ഖത്തറിനെതിരായ സഊദി നീക്കത്തിന് മുസ്ലിം വേള്‍ഡ് ലീഗിന്റെ പിന്തുണ
റിയാദ്: ഖത്തറിനെതിരായ നയതന്ത്ര നീക്കത്തില്‍ സഊദി അറേബ്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പിന്തുണയുമായി ലോക മുസ്ലിം ലീഗ്. ബഹ്റൈന്‍, സഊദി, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വെള്ളിയാഴ്ച പുറത്തിറക്കിയ തീവ്രവാദ സഹായികളെന്നാരോപിച്ചുള്ള ലിസ്റ്റാണ് മുസ്ലിം വേള്‍ഡ് ലീഗ് അംഗീകരിച്ചത്.
ഖത്തര്‍ പൗരന്മാരടക്കം 59 പേരെയും പ്രമുഖ ഖത്തര്‍ സംഘടനകളടക്കം 12 സംഘടനകളെയും തീവ്രവാദ സഹായ കേന്ദ്രങ്ങളെന്നു മുദ്ര കുത്തിയ നടപടികള്‍ അംഗീകരിക്കുന്നതായി വേള്‍ഡ് മുസ്ലിം ലീഗ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
കോടീശ്വരന്മാരും പ്രമുഖരുമായി 18 ഖത്തരികളെ കൂടാതെ ലിബിയ, ഈജിപ്ത്, ബഹ്റൈന്‍, തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍ രാജ കുടുംബങ്ങള്‍ ഉള്‍പ്പെടെ പ്രശസ്ത പണ്ഡിതനെന്നറിയപ്പെടുന്ന യൂസുഫുല്‍ ഖറദാവിയും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വേള്‍ഡ് മുസ്ലിം ലീഗില്‍ അംഗമായ ഖറദാവിയുടെ അംഗത്വം റദ്ദ് ചെയ്യുകയും ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയിലെ അംഗത്വം സംഘടന മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നാല് മുസ്ലിം രാജ്യങ്ങളുടെ പുതിയ തീരുമാനത്തിലാണ് നടപടിയെന്ന് മുസ്ലിം വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതിലും സഖ്യ രാജ്യങ്ങളുമായി നിരന്തരം കരാറുകള്‍ ലംഘിക്കുന്നതിലും ഉള്‍പ്പെട്ടതാണ് വ്യക്തികളും സംഘടനകളുമെന്ന് നാലു രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ലോക രാജ്യങ്ങളുമായി തീവ്രവാദം ചെറുക്കുന്നതില്‍ സഹകരണം തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു. അനുരഞ്ജന ശ്രമങ്ങള്‍ക്കിടെ വീണ്ടും പുതിയ നീക്കങ്ങളുമായി സഊദിയടക്കമുള്ള അറബ് രാജ്യങ്ങള്‍ മുന്നോട്ട് വന്നത് കൂടുതല്‍ ആശങ്കയിലാഴ്ത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."