HOME
DETAILS

'പറ്റുമെങ്കില്‍ മകനെയൊന്ന് കൊണ്ടുവരണം, എനിക്കവനെ ഒന്നു കാണണം' അസം തടവു കേന്ദ്രത്തിലെ ഇരുമ്പുഗ്രില്ലുകള്‍ക്കപ്പുറത്ത് നിന്ന് സുര്‍ജമാല്‍ അലി പറഞ്ഞു

  
backup
August 30 2019 | 07:08 AM

assam-story-about-consentration-camp-30-08-2019

 

ഗുവാഹത്തി: ഗോല്‍പ്പാറ തടവുകേന്ദ്രത്തിലെ സന്ദര്‍ശക മുറിയുടെ പൊടിയടിഞ്ഞ ഇരുമ്പുഗ്രില്ലുകള്‍ക്കപ്പുറത്തേക്ക് 35കാരനായ സുര്‍ജമാല്‍ അലി വന്നുനിന്നത് ഭയംനിറഞ്ഞ കണ്ണുകളുമായാണ്. എന്നെ ഇടയ്ക്കിടെ ഇവിടെ വന്നു കണ്ടതുകൊണ്ട് കാര്യമില്ല. പുറത്തിറക്കാന്‍ ഹൈക്കോടതിയില്‍ വേണ്ടത് ചെയ്യൂ. പറ്റുമെങ്കില്‍ മകനെയൊന്ന് കൊണ്ടുവരണം. എനിക്കവനെ കാണണം. അലി കൂടെയുണ്ടായിരുന്ന ബന്ധു മുസ്‌ലിമുദ്ദീന്‍ അഹമ്മദിനോട് പറഞ്ഞു. തുടര്‍ന്ന് അലി പറഞ്ഞത് പലതും സന്ദര്‍ശക മുറിയിലെ തിരക്കിലെ ബഹളത്തിനിടയില്‍ മുങ്ങിപ്പോയി.


തിങ്ങിനിറഞ്ഞ സന്ദര്‍ശക ഭാഗത്ത് ഗ്രില്ലുകള്‍ക്കപ്പുറത്ത് നില്‍ക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരോട് സംസാരിക്കാന്‍ നിരവധി പേരുണ്ടായിരുന്നു. സ്ത്രീകളില്‍ ചിലര്‍ സന്ദര്‍ശകര്‍ക്കായി അതിരുതിരിച്ചു കെട്ടിയിരുന്ന കൂര്‍ത്ത കമ്പികള്‍ ചാടിക്കടന്ന് അരികിലെത്തി കമ്പിവലകള്‍ക്കിടയിലൂടെ പ്രിയപ്പെട്ടവരുടെ വിരലുകളില്‍ കൈകള്‍ ചേര്‍ത്തുവച്ച് വിങ്ങിക്കരഞ്ഞു. കയ്യിലിരിക്കുന്ന കുഞ്ഞുങ്ങളുടെ കൈകള്‍ വലയ്ക്കിടയിലൂടെ നീട്ടി വിരലുകളില്‍ തൊടീച്ചു. വിദേശിയെന്ന് മുദ്രകുത്തി തടവുകേന്ദ്രങ്ങളിലടയ്ക്കപ്പെട്ട നൂറുകണക്കിന് അസം സ്വദേശികളുടെ ദൈന്യതയാണിത്.


ഗോല്‍പ്പാറ തടവു കേന്ദ്രത്തിലെത്തണമെങ്കില്‍ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് 170 കി.മീറ്ററെങ്കിലും യാത്ര ചെയ്യണം. മുസ്‌ലിമുദ്ദീന്‍ അഹമ്മദിനും അലിയുടെ മറ്റൊരു ബന്ധു രാജു അലിയ്ക്കുമൊപ്പം ഗോല്‍പ്പാറ തടവുകേന്ദ്രത്തിലെത്തുമ്പോള്‍ അവിടെ പഴങ്ങളും പലഹാരങ്ങളുമായി നിരാശമുറ്റിയ കണ്ണുകളോടെ നിരവധി പേരുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമായിരുന്നു അവരില്‍ ഭൂരിഭാഗവും. സന്ദര്‍ശക സമയത്തിന് ഇനിയും മണിക്കൂര്‍ ബാക്കിയുണ്ട്. തടവുകാരെ കാണാന്‍ ആദ്യം അപേക്ഷ നല്‍കണം. അവര്‍ക്കൊപ്പം കുറച്ചു പഴങ്ങളും വാങ്ങി മുസ്‌ലിമുദ്ദീനും കാത്തു നിന്നു.


