തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്കുകള്‍ ഇറക്കിയിടുന്നത് പ്ലാറ്റ്ഫോമില്‍
തിരൂര്‍: ദീര്‍ഘ ദൂര ട്രെയിനുകളിലൂടെ തിരൂരിലെത്തുന്ന ചരക്കുകള്‍ പാര്‍സല്‍ ഓഫിസിലെത്തിക്കാതെ കൂട്ടിയിടുന്നത് പ്ലാറ്റ്ഫോമില്‍ പലയിടത്തും.
മലിനജലം ഒലിച്ചിറങ്ങുന്ന മത്സ്യബോക്സുകള്‍ മുതല്‍ ലക്ഷങ്ങള്‍ വില വരുന്ന ടെക്സ്റ്റൈല്‍ പാര്‍സലുകള്‍ വരെ നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന പ്ലാറ്റ്ഫോമില്‍ ഇറക്കിയിടുന്നതാണ് തിരൂരിലെ പതിവ്. ട്രെയിനുകളില്‍ വരുന്ന പാര്‍സലുകള്‍ പാര്‍സല്‍ ഓഫിസിലെത്തിച്ച് പരിശോധിച്ച ശേഷം മാത്രം ഉടമകള്‍ക്ക് നല്‍കണമെന്നാണ് നിബന്ധന. എന്നാല്‍ ഇതിന് വിപരീതമായാണ് തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെ കാര്യങ്ങള്‍.
റെയില്‍വേ പൊലിസ് ഉള്‍പ്പെടെയുള്ളവരുടെ കണ്മുന്നില് പാര്‍സല്‍ ബോക്സുകള്‍ പ്ലാറ്റ്ഫോമില്‍ പലയിടത്തായി കൂട്ടിയിട്ടാലും പോര്ട്ടര്മാര്ക്കോ ചരക്ക് ഉടമകള്‍ക്കോ യാതൊരു പ്രശ്നവുമില്ലാത്ത സ്ഥിതിയാണ്. ട്രെയിനുകളില്‍ എത്തുന്ന സാധനങ്ങള്‍ എളുപ്പത്തില്‍ ഉടമകള്‍ക്ക് കൊണ്ടുപോകാനാണ് റോഡ് സൗകര്യമുള്ളതിന് സമീപത്ത് പ്ലാറ്റ്ഫോമിലായി ചരക്കുകള്‍ കൊണ്ടിടുന്നതെന്നാണ് പോര്‍ട്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പാര്‍സല്‍ ഓഫിസിലെത്തിക്കാതെ വന്‍ വിലയുടെ ചരക്കുകള്‍ കൊണ്ടുപോകുന്നത് നികുതി വെട്ടിക്കാനാണെന്നാണ് ആരോപണം. റെയില്‍വേ പൊലിസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണിതെല്ലാം പതിവായി നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."