കെ.എസ്.ആര്.ടി.സിയിലെ കൂട്ട പിരിച്ചുവിടല്‍; എടപ്പാളില്‍ 52 പേര് പുറത്ത്
എടപ്പാള്‍: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കെ.എസ്.ആര്.ടി.സിയെ രക്ഷിക്കുകയെന്ന നയത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതില്‍ എടപ്പാളില്‍ വ്യാപക പ്രതിഷേധം. എടപ്പാള്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്കു കീഴില്‍ 52 പേരെയാണ് പിരിച്ചുവിട്ടത്. ഇവരില്‍ ഭൂരിഭാഗവും മെക്കാനിക്കല്‍ ജീവനക്കാരാണ്.
എടപ്പാളിലെ ബോഡി നിര്‍മാണ യൂനിറ്റിലെ ബ്ലാക്ക് സ്മിത്ത്, അപ്പോള്‍സ്റ്ററി വിഭാഗത്തിലെ ജീവനക്കാരാണ് ഇവര്‍.
പിരിച്ചുവിട്ടവരില്‍ 42 ജീവനക്കാര്‍ പുതിയ ബോഡി നിര്‍മാണ യൂനിയിലും പത്തോളം പേര് പഴയ ബസുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടും ജോലി ചെയ്തിരുന്നവരാണ്. കുറച്ചുകാലമായി സംസ്ഥാന വ്യാപകമായി പുതിയ ബസുകളുടെ നിര്‍മാണം നടക്കുന്നില്ല. പുതിയ ചെയ്സുകള്‍ എത്താത്തതിനെ തുടര്‍ന്നാണ് ബോഡി നിര്‍മാണം നടക്കാതിരുന്നത്.
അതിനാല്‍ ഈ ജീവനക്കാര്‍ മറ്റു ബസുകളുടെ അറ്റകുറ്റപ്പണിക്കു സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പിരിച്ചുവിട്ടവര്‍ക്കു പുറമേ പുതിയ ബസുകളുടെ ബോഡി നിര്‍മാണവുമായി ബന്ധപ്പെട്ട് എടപ്പാളില്‍ എട്ടോളം പേര് സ്ഥിരം ജീവനക്കാരുണ്ട്.
അവരെ മറ്റു വിഭാഗങ്ങളിലേക്കോ ഡിപ്പോകളിലേക്കോ മാറ്റുമെന്നാണ് അറിയുന്നത്. 2007 മുതല്‍ കെ.എസ്.ആര്.ടിസിയില്‍ ജോലി ചെയ്യുന്നവരാണ് പിരിച്ചുവിട്ടവരില്‍ പലരും. അഞ്ചു മുതല്‍ പത്തു വര്‍ഷംവരെ സര്വിസുള്ളവരെയാണ് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഒറ്റ ദിവസംകൊണ്ടു പിരിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."