സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ പെണ്‍കുട്ടികളുടെ മരണം; ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തേക്കും
കൊല്ലം: ഇഞ്ചവിളയിലെ സര്‍ക്കാര്‍ പുനരധിവാസമന്ദിരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെയും അന്തേവാസികളുടെയും മൊഴി പൊലിസ് ഇന്നലെയും രേഖപ്പെടുത്തി. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരമെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
സംഭവത്തില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുടുംബത്തില്‍ വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്ന കണ്ടെത്തലിലാണ് ഇരുവരെയും ആഫ്റ്റര്‍കെയര്‍ ഹോമിലേക്ക് അയച്ചത്. എന്നാല്‍ ഇവിടെ എത്തിയ ഇവര്‍ വീട്ടിലേക്ക് പോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടതായി പറയുന്നു. എന്നാല്‍ നിയമപരമായ ഉത്തരവ് ലഭിച്ചാല്‍ മാത്രമേ ഇവരെ വീട്ടിലേക്ക് വിടാന്‍ പാടുള്ളുവെന്നതിനാല്‍ ഇവരുടെ ആവശ്യം അധികൃതര്‍ തള്ളുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാകാം ആത്മഹത്യയെന്നാണ് കരുന്നുതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
അതേസമയം അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും കുട്ടികള്‍ ആഫ്റ്റര്‍കെയര്‍ ഹോമില്‍ സുരക്ഷിതരായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തിലുണ്ടെന്നും അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന ചാത്തന്നൂര്‍ എ.സി.പി ജവഹര്‍ ജനാര്‍ദ് പറഞ്ഞു.
സ്ഥാപനത്തിന്റെ സൂപ്രണ്ട്, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ എന്നിവര്‍ക്കെതിരേ സംഭവത്തില്‍ കേസെടുത്തേക്കുമെന്നാണ് അറിയുന്നത്. ഇതിനിടെ കുട്ടികള്‍ക്കു മാനസിക പീഡനം നേരിട്ടിരുന്നതായി പറയുന്നുണ്ട്. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. കുണ്ടറയില്‍ പത്തുവയസുകാരി പീഡനത്തിനിരായി പിന്നീട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം വിവാദമായതോടെ, ഈ കേസിലും പൊലിസ് ഊര്‍ജ്ജിതമായ അന്വേഷണമാണ് നടത്തുന്നത്.
സാമൂഹ്യ നീതിവകുപ്പിന് ആവശ്യത്തിന് ഫണ്ടുണ്ടെങ്കിലും പുനരധിവാസകേന്ദ്രത്തിന്റെ നടത്തിപ്പില്‍ ശ്രദ്ധചെലുത്തുന്നില്ലായെന്ന് ശക്തമായ ആക്ഷേപമുണ്ട്. അന്തേവാസികളായ പെണ്‍കുട്ടികളെ സമയാസമയങ്ങളില്‍ കൗണ്‍സലിങ് നടത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."