ത്രിപുരയ്ക്ക് പഠിക്കുന്ന കേരള സി.പി.എം
നവോത്ഥാനപ്രസ്ഥാനമെന്ന നിലയില്‍ ഒരുകാലത്ത് ഇന്ത്യന്‍ സമൂഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയരംഗം പൊതുവേ ജീര്‍ണതയില്‍ ആണ്ടുകിടന്നതില്‍ മനംനൊന്തു നിന്ന സാധാരണമനുഷ്യര്‍ക്ക് അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രതീക്ഷയേകിയിരുന്നു.
എന്നാല്‍, കാലം മുന്നോട്ടുപോകവേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മതങ്ങളുമായി സംഘട്ടനത്തിലേര്‍പ്പെടുകയും സാമ്പ്രദായിക രാഷ്ട്രീയശീലങ്ങള്‍ സ്വന്തം നയങ്ങളായി സ്വീകരിക്കുകയും പാര്‍ലമെന്ററി വ്യാമോഹത്തില്‍ ആമഗ്നരാവുകയും ചെയ്തതോടെ ജനത്തിന്റെ പഴയ വിശ്വാസവും സ്വീകാര്യതയും തകരാന്‍ തുടങ്ങി. ക്രമേണ, ഒരുകാലത്ത് തങ്ങള്‍ ആദരവോടെ നോക്കിക്കണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയും നേതാക്കളെയും ജനം നിരാകരിക്കാന്‍ തുടങ്ങി. പുതിയ തലമുറയ്ക്ക് അവര്‍ അസ്പൃശ്യരായി. വിചാരണചെയ്യപ്പെടേണ്ടവരായി.
തൊഴിലാളിപക്ഷപാതവും ജന്മിത്വവിരുദ്ധതയും ഭൂപരിഷ്‌കരണാഭിമുഖ്യവും മേലാള-കീഴാള വര്‍ഗീകരണത്തിനും വിവേചനത്തിനുമെതിരേയുള്ള നിലപാടുകളുമാണ് കമ്മ്യൂണിസത്തിന് ഇന്ത്യയില്‍ വേരോട്ടമുണ്ടാക്കാന്‍ സഹായിച്ചത്. ആ ആശയങ്ങളെല്ലാം അടിയറവയ്ക്കുകയും പലതായി പിച്ചിച്ചീന്തപ്പെടുകയും ചെയ്ത കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഇപ്പോള്‍ ദയാവധം കാത്തുകഴിയുകയാണ്.
ഏറെ ശക്തമായിരുന്ന തെലുങ്കാനയില്‍ ഇന്നു ഒരു പഞ്ചായത്ത് വാര്‍ഡില്‍പ്പോലും മത്സരിക്കാന്‍ ശേഷിയില്ലാതത്ര അവശതയിലാണു കമ്മ്യൂണിസ്റ്റുകള്‍. രാഷ്ട്രീയപ്രതിസന്ധിയുടെ ഒരു ഘട്ടത്തില്‍ മറ്റുള്ള ജനാധിപത്യ ഇന്ത്യ പ്രധാനമന്ത്രിപദം ജ്യോതിബസുവിനു മുന്നില്‍ താലത്തില്‍വച്ചു നല്‍കാന്‍ മുന്നോട്ടുവന്നിരുന്നുവെന്നു നമുക്കറിയാം. സമീപഭാവിയില്‍ ജനാധിപത്യ, മതേതരശക്തികള്‍ക്കു കേന്ദ്രഭരണം കിട്ടിയാല്‍ ഒരു സഹമന്ത്രിസ്ഥാനത്തിനെങ്കിലും ആ പ്രസ്ഥാനത്തെ പരിഗണിക്കാന്‍ ആരെങ്കിലും തയാറാകുമെന്നു വിശ്വസിക്കാനാവുമോ.
മൂന്നു പതിറ്റാണ്ടിലേറെ സി.പി.എം നയിക്കുന്ന ഇടതുമുന്നണി അടക്കി ഭരിച്ച സംസ്ഥാനമാണു പശ്ചിമബംഗാള്‍. ത്രിപുരയിലെ മുഖ്യമന്ത്രി പദത്തില്‍ ഏറ്റവും ലാളിത്യത്തോടെ ജീവിച്ചു മാതൃക കാണിച്ചവരായിരുന്നു നൃപന്‍ ചക്രവര്‍ത്തിയും മണിക് സര്‍ക്കാറും. പക്ഷേ, രണ്ടു സംസ്ഥാനങ്ങളിലും ഭരണം നഷ്ടപ്പെട്ടു.