കാത്തിരിപ്പിനൊടുവില്‍ ബെല്ലടി ശബ്ദം കേട്ടു. സന്ദര്‍ശകര്‍ക്കുള്ള സമയമായിരിക്കുന്നു. ബന്ധുക്കള്‍ കൂട്ടത്തോടെ സന്ദര്‍ശക കേന്ദ്രത്തിനടുത്തേക്ക് ഓടി. ഗോല്‍പ്പാറ ജയില്‍ തന്നെയാണ് തടവു കേന്ദ്രമാക്കിയിരിക്കുന്നത്. അതിന്റെ ഒരു വശത്ത് ഷീറ്റിട്ടു തിരിച്ച ഭാഗമാണ് സന്ദര്‍ശകര്‍ക്കുള്ളത്. അവിടെ മറുവശത്ത് ഗ്രില്ലില്‍ ചേര്‍ത്തടിച്ച പൊടിയണിഞ്ഞ വലയ്ക്കപ്പുറത്തെ ഇരുട്ടുമുറിയില്‍ നില്‍ക്കുന്നവരെ കഷ്ടിച്ചേ കാണൂ. പത്തോളം തടവുകാര്‍ ഒന്നിച്ചെത്തിയാണ് ചെറിയ മുറിയില്‍ നിന്ന് പുറത്തുള്ളവരോട് സംസാരിക്കുന്നത്. പറയുന്നത് പുറത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ പറയുന്നത് അകത്തുള്ളവര്‍ക്കും വ്യക്തമായി കേള്‍ക്കാനാവില്ല. എല്ലാം നിരീക്ഷിച്ച് അകത്തും പുറത്തും ഉദ്യോഗസ്ഥരുണ്ട്. അര മണിക്കൂറാണ് സന്ദര്‍ശകര്‍ക്കുള്ള സമയം.


ഖംറൂപ് സ്വദേശിയായ അലിയെ നാലു മാസം മുമ്പാണ് വിദേശിയാണെന്നാരോപിച്ച് പോലിസ് അറസ്റ്റ് ചെയ്യുന്നത്. രണ്ടു തവണ പൗരത്വപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോഴും അതില്‍ അലിയുടെ പേരുണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം സംശയകരമായ വോട്ടറാണെന്നും പൗരത്വം തെളിയിക്കണമെന്നും ആവശ്യപ്പെട്ട് അലിയ്ക്ക് ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ നോട്ടിസ് കിട്ടി. അലിയുടെ പിതാവ് തഫീസുദ്ദീന്‍ ഇന്ത്യന്‍ പൗരനാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നെങ്ങനെ അലി മാത്രം പൗരത്വമില്ലാത്തവനാകും. വിരോധമുള്ള ആരോ അലിക്കെതിരേ പരാതി നല്‍കിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രേഖകള്‍ സമര്‍പ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. അലിയെ ഒരു നാള്‍ പൊലിസെത്തി കൊണ്ടുപോയി തടവു കേന്ദ്രത്തിലിട്ടു. ഇപ്പോള്‍ നാലുമാസമായി.


അസമിലെ ആറു തടവുകേന്ദ്രങ്ങളിലൊന്നാണ് ഗോല്‍പാരയിലേത്. വിദേശികളാണെന്ന് മുദ്രകുത്തപ്പെട്ട 273 തടവുകാരാണ് ഇവിടെയുള്ളത്. 357 പേരുള്ള തേസ്പൂര്‍ തടവു കേന്ദ്രം കഴിഞ്ഞാല്‍ ഏറ്റവും വലിയ തടവു കേന്ദ്രമാണിത്. പൗരത്വപ്പട്ടിക വരുന്നതോടെ കൂടുതല്‍ പേര്‍ക്കായി വലിയ തടവു കേന്ദ്രങ്ങള്‍ ഒരുങ്ങി വരുന്നുണ്ട്. അലിയെപ്പോലെ ഒരു കുറ്റവും ചെയ്യാതെ ജയിലിലടക്കപ്പെട്ടവരാണ് ഇവിടെയുള്ളവരില്‍ ഭൂരിഭാഗവും. അകത്തെങ്ങനെ ഭക്ഷണമൊക്കെ കിട്ടുന്നുണ്ടോ. പ്രയാസങ്ങളെന്തെങ്കിലുമുണ്ടോ. ചോദിച്ചു തുടങ്ങിയപ്പോള്‍ തന്നെ കണ്ണുകള്‍ കൊണ്ട് അരുതെന്ന് വിലക്കി അലി.
ഇതിന് മറുപടി പറഞ്ഞാല്‍ അകത്ത് ചെന്നാല്‍ ഉദ്യോഗസ്ഥരുടെ തൊഴിയാണെന്ന് അലി ഉദ്യോഗസ്ഥര്‍ കാണാതെ ആംഗ്യം കാട്ടി. കാണാത്ത മട്ടിലിരിക്കുന്നുവെന്നേയുള്ളൂ. എല്ലായിടത്തും ഉദ്യോഗസ്ഥരുടെ കണ്ണും കാതുമെത്തുന്നുണ്ട്. വീണ്ടും ബെല്ലടി ശബ്ദമായി. സമയം കഴിഞ്ഞിരിക്കുന്നു. പോകാന്‍ കല്‍പ്പന വന്നു. അവര്‍ അകത്തേക്ക് നടന്നു നീങ്ങുന്നത് പറഞ്ഞിട്ടും തീരാത്തവിശേഷങ്ങളുമായി പുറത്ത് ബന്ധുക്കള്‍ കണ്ണീരോടെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  16 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  16 days ago