ആത്മാര്‍ഥതയാണ് വിജയ രഹസ്യം
ജീവിതത്തിലുടനീളം ഉറപ്പുവരുത്തേണ്ട ആത്മീയഗുണമാണ് ആത്മാര്‍ഥത. ജീവിത അടയാളമാണത്. ദൈവിക പ്രീതി മാത്രം കാംക്ഷിച്ചുള്ള പ്രവര്‍ത്തനം. ആത്മാര്‍ഥമായി അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ചവരെയാണ് ഖുര്‍ആന്‍ വിജയികളായി പരിചയപ്പെടുത്തുന്നത്. കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് ഉദ്ദേശങ്ങള്‍ക്കനുസൃതമാണെന്നു തിരുനബി (സ) പഠിപ്പിക്കുന്നു.
അപ്പോള്‍ കര്‍മങ്ങളുടെ അകക്കാമ്പ് നോക്കിമാത്രമേ പ്രതിഫലം ലഭിക്കുന്നുള്ളൂ. ആത്മാര്‍ഥതയും മനസാന്നിധ്യത്തോടെയുമാകണം പ്രവൃത്തി. തിരുനബി (സ) പറഞ്ഞു. 'അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ അല്ല നോക്കുക, മറിച്ചു നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് അവന്റെ ദര്‍ശനം'. ഇമാം ജുനൈദുല്‍ ബഗ്ദാദി (റ) വിവരിക്കുന്നു 'അല്ലാഹുവിന്റേയും അടിമയുടേയും ഇടയിലുള്ള ഒരു രഹസ്യകാര്യമാണ് ഇഖ്‌ലാസ്. ഒരു മലക്കും അതറിയില്ല, അറിഞ്ഞാല്‍ മലക്കിനു രേഖപ്പെടുത്താന്‍ കഴിയും. ഒരു പിശാചിനും അതു മനസിലാകില്ല, മനസിലായാല്‍ അവനതു ദുഷിപ്പിക്കാന്‍ സാധിക്കും. ഒരു ദേഹേച്ഛയ്ക്കും അതു ഗ്രഹിക്കാനാകില്ല, അതിനു കഴിയുമെങ്കില്‍ വശീകരിച്ചെടുക്കാനാകും'.
അബൂഉമാമ (റ)വില്‍നിന്ന് ഉദ്ദരണം: അദ്ദേഹം പറയുന്നു. നബി (സ) യുടെയടുത്തുവന്ന് ഒരാള്‍ ചോദിച്ചു: 'തിരുദൂതരേ, അല്ലാഹുവില്‍നിന്നു പ്രതിഫലവും ഒപ്പം പ്രസിദ്ധിയും ആഗ്രഹിച്ചുകൊണ്ടു യുദ്ധം ചെയ്യുന്ന ഒരാളെക്കുറിച്ച് അങ്ങ് എന്താണ് പറയുന്നത് '. നബി(സ) പ്രതികരിച്ചു: 'അവന് ഒരു പ്രതിഫലവുമില്ല. അയാള്‍ മൂന്നു പ്രാവശ്യം ചോദ്യം ആവര്‍ത്തിച്ചു. മറുപടി ഒന്നു തന്നെ. തുടര്‍ന്നു തിരുനബി (സ) പറഞ്ഞു: അല്ലാഹുവിനു വേണ്ടി മാത്രമായനുവര്‍ത്തിക്കപ്പെടുന്നതും അവന്റെ സംതൃപ്തി ഉദ്ദേശിക്കപ്പെട്ടതുമായ കര്‍മ്മങ്ങളേ അവന്‍ സ്വീകരിക്കുകയുള്ളൂ'.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആരാധനയ്ക്കുവേണ്ടി മാത്രമാണല്ലോ നാം സൃഷ്ടിക്കപ്പെട്ടത്. അപ്പോള്‍ കര്‍മങ്ങളുടെ സ്വീകാര്യത പ്രധാനമാണ്. അതിനു ഉദ്ദേശശുദ്ധിയും മനസാന്നിധ്യവും അനിവാര്യമാണ്. അല്ലാഹു എല്ലാം നിരീക്ഷിക്കുന്നുവെന്ന ഉള്‍ഭയമാണ് കര്‍മങ്ങളില്‍ നിറയേണ്ടത്. ഇതാണ് സൂഫീ ജീവിതങ്ങളുടെ രീതിശാസ്ത്രം. ആത്മാര്‍ഥതയ്ക്കു ഭംഗം വരുത്തുന്ന അഹംഭാവം, പൊങ്ങച്ചം, പ്രദര്‍ശനപരത എന്നിവ പാടില്ല. മുഖസ്തുതിയും മുതലാളിത്ത പ്രീതിയും കാംക്ഷിക്കുന്ന പ്രകടനപരത ഉണ്ടായിക്കൂടാ. ആത്മാര്‍ഥതയുടെ അംശം ചേരാത്ത അത്തരം പ്രവണതകള്‍ സ്വീകാര്യമാകുന്നില്ലെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം.
അപരന്റെ അംഗീകാരത്തിലേക്ക് അതുവഴുതി മാറുന്നതോടെ കര്‍മങ്ങള്‍ അല്ലാഹുവിന്റെ സാമീപ്യം പ്രതിഫലരഹിതമാകും. തിരുമേനി (സ) പ്രസ്താവിച്ചു: 'നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നതു ചെറിയ ശിര്‍ക്കാണ് '. അവര്‍ ചോദിച്ചു: 'എന്താണത് '. നബി (സ) പ്രതികരിച്ചു: 'ലോകമാന്യത. ആളുകളെല്ലാം അവരുടെ കര്‍മങ്ങളുടെ പ്രതിഫലം നല്‍കപ്പെട്ടുകഴിഞ്ഞാല്‍ ലോകമാന്യതക്കാരോട് അല്ലാഹുവിന്റെ വിളംബരമുണ്ടാകും. ദുന്‍യാവില്‍വച്ച് ആരെ കാണിക്കാനായി നിങ്ങള്‍ കര്‍മങ്ങള്‍ അനുഷ്ഠിച്ചിരുന്നുവോ അവരുടെയടുത്തുപോയി പ്രതിഫലമന്വേഷിക്കുക.
(എസ്.കെ.ജെ.എം.സി.സി മാനേജരാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."