പശ്ചിമബംഗാളില്‍ ദീര്‍ഘകാലമായി അധികാരത്തിനു പുറത്താണ്. നാലാംസ്ഥാനത്തിനു വേണ്ടിയാണിപ്പോള്‍ പാര്‍ട്ടി മത്സരിക്കുന്നത്. മൂലധനവും വരട്ടുതത്വശാസ്ത്രങ്ങളും വായിച്ചു കാത്തുനില്‍ക്കാന്‍ അധികകാലം ആരെയാണു കിട്ടുക.
ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാനഭരണകൂടത്തിനു ബാധ്യതയുണ്ട്. എന്നാല്‍, അതേപോലെ വിശ്വാസികളുടെ അവകാശം സംരക്ഷിക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഒന്നാംഘട്ടത്തില്‍ സര്‍ക്കാര്‍ ഇടംവലം നോക്കാതെ വിധിയെ സ്വാഗതം ചെയ്തു. പുനഃപരിശോധനാ ഹരജി നല്‍കില്ലെന്നു പ്രഖ്യാപിച്ചു. പരിഷ്‌കാരക്കുപ്പായം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ജനമനസു വായിക്കാന്‍ മറന്നു.
പാര്‍ട്ടിയുടെ വോട്ട് ബാങ്ക് ദലിതരും ഈഴവരുമടങ്ങിയ പിന്നാക്കവിഭാഗങ്ങളാണ്. അവരില്‍ നല്ലൊരു ശതമാനം വിശ്വാസികളുമാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ 25 അനുച്ഛേദം സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചാരണത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കിയിട്ടുണ്ട്.
പൊതുസമാധാനത്തിനും സാന്മാര്‍ഗികതയ്ക്കും ആരോഗ്യത്തിനും ഈ ഭാഗത്തിലെ വ്യവസ്ഥകള്‍ക്കു വിധേയമായി എല്ലാ ആളുകളും പെരുമാറേണ്ടതുണ്ട്. ഇഷ്ടപ്പെട്ട മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഒരുപോലെ അവകാശം ഭരണഘടന നല്‍കുന്നുണ്ട്.
ഭരണഘടനാദത്തമായ ഈ അവകാശം ലംഘിക്കുന്ന തരത്തില്‍ ജുഡിഷ്യറിയുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായാല്‍ നിയമനിര്‍മാണത്തിലൂടെ അതു മറികടക്കാന്‍ ഭരണകൂടത്തിനു ഭരണഘടന അവകാശം നല്‍കുന്നുണ്ട്. അത്തരമൊരു ഘട്ടത്തില്‍ ആ അധികാരമുപയോഗിച്ചു വിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ശബരിമലയിലെ യുവതീപ്രവേശനവിധി ക്ഷേത്രവിശ്വാസികള്‍ക്കു നേരേ കുതിരകയറാനുള്ള അവസരമായി വിനിയോഗിക്കുകയാണു ചെയ്തത്.
മതാചാരങ്ങള്‍ സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള അവകാശം മതാചാര്യന്മാര്‍ക്കു വിട്ടുകൊടുക്കണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അന്യമതക്കാര്‍ക്കു പ്രവേശനമില്ലെന്നത് അവരുടെ ആഭ്യന്തരകാര്യമാണ്. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഭരണകൂടം ഇടപെട്ടിരുന്നില്ല. കേരളത്തിലെ ഹിന്ദുക്കളെ ബി.ജെ.പിക്കു കാണിക്ക വച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ പൂജ്യം മാര്‍ക്കു വാങ്ങാനുള്ള പുറപ്പാടിലാണു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍.
യെച്ചൂരിയുടെ ആന്ധ്രയിലെ ദയനീയാവസ്ഥ കേരളത്തിലും വന്നുകൂടായ്കയില്ല. ത്രിപുരയുടെ സമസ്യകളില്‍ ഗൃഹപാഠം ചെയ്യാതെ പാര്‍ട്ടി എടുത്ത നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അവിടെയും ഇന്ത്യയിലെ ഇതരസ്ഥലങ്ങളിലും അന്യംനില്‍ക്കാന്‍ ഇടവരുത്തിയത്. പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ കണക്കിലൊതുങ്ങില്ല ജനവികാരം.
പുരോഗമനസ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍, പ്രത്യേകിച്ചു ഫാസിസം നയമായി സ്വീകരിക്കാത്ത പ്രസ്ഥാനങ്ങള്‍, അവധാനത കാണിക്കണം. ശബരിമല ക്ഷേത്രാചാരം നിലനിര്‍ത്താനും നിയമപരമായ സൗകര്യം ചെയ്യാനും ഭരണകൂടത്തിനു ബാധ്യതയുണ്ട്. 2.37 ശതമാനം വരുന്ന ദൈവനിഷേധികള്‍ക്കൊപ്പമല്ല രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നില്‍ക്കേണ്ടത്.
