ജാഗ്രതൈ; ജില്ലയില്‍ മഞ്ഞപ്പിത്തവും വയറിളക്കവും പടരുന്നു
മലപ്പുറം: മഴ തുടങ്ങിയതോടെ ജില്ലയില്‍ ജലജന്യ രോഗങ്ങളും മഞ്ഞപ്പിത്തവും പടരുന്നു. മഴ തുടങ്ങുന്നതിനുമുന്‍പേ കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും പകര്‍ച്ചവ്യാധികള്‍ പെരുകുകയാണ്. ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ച്് ഏഴുപേര്‍ മരിച്ചു. ജില്ലയില്‍ 948 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. ഇവരില്‍ 31 പേരുടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വയറിളക്കം ബാധിച്ച് 31,848 പേര്‍ ചികിത്സ തേടി. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ വ്യക്തിശുചിത്വം, പരിസരശുചിത്വം, ആഹാരശുചിത്വം എന്നീ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സെക്കീന അറിയിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു മരണപ്പെട്ടവരെല്ലാം കൃത്യമായ വൈദ്യസഹായം തേടാത്തവരാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
പച്ചമരുന്നുകളും ഭസ്മവും കഴിച്ചവരാണ് മരണപ്പെട്ടവരെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. മഞ്ഞപ്പിത്തം ഉണ്ടായാല്‍ സ്വയംചികിത്സയോ അശാസ്ത്രീയമായ ചികിത്സാരീതികളോ തേടാതെ ആശുപത്രികളില്‍ പോകണമെന്നു ഡി.എം.ഒ അറിയിച്ചു. മഞ്ഞപ്പിത്തം പലപ്പോഴും മറ്റുരോഗങ്ങളുടെ ലക്ഷണമാകാം. എലിപ്പനി ഉള്‍പ്പെടെ കരളിനെ ബാധിക്കുന്ന പലരോഗങ്ങളുടെയും ആദ്യ ലക്ഷണം മഞ്ഞപ്പിത്തമാകാം. കൃത്യമായ രോഗനിര്‍ണയം നടത്താതെ ചികിത്സതുടങ്ങുന്നതു പലപ്പോഴും അപകടങ്ങളുണ്ടാകാന്‍ കാരണമാകുന്നതായും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."