കോണ്‍ഗ്രസിനെ പിണറായി നവോത്ഥാനം പഠിപ്പിക്കേണ്ട: ചെന്നിത്തല
വടകര: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ജനിക്കുന്നതിന് മുന്‍പ് നവോത്ഥാന മുന്നേറ്റത്തിനു കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും ശബരിമലയുടെ പേര് പറഞ്ഞു തങ്ങളെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നവോത്ഥാനം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേളപ്പജിയും കെ.പി കേശവമേനോനും ടി.കെ മാധവനും നയിച്ച വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ കോണ്‍ഗ്രസിന്റെ സമരമായിരുന്നു. അതിലെ വളണ്ടിയര്‍മാര്‍ മാത്രമായിരുന്നു കൃഷ്ണപിള്ളയും എ.കെ ഗോപാലനും. അന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനിച്ചിട്ടുപോലുമില്ല.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും വഴിതെളിയിച്ച നവോത്ഥാന പോരാട്ടത്തിന് മുന്‍പില്‍ നിന്ന ഏക പുരോഗമന പ്രസ്ഥാനം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാണെന്ന് ചെന്നിത്തല പറഞ്ഞു.
സി പി എം-ബിജെപി അക്രമ രാഷ്ട്രീയത്തിനെതിരെ 'സ്വസ്ഥം വടകര' എന്ന മുദ്രാവാക്യമുയര്‍ത്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകര കോട്ടപ്പറമ്പില്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിധിയുടെ മറവില്‍ സംസ്ഥാനത്ത് വര്‍ഗീയത ഇളക്കിവിടുന്നത് മുഖ്യമന്ത്രിയാണ്. പിണറായി പറയുന്നത് അവര്‍ണരും സവര്‍ണരും തമ്മിലുള്ള പ്രശ്‌നമാണെന്നാണ്. ഇത് അപകടകരമായ രാഷ്ട്രീയമാണ്. ജാതിയും മതവും വര്‍ണവും വര്‍ഗവുമില്ലാത്ത ശബരിമലയില്‍ അയിത്തമോ ലിംഗ വിവേചനമോ ഇല്ല. ആചാരത്തിന്റെ പേരിലുള്ള ചില നിയന്ത്രണങ്ങള്‍ മാത്രമാണുള്ളത്. വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്കെതിരെ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."