ആള്‍ബലം, ആശയബലം
ആള്‍ബലവും ആശയബലവും ഒത്തുചേര്‍ന്ന സംഘടനകള്‍ വിരളമാണ്. രണ്ടിലൊന്നു മാത്രമുള്ളവരാണു കൂടുതല്‍. എന്നാല്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആശയബലവും ആള്‍ബലവും ഒരേപോലെയുള്ള പ്രസ്ഥാനമാണ്.
1985ല്‍ ശംസുല്‍ ഉലമാ തുടക്കം കുറിച്ച ശരീഅത്ത് സംരക്ഷണപ്പോരാട്ടം, 1992-ല്‍ മര്‍ഹൂം ഉമര്‍ അലി ശിഹാബ് തങ്ങള്‍ നേതൃത്വം വഹിച്ച ശാന്തിയാത്ര എന്നിവ ആള്‍ബലത്തിന്റെയും ആശയബലത്തിന്റെയും ഉദാഹരണങ്ങളാണ്.
ബാബരി പള്ളി തകര്‍ക്കപ്പെട്ടപ്പോള്‍ മെഴുകുതിരി കത്തിച്ചുവച്ചു ബോംബ് നിര്‍മാണക്ലാസിലായിരുന്നു ചിലര്‍. അത്തരം ആപത്പാതയിലേയ്ക്കു നയിക്കപ്പെടുന്നതു തടഞ്ഞു ജനതയെ മുഖ്യധാരയില്‍ ഉറപ്പിച്ചുനിര്‍ത്തി അവകാശങ്ങള്‍ നേടാന്‍ പാകപ്പെടുത്തുകയായിരുന്നു സമസ്തയുടെ സാരഥികള്‍. ദുബൈയില്‍ പോയി കേരളത്തിലെ പെരുന്നാള്‍ ഉറപ്പിച്ചതു ശരീഅത്ത് വിരുദ്ധരാണെന്നു നാട്ടിക മൂസ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നിലപാടു പ്രഖ്യാപിച്ചതു കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വച്ചുതന്നെ.
2018 ഒക്ടോബര്‍ 13നു നടന്ന ശരീഅത്ത് സമ്മേളനം സംബന്ധിച്ചു ചിലരെങ്കിലും സ്വീകരിച്ച റിപ്പോര്‍ട്ടിങ് രീതി സമസ്തയുടെയും സമുദായ രാഷ്ട്രീയസംഘടനയുടെ അരറാത്തല്‍ ഇറച്ചിയരിയാന്‍ പറ്റുമോയെന്ന കുടിലചിന്തയാണ്. സംഘടന നടത്തുന്ന പരിപാടികളിലേയ്ക്കു സഞ്ചിയും കത്തിയുമായി വരുന്ന മാധ്യമപ്രവര്‍ത്തനം അറപ്പുളവാക്കുന്നതാണ്.
മുത്വലാഖ്, സ്വവര്‍ഗരതി, വിവാഹേതര ബന്ധം, വഖ്ഫ്, പള്ളിയുടെ പവിത്രത എന്നീ വിഷയങ്ങളില്‍ വെല്ലുവിളി നേരിട്ടപ്പോഴാണു സമസ്ത രംഗത്തുവന്നത്. മറ്റാരെയും ഈ രംഗത്തു കണ്ടില്ല. നേതാക്കളുടെ അര്‍ഥപൂര്‍ണമായ പ്രസംഗങ്ങള്‍ താക്കീതാണ്. ഉത്തരം മുട്ടിക്കലാണ്, രാഷ്ട്രീയനിലപാടു മാറ്റമാണ് എന്നൊക്കെ എഴുതണമെങ്കില്‍ അപാരമായ തൊലിക്കട്ടി വേണം.
മുസ്‌ലിം സമുദായം ആപത്തു നേരിട്ടപ്പോള്‍ ഞെളിഞ്ഞിരുന്ന് ആസ്വദിക്കാന്‍ നടത്തിയ നീക്കം ന്യായീകരിക്കത്തക്കതല്ല. അവനവന്‍ കുഴിച്ച കുഴിയില്‍ വീഴുന്നതു കൊണ്ടാണ് ഇത്തരം കടലാസ് സംഘടനകള്‍ കരപിടിക്കാത്തതും സര്‍ക്കുലേഷന്‍ ആയിരങ്ങള്‍ കടക്കാത്തതും. കോഴിക്കോട്ടങ്ങാടിയില്‍ വലിയ ജനക്കൂട്ടം ഒത്തുകൂടി ആധികാരിക പണ്ഡിതനേതൃത്വം ഭരണകൂടങ്ങളോടും ജനപ്രതിനിധികളോടും നടത്തിയ അഭ്യര്‍ഥന തിരിച്ചറിയാതെ പോയതു കഷ്ടമാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ചു പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ഏറ്റുപറയുന്നതിനു പകരം കല്ലെറിയാന്‍ തുനിഞ്ഞതു കുടിലത തന്നെയാണ്.
