പട്ടയ വിതരണ നടപടികള്‍ നവംബര്‍ 30നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം ശംസുദ്ധീന്‍ഫൈസി
മലപ്പുറം: സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പട്ടയവിതരണ നടപടികള്‍ കാര്യക്ഷം ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന നിര്‍ദേശവുമായി സര്‍ക്കാര്‍. നവംബര്‍ 30നകം പട്ടയവിതരണം പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 50,000 പട്ടയങ്ങള്‍ നല്‍കാനാണു തീരുമാനമെങ്കിലും നിലവില്‍ ശേഖരിച്ച കണക്കുകള്‍ പ്രകാരം 8000 പട്ടയങ്ങള്‍ മാത്രമെ വിതരണത്തിനായി തയാറായിട്ടുള്ളൂ.
മുഴുവന്‍ ജില്ലകളിലെയും കലക്ടര്‍മാരെ ഉള്‍പ്പെടുത്തി നടത്തിയ യോഗത്തില്‍ സെപ്റ്റംബറോടെ എല്ലാ ജില്ലകളിലും പട്ടയമേളകള്‍ സംഘടിപ്പിച്ച് 50,000 പേര്‍ക്കുള്ള പട്ടയ വിതരണം പൂര്‍ത്തീകരിക്കാനായിരുന്നു നേരത്തെ തീരുമാനം എടുത്തിരുന്നത്. എന്നാല്‍ പ്രളയക്കെടുതി കാരണം നടപടികള്‍ അനന്തമായി നീണ്ടുപോവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ സമയം അനുവദിച്ചത്.
എന്നാല്‍ ഫെയര്‍വാല്യു പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാരണം പട്ടയ മേളകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. ഇതുവരെ തയാറാക്കിയ പട്ടയങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സര്‍ക്കാറിനെ അറിയിച്ചത്. ഫെയര്‍വാല്യു പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിരവധി ജോലികളാണ് വില്ലേജുകളില്‍ ചെയ്തു തീര്‍ക്കാനുള്ളത്. സര്‍വേ സബ് ഡിവിഷനുകളിലെ ചെറിയ കൈവശ ഭൂമികള്‍വരെ നേരിട്ടു പരിശോധിച്ച് വില നിര്‍ണയിച്ച് റെക്കോഡ് തയാറാക്കുന്ന ജോലികള്‍ നിര്‍വഹിക്കേണ്ടത് വില്ലേജ് ഓഫിസര്‍മാരാണ്.
നവംബര്‍ ഒന്നിനു തുടങ്ങി മൂന്നു മാസത്തിനകം മുഴുവന്‍ വില്ലേജുകളിലെയും എല്ലാ സബ് ഡിവിഷനുകളിലും ഉള്‍പ്പെട്ട കൈവശഭൂമികള്‍ പ്രത്യേകമായി നേരിട്ടു പരിശോധിച്ചു വില നിര്‍ണയിക്കണമെന്നാണ് റവന്യൂ കമ്മിഷനറുടെ നിര്‍ദേശം. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കാണെങ്കില്‍ ദിവസേനയുള്ള ജോലികളും വോട്ടര്‍ പട്ടിക പുതുക്കല്‍, റവന്യൂ ഊര്‍ജിത പിരിവ് തുടങ്ങിയ ജോലിത്തിരക്കുകളും കാരണം എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഒരു വില്ലേജില്‍ ശരാശരി 50,000 ഫീല്‍ഡുകളാണുള്ളത്. 90 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ പ്രതിദിനം 555 ഫീല്‍ഡുകള്‍ വെരിഫൈ ചെയ്യണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."