ശക്തമായ കാറ്റിലും മഴയിലും തൃക്കൂരില്‍ വ്യാപക നാശം
പുതുക്കാട്: തൃക്കൂര് പഞ്ചായത്തിന്റെ മലയോര മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം.
കല്ലൂര്‍ ഭരതയില്‍ രണ്ടായിരത്തോളം നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞു വീണു. തറക്കല്‍ ബിജുവിന്റെ തോട്ടത്തിലെ വാഴകളാണ് ഒടിഞ്ഞു വീണത്. ഒരു മാസം കഴിഞ്ഞാല്‍ വിളവെടുക്കാവുന്ന വാഴകളാണ് നശിച്ചത്. പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഭരത മേഖലയില്‍ പാവക്ക കൃഷി വ്യാപകമായി നശിച്ചു. കുളത്തിങ്കല്‍ സ്റ്റീഫന്റെ രണ്ട് ഏക്കറും തറക്കല്‍ ബിജുവിന്റെ ഒരു ഏക്കറും മലയേപ്പിള്ളി പത്രോസിന്റെ അമ്പത് സെന്റിലും കൃഷിയിറക്കിയ പാവക്ക പന്തലാണ് കാറ്റില്‍ നിലംപൊത്തിയത്. മൂപ്പെത്താറായ പാവല്കൃഷിയാണ് പൂര്‍ണമായും നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കു സംഭവിച്ചിട്ടുള്ളത്. നിരവധി സ്ഥലങ്ങളില്‍ മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. തൃക്കൂര് മതിക്കുന്നില്‍ മരങ്ങള്‍ വീണ് വീട് തകര്‍ന്നു. പനച്ചില്‍ ബാബു വാടകക്ക് താമസിക്കുന്ന ഓടിട്ട വീടാണ് മരം വീണു തകര്‍ന്നത്. ആര്‍ക്കും പരുക്കില്ല. പുതുക്കാട് മേഖലയിലുണ്ടായ ഇടിമിന്നലില്‍ നിരവധി വൈദ്യുതോപകരണങ്ങള്‍ നശിച്ചു. പലയിടങ്ങളിലും മരം വീണ് വൈദ്യുതി ബന്ധം താറുമാറായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."