അലിഗഢ് മലപ്പുറം സെന്റര്‍ വിപുലീകരിക്കണം: മന്ത്രി ജലീല്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: അലിഗഢ് സര്‍വകലാശാലയുടെ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ഉപകേന്ദ്രത്തില്‍ കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിച്ച് സെന്ററിനെ വിപുലീകരിക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് മന്ത്രി ഡോ.കെ.ടി ജലീല്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഡോ. രമേഷ് പൊഖ്‌രിയാല്‍, കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെട്ടു.
അലിഗഡ് കേന്ദ്രത്തിന് നാളിതുവരെ കൂടുതല്‍ വളര്‍ച്ച ഉണ്ടായിട്ടില്ല. 350 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ഏറ്റെടുത്തു നല്‍കിയത്. 300 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കിലും തുക ലഭ്യമായില്ല.
അതിനാല്‍ കേരളത്തിന്റെ ഈ ആവശ്യത്തിനായി അധിക ഫണ്ട് അലിഗഢ് യൂനിവേഴ്‌സിറ്റിക്ക് ലഭ്യമാക്കണം. ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ചെലവാക്കിയിട്ടുള്ളത് 60 കോടി രൂപയാണ്. 110 കോടിയുടെ ഭരണാനുമതി നേരത്തെ നല്‍കിയെങ്കിലും തുക ലഭ്യമായില്ല.
ഹൈദരാബാദിലെ ഇഫ്‌ളു സെന്ററിന്റെ ഉപകേന്ദ്രവും കേരളത്തില്‍ തുടങ്ങണം. ധാരാളം വിദ്യാര്‍ഥികള്‍ ജോലി തേടിയും മറ്റും വിദേശത്തു പോകുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള വിദേശ ഭാഷാ പഠനകേന്ദ്രം കേരളത്തിലുണ്ടാകേണ്ടത് ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രണ്ട് ആവശ്യങ്ങളോടും അനുകൂല പ്രതികരണമാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മന്ത്രി അറിയിച്ചു. ഈ വിഷയത്തില്‍ കൂടിക്കാഴ്ച്ചയില്‍ വച്ചു തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അടിയന്തര നടപടി കൈക്കൊള്ളാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അലിഗഢ് മുസ്‌ലിം സര്‍വകലാശാല ഉപകേന്ദ്രത്തിന്റെ വിപുലീകരണം സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് വൈസ് ചാന്‍സലര്‍ക്ക് കത്തു നല്‍കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ കേന്ദ്രവിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയുടെ മലയാളം പതിപ്പും കേന്ദ്രമന്ത്രി നല്‍കി. ഇക്കാര്യത്തില്‍ സെപ്റ്റംബര്‍ 12 ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."