പി.എസ്.സി പരീക്ഷാ നടത്തിപ്പില്‍ ആശങ്കയറിയിച്ച് ഹൈക്കോടതി: സമീപകാലത്തെ നിയമനങ്ങളില്‍ അന്വേഷണം വേണം
കൊച്ചി: പി.എസ്.സി പരീക്ഷാ നടത്തിപ്പിന്റെ കാര്യത്തില്‍ സ്ഥിതി ആശങ്കാജനകമാണെന്നും സമീപകാലത്തെ എല്ലാ പി.എസ്.സി നിയമനങ്ങളും അന്വേഷിക്കണമെന്നും ഹൈക്കോടതി.
യൂനിവേഴ്സിറ്റി കോളജിലെ പി.എസ്.സി തട്ടിപ്പ് കേസിലെ നാലാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ഓര്‍മപ്പെടുത്തിയത്. പരീക്ഷാ തട്ടിപ്പ് സ്വതന്ത്ര ഏജന്‍സിയേക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
പി.എസ്.സി സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട സ്വതന്ത്ര ഏജന്‍സിയുടെ നടപടിക്രമങ്ങള്‍ സുതാര്യമാക്കണം. അനര്‍ഹര്‍ ജോലിയില്‍ കയറുന്നത് തടയണം. പി.എസ്.സിയില്‍ എല്ലാവര്ക്കും വിശ്വാസമുണ്ടാകുന്ന സ്ഥിതി വരണം. ഇപ്പോഴത്തെ സ്ഥിതി ആശങ്കാജനകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിലെ നാല്,അഞ്ച് പ്രതികള്‍ ഒളിവിലാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി.
നാലാം പ്രതി സഫീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് ഉത്തരങ്ങള്‍ കൈമാറിയത് നാലാം പ്രതി സഫീറാണ്. ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന് ആവശ്യം കോടതി അംഗീകരിച്ച് അപേക്ഷ തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."