മദ്യപരുടെ സങ്കേതമായി സര്‍ക്കാര്‍ ബസ്
മാഹി: കട്ടപ്പുറത്തായ മാഹിയിലെ പി.ആര്.ടി.സി ബസുകള്‍ മദ്യപരുടെ സങ്കേതമാകുന്നു. പുതുച്ചേരി റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും മാഹി ട്രാന്‍സ്പോര്‍ട്ട് കോഓപ്പറേറ്റിവ് സൊസൈറ്റിയും ചേര്‍ന്ന് നാലു ബസുകളാണ് മാഹി റെയില്‍വെ സ്റ്റേഷന്, മാഹിപാലം, ചാലക്കര, പെരിങ്ങാടി, പന്തക്കല്‍, പള്ളൂര്‍ മേഖലകളിലേക്ക് സര്‍വിസ് നടത്തുന്നത്. ചില സര്‍വിസ് പള്ളൂര്‍ വഴി തലശ്ശേരിയിലേക്കും പോകുന്നു. എന്നാല്‍ മതിയായ ഡ്രൈവര്‍മാരെ നിയമിക്കാത്തതും തകരാറുകള്‍ ഉണ്ടായാല്‍ പെട്ടെന്ന് പരിഹരിക്കാന്‍ കഴിയാത്തതുമാണ് ബസുകള്‍ കട്ടപ്പുറത്താകാന്‍ കാരണം. ഒന്നരമാസം കഴിഞ്ഞിട്ടും ഇതിനൊരു പരിഹാരം കാണാന്‍ അധികൃതര്‍ താല്പര്യമെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സ്വന്തമായി വര്‍ക്ക് ഷോപ്പില്ലാത്തതിനാല് എന്ജിന് തകരാറുകളും യാത്രക്കാരെ പെരുവഴിയിലാക്കുന്നു. പുതുച്ചേരിയിലേക്കു പോകുന്ന ബസുകള്‍ക്കു പോലും മാഹിയില്‍ നിര്‍ത്തിയിടാന്‍ ഷെഡില്ല. മാഹിപള്ളിക്ക് സമീപമാണ് ഈ ബസുകള്‍ നിര്‍ത്തിയിടാറുള്ളത്. ബസുകള്‍ക്ക് വാതില്‍ ഇല്ലാത്തതിനാല്‍ രാത്രിയില്‍ മദ്യപന്മാര് വിളയാടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."