുധ ഡ്രോണ്‍ അറബ് സഖ്യ സേന തകര്‍ത്തിരുന്നു.
അതിനിടെ വ്യാഴാഴ്ച വീണ്ടും സഊദിക്ക് നേരെ സ്ഫോടക വസ്തുക്കളുമായെത്തിയ ഡ്രോണ്‍ സഊദി പ്രതിരോധ സേന തകര്‍ത്തു. യമനിലെ സഅദയില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ സഊദി മേഖലയിലെ ജനവാസ മേഖല ലക്ഷ്യമാക്കിയാണ് എത്തിയിരുന്നതെന്നും എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തും മുന്‍പ് തകര്‍ത്തുവെന്നും തുര്‍ക്കി അല്‍ മാലികി അറിയിച്ചു. സഊദി ജനവാസ മേഖലയിലെ താമസക്കാരെ സംരക്ഷിക്കുന്നതിന് വേണ്ട മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."