വിവരാവകാശ പ്രവര്‍ത്തകനെതിരേ വ്യാജ കേസ്; ഡിവൈ.എസ്.പിക്കും എസ്.ഐക്കുമെതിരേ നടപടിക്കു ശുപാര്‍ശ
മലപ്പുറം: വിവരാവകാശ അപേക്ഷകളും പരാതികളും പിന്‍വലിപ്പിക്കാനായി വ്യാജ കേസുകളെടുത്ത ഡിവൈ.എസ്.പിയും സബ് ഇന്‍സ്‌പെക്ടറും കുറ്റക്കാരാണെന്ന് പൊലിസ് കംപ്ലയിന്റ്‌സ് അതോറിറ്റി. മലപ്പുറം ഡിവൈ.എസ്.പിയായിരുന്ന എസ്.അഭിലാഷ്, തേഞ്ഞിപ്പലം എസ്.ഐ ആയിരുന്ന പി.മനോഹരന്‍ എന്നിവര്‍ക്കെതിരേയാണ് അതോറിറ്റിയുടെ വിധി. ഇരുവര്‍ക്കുമെതിരേ ചേലേമ്പ്ര സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ കെ.വി ഷാജി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ചേലേമ്പ്രയില്‍ ഭൂമിക്കച്ചവടക്കാര്‍ നിരന്തരമായി കുഴല്‍ കിണറുകള്‍ കുഴിച്ചതിനാല്‍ പരിസരത്തെ കിണറുകളിലെ വെള്ളം വറ്റിയിരുന്നു. ഇതിനെതിരേ ചാലിപ്പറമ്പ് സ്വദേശികള്‍ നടത്തിയ പ്രതിഷേധത്തെ സഹായിക്കാന്‍ എത്തിയ ഷാജിക്കെതിരേ എസ്.ഐ വ്യാജ കേസുകള്‍ എടുക്കുകയായിരുന്നു. ഒരു ഭൂമിക്കച്ചവടക്കാരന്റെ വീട്ടില്‍ രാത്രിയില്‍ അതിക്രമിച്ചു കയറി ഇയാളുടെ ഭാര്യയെ ആക്രമിച്ചു എന്ന വ്യാജ പരാതിയിലാണ് എസ്.ഐ മനോഹരന്‍ ഷാജിക്കെതിരേ കേസെടുത്തത്.
സംഭവത്തില്‍ ഷാജി സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഡിവൈ.എസ്.പി അഭിലാഷ് പരാതി അടിസ്ഥാന രഹിതമാണെന്ന് റിപ്പോര്‍ട്ട് നല്‍കി. യാതൊരുവിധ അന്വേഷണവും നടത്താതെയാണ് ഡിവൈ.എസ്.പി ഷാജിയുടെ പരാതി അടിസ്ഥാന രഹിതമാണെന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നു വിവരാവകാശ രേഖയിലൂടെ വ്യക്തമായി. തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ നടപടി ആവശ്യപ്പെട്ട് ഷാജി പൊലിസ് കംപ്ലയിന്റ്‌സ് അതോറിറ്റിയെ സമീപിച്ചത്. പരാതിയോടൊപ്പം ഹാജരാക്കിയ ഓഡിയോ സി.ഡിയില്‍ നിന്നും വിവരാവകാശ രേഖകളില്‍ നിന്നും ഡിവൈ.എസ്.പി എസ്.അഭിലാഷും, എസ്.ഐ. പി.മനോഹരനും കുറ്റക്കാരാണെന്നു വ്യക്തമാവുന്നതായി അതോറിറ്റി നിരീക്ഷിച്ചു. ഇരുവര്‍ക്കുമെതിരേ അന്വേഷണം നടത്തി മൂന്നുമാസത്തിനകം നടപടി സ്വീകരിക്കാന്‍ മുന്‍ ജില്ലാ ജഡ്ജി ഗോപിക്കുട്ടന്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ എന്നിവര്‍ അംഗങ്ങളുമായ അതോറിറ്റി സംസ്ഥാന പോലിസ് മേധാവിക്ക് ശുപാര്‍ശ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."