എണ്ണ ഉപരോധം: 1973 ആവര്‍ത്തിക്കാനുള്ള ലക്ഷ്യമില്ല; സഊദി ഊര്‍ജ മന്ത്രി
റിയാദ്: സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗി വധവുമായി ബന്ധപ്പെട്ട് വിവിധ ലോക രാജ്യങ്ങള്‍ സഊദിക്കെതിരേ തിരിഞ്ഞ പശ്ചാത്തലത്തില്‍ എണ്ണ ഉപരോധമെന്ന ആശയത്തിന് മുതിരുകയില്ലെന്ന് സഊദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി. റഷ്യന്‍ ന്യൂസ് ഏജന്‍സി താസുമായി നടത്തിയ അഭിമുഖത്തിലാണ് 1973 ആവര്‍ത്തിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.
അറബ്- ഇസ്‌റാഈല്‍ യുദ്ധത്തെ തുടര്‍ന്ന് ഇസ്‌റാഈലുമായി ബന്ധം ശക്തമാക്കിയതിന്റെ പേരില്‍ അന്നത്തെ സഊദി ഭരണാധികാരി കിങ്് ഫൈസല്‍ അമേരിക്കയടക്കം വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വിതരണം നിര്‍ത്തിവച്ച് പ്രതികാരം ചെയ്തിരുന്നു. അന്നത്തെ സംഭവത്തില്‍ പിന്നീട് ഈ രാജ്യങ്ങള്‍ നിലപാട് മയപ്പെടുത്തി സഊദിയുമായി സഹകരിക്കാന്‍ തയാറായതിനെ തുടര്‍ന്നായിരുന്നു എണ്ണ വിതരണം പുനരാരംഭിച്ചത്.
നിലവില്‍ സമാനമായ സാഹചര്യമാണ് സഊദിക്കെതിരേ നിലനില്‍ക്കുന്നത്. അമേരിക്കയടക്കം വിവിധ രാജ്യങ്ങള്‍ കഷോഗി വധവുമായി ബന്ധപ്പെട്ടു സഊദിക്കെതിരേ ശക്തമായ നീക്കത്തിനുള്ള ഒരുക്കത്തിലാണ്. ഈ സാഹചര്യത്തിലാണ് സഊദി നിലപാട് വ്യക്തമാക്കിയത്. എണ്ണവിതരണം നിര്‍ത്തിവച്ചുള്ള ഉപരോധത്തിന് സഊദി ആലോചിച്ചിട്ടില്ലെന്നും ഉടന്‍ തന്നെ രാജ്യത്തിന്റെ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ ദിനേ 11 ദശലക്ഷം ബാരല്‍ എന്ന കണക്കിലേക്ക് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഊദി ഒരുക്കമാണെന്നും അന്താരാഷ്ട്ര വിപണിക്ക് കൂടുതല്‍ എണ്ണ ആവശ്യമെങ്കില്‍ 12 ദശലക്ഷം ബാരല്‍ എണ്ണയെന്ന നിലയിലേക്ക് ഉയര്‍ത്താനും സഊദി ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."