ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്, മധ്യപ്രദേശ് കോണ്‍ഗ്രസിലും കലാപം
ഡല്‍ഹി : തന്നെ പി.സി.സി അധ്യക്ഷനാക്കിയില്ലെങ്കില്‍ വേറെ പണി നോക്കേണ്ടി വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ. സിന്ധ്യ ബി.ജെ.പി വൃത്തങ്ങളുമായി ചര്‍ച്ച തുടരുന്നതായി റിപ്പോര്‍ട്ടുണ്ട്. മധ്യപ്രദേശില്‍ നിലവില്‍ മുഖ്യമന്ത്രി കമല്‍നാഥ് തന്നെയാണ് പി.സി.സി അധ്യക്ഷനും. അതേസമയം പി.സി.സി അധ്യക്ഷ പദവി ഒഴിയാമെന്ന് കമല്‍നാഥ് അറിയിച്ചിട്ടുണ്ട്.പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കമല്‍നാഥ് ദല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കമല്‍നാഥ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും കമല്‍നാഥ് തന്നെ തുടര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ആയത് കൊണ്ട് തന്നോട് ആറുമാസത്തേക്ക് തുടരാന്‍ ആവശ്യപ്പെട്ടതായിരുന്നുവെന്നും സിന്ധ്യക്ക് അതൃപ്തിയുണ്ടെന്ന് തോന്നുന്നില്ലെന്നും കമല്‍നാഥ് പറഞ്ഞു.
നിയമസഭാ തെരെഞ്ഞെടുപ്പിന് ശേഷം സിന്ധ്യ മുഖ്യമന്ത്രി ആവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എന്നാല്‍ അതു സംഭവിച്ചില്ല, പിന്നിട് സിന്ധ്യയെ മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും നേരത്തെ കമല്‍നാഥ് തള്ളി. ജ്യോതിരാദിത്യ സിന്ധ്യയേക്കാള്‍ പ്രായം കുറഞ്ഞ പല നേതാക്കളും മധ്യപ്രദേശ് മന്ത്രിസഭയില്‍ അംഗങ്ങളാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ സിറ്റിങ് സീറ്റായ ഗുണയില്‍ സിന്ധ്യ പരാജയപ്പെട്ടിരുന്നു. അതേസമയം സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിലെ സിന്ധ്യയുടെ മുഖ്യ എതിരാളിയായ ദിഗ്വിജയ് സിങ് സിന്ധ്യക്കെതിരെ കരുനീക്കവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."