സാത്താന്‍ വാസുവിന്റെ കോലത്തിലും
വൈക്കം മുഹമ്മദ് ബഷീറിന് ഉന്മാദം പിടിപെട്ട് ആക്രമണോത്സുകനായ സന്ദര്‍ഭം. കത്തി വീശി വീട്ടുകാരെയും അയല്‍ക്കാരെയും അവിശ്വസിച്ചിരുന്ന ഘട്ടം. എം.ടി വാസുദേവന്‍ നായര്‍ വീട്ടിലെത്തി. കത്തിയുമായി നിന്ന ബഷീറിനോടു പറഞ്ഞു: ''ഗുരോ ഇതു ഞാനാണ്. അങ്ങയുടെ ശിഷ്യന്‍ വാസു.''
ബഷീറിന്റെ മറുപടി: ''സാത്താന്‍ വാസുവിന്റെ കോലത്തിലും വരും. പോകൂ പുറത്ത്.''
മണ്ണൊലിപ്പു കാരണം അടിത്തറയിളകിയ പല പാര്‍ട്ടികള്‍ക്കും ഉന്മാദം പിടിപെട്ടിരിക്കുന്നു. നന്മ പറഞ്ഞു കൊടുത്താലും ഇവര്‍ക്കു മനസിലാവുന്നില്ല.
പത്രങ്ങള്‍ നിര്‍വഹിക്കേണ്ട നല്ല നല്ല കാര്യങ്ങള്‍ നിലനില്‍ക്കെ മനുഷ്യരുടെ വിവരാവകാശമാണു പല മാധ്യമങ്ങളും നിഷേധിക്കുന്നത്. സംഭവത്തിന്റെ ആശയം പുറത്തെത്തിക്കുന്നതിനു പകരം അപമാനിക്കാനുള്ള ശ്രമം അപലപനീയമാവുന്നത് അതുകൊണ്ടാണ്. ഇനിയും ഭിന്നിപ്പിന്റെ മതിലുകെട്ടാനാവുമോയെന്ന അന്വേഷണം വിലപ്പോവില്ലെന്നുറപ്പ്.
അമ്മ
ലോകത്ത് ഏറ്റവും അധികം ആദരിക്കപ്പെടുന്ന വാക്കുകളിലൊന്നാണ് അമ്മ. ചലച്ചിത്രരംഗത്തെ നാനൂറിലധികം പേര്‍ ചേര്‍ന്നു രൂപീകരിച്ചു നടത്തുന്ന സംഘടനയുടെ പേര് 'അമ്മ'യെന്നാണ്.
തിക്കുറിശ്ശി സുകുമാരന്‍ നായരും അടൂര്‍ ഭാസിയും ഇപ്പോള്‍ വിചാരണ ചെയ്യപ്പെടുന്നു. ആണും പെണ്ണും കൂടുന്നിടത്തു തട്ടലും മുട്ടലും അത്ര കാര്യമാക്കേണ്ടതില്ലെന്നാണു മുതിര്‍ന്നവരുടെ പ്രസ്താവം. പ്രണയം തടയാന്‍ ശ്രമിച്ച പാവം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതാണു കുറേ നാളായി 'അമ്മ'യെ വേട്ടയാടുന്ന പ്രശ്‌നം.
കക്ഷി കാശുകാരനാണ്. നിര്‍മാതാക്കളുടെ ചീട്ട് പോക്കറ്റിലിട്ടാണു നടപ്പ്. അതിനാല്‍ കുറ്റവാളിയല്ല, കുറ്റാരോപിതന്‍ മാത്രമാണെന്ന തലത്തിലേയ്ക്കു കാര്യങ്ങള്‍ എളുപ്പമെത്തിച്ചു.
പിണറായി പറഞ്ഞപോലെ കടക്കുപുറത്തെന്നു പറയാന്‍ നട്ടെല്ലു വേണമായിരുന്നു. സഹപ്രവര്‍ത്തകയോടു കാണിച്ച ചെയ്തി നോക്കിയാല്‍ പ്രാര്‍ഥിക്കുകയല്ല പ്രഹരിക്കുകയാണു വേണ്ടത്. ഏതായാലും 'അമ്മ' സംഘടനയോട് ഒരഭ്യര്‍ഥനയേയുള്ളു, താരസംഘടനയുടെ പേരു മാറ്റണം. ദയവായി 'അമ്മയെന്ന് 'ഉരിയാടരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."