അയല്‍ രാജ്യങ്ങള്‍ പുറത്തുവിട്ട ഭീകര പട്ടിക വസ്തുതയ്ക്കു നിരക്കാത്തതെന്നു ഖത്തര്‍
ദോഹ: നിരവധി വ്യക്തികളെയും സംഘടനകളെയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ നാല് അറബ് രാജ്യങ്ങളുടെ നടപടി ഖത്തര്‍ തള്ളി. വസ്തുതകളുടെ പിന്‍ബലമില്ലാത്തതും അടിസ്ഥാന രഹിതവുമായ ആരോപണമാണ് നാലു രാജ്യങ്ങളും സംയുക്ത പ്രസ്തവാനയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും ഖത്തര്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
'ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന്റെ നിരീക്ഷണപ്പട്ടിക' സംബന്ധിച്ച് സൗദി അറേബ്യ, ബഹറൈന്‍, ഈജിപ്ത്, യു.എ.ഇ എന്നീ നാല് രാജ്യങ്ങള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്നതാണെന്ന് ഖത്തര്‍ വ്യക്തമാക്കി.
സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട പലരേക്കാളം ശക്തമാണ് ഭീകരതയ്‌ക്കെതിരായ തങ്ങളുടെ നിലപാട്. ഈ വസ്തുത സൗകര്യപൂര്‍വം അവഗണിച്ചിരിക്കുകയാണ്. യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തിയും ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയും തീവ്രവാദ അജണ്ടകളെ വെല്ലുവിളിക്കുന്ന കമ്യൂണിറ്റി പ്രോഗ്രാമുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയും മേഖലയില്‍ ഭീകരതയുടെ മൂലകാരണങ്ങള്‍ ഇല്ലാതാക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഖത്തറുമായി ഒരു ബന്ധവുമില്ലാത്തവരും ഖത്തറില്‍ ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്തവരുമായ മാധ്യമ പ്രവര്‍ത്തകരെയും വ്യക്തികളെയുമൊക്കെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദേശ കാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്്ദുല്‍റഹ്്മാന്‍ ആല്‍ഥാനി ജര്‍മനിയില്‍ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തിയുള്ള ഈ കൂട്ട ശിക്ഷ ഏറ്റുവാങ്ങുന്നതിന് ഖത്തര്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.
ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും കര, വ്യോമ, കടല്‍ പാതകള്‍ അടച്ച നടപടി കൂട്ട ശിക്ഷയുമാണെന്ന് ശെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ഇത് മേഖലയില്‍ ഗുണപരമായല്ല ദോഷകരമായാണ് ബാധിക്കുകയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിനിടെ, സൗദി സഖ്യം പുറത്തുവിട്ട പട്ടിക വസ്തുനിഷ്ടമല്ലെന്ന് യുകെ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്(എ.ഒ.എച്ച്.ആര്‍) ആരോപിച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. തെളിവുകളുടെയോ നിഷ്പക്ഷമായ ജുഡീഷ്യല്‍ അധികാരത്തിന്റെയോ പിന്‍ബലമില്ലാതെ രാഷ്ട്രീയ താല്‍പര്യങ്ങളോടെ ഉണ്ടാക്കിയതാണ് പട്ടികയെന്ന് എ.ഒ.എച്ച്.ആര്‍ പ്രസ്താവിച്ചു.
വ്യക്തികളുടെയും ജീവകാരുണ്യ സംഘടനകളുടെ ബഹുമാന്യതയെ കളങ്കപ്പെടുത്തിയതിലൂടെ മാനഹാനിക്കെതിരായ നിയമം വ്യക്തമായി ലംഘിച്ചിരിക്കുകയാണ് ഈ പട്ടികയെന്നും എ.ഒ.എച്ച്.ആര്‍ ചൂണ്ടിക്കാട്ടി.
59 വ്യക്തികളെയും ഖത്തര്‍ ചാരിറ്റി, ഈദ് ചാരിറ്റി ഉള്‍പ്പെടെ 12 സംഘടനകളെയുമാണ് നാല് അറബ് രാജ്യങ്ങള്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ യുഎന്നുമായും മറ്റു സംഘടനകളുമായും സഹകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവയാണ് ഖത്തറിലെ ചാരിറ്റി സംഘടനകള്‍. പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ക്കാണ് ഇവ അന്നവും അഭയവും നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."