കാരാട് ബി.ജെ.പി ഓഫിസിന് അജ്ഞാതര്‍ തീയിട്ടു
കൊണ്ടോട്ടി: വാഴയൂര്‍ പഞ്ചായത്തിലെ കാരാട് ബി.ജെ.പി ഓഫിസിന് അജ്ഞാതര്‍ തീയിട്ടു. വ്യാഴാഴ്ച രാത്രിയിലാണ് കാരാട് കെ.എസ്.ഇ.ബി ഓഫിസിനു സമീപത്തുള്ള ബി.ജെ.പി ഓഫിസിന് അജ്ഞാതര്‍ തീയിട്ടത്. ഓഫിസിന്റെ ജനവാതില്വഴി പുറത്തുനിന്നു മണ്ണെണ്ണ അകത്തേക്കൊഴിച്ചു കത്തിച്ചതാണെന്നു കരുതുന്നു.
പോസ്റ്ററുകളും ബാനറുകളും ഫയലുകളും കത്തി നശിച്ചിട്ടുണ്ട്. വിവരമറിഞ്ഞു വാഴക്കാട് എസ്.ഐ വിജയരാജനും സമീപത്തെ അഴിഞ്ഞലം എയ്ഡ് പോസ്റ്റില്‍നിന്നുള്ള പൊലിസുമെത്തിയാണ് തീയണച്ചത്. ബി.ജെ.പി ഭാരവാഹികളുടെ പരാതിയില്‍ വാഴക്കാട് പൊലിസ് കേസെടുത്തു അന്വേഷണം തുടങ്ങി. സംഭവത്തെ തുടര്‍ന്നു മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകളും പൊലിസ് കാവലിലാണ്.
വാഴക്കാട് എസ്.ഐ, കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫ എന്നിവര്‍ അന്വേഷണം തുടങ്ങി. ഓഫിസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു ബി.ജെ.പി പ്രവര്‍ത്തകര്‍ കാരാട്ട് പ്രകടനം നടത്തി. സംഭവത്തിനു പിന്നില്‍ സി.പി.എമ്മാണെന്നു പ്രവര്‍ത്തകര്‍ ആരോപിച്ചു. ബി.ജെ.പി പ്രകടനത്തില്‍ സി.പി.എം കൊടികളും ബാനറുകളും അക്രമിച്ചെന്നാരോപിച്ചു സി.പി.എമ്മും കാരാട്ട് പ്രകടനം നടത്തി.മേഖലയില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
വാഴയൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലം മുതല്‍ ബി.ജെ.പിസി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. നേരത്തെ നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റ പുതുക്കോട് സ്വദേശിയും സി.പി.എം പ്രവര്‍ത്തകനുമായ യുവാവ് അടുത്തിടെ മരണപ്പെട്ടിരുന്നു. ഇതിനെ ചൊല്ലിയും ഇരുപാര്‍ട്ടികളും കൊമ്പുകോര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."