പടക്കം നിരോധിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: ദീപാവലിയും പിന്നാലെ ക്രിസ്മസും അടുത്തിരിക്കെ രാജ്യമെമ്പാടും പടക്ക വില്‍പന നിരോധിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. പടക്ക വില്‍പനക്കും നിര്‍മാണത്തിനും ഉപയോഗത്തിനും ഉപാധികളോടെ അനുമതി നല്‍കിയ കോടതി, മലിനീകരണം കുറഞ്ഞ പടക്കങ്ങള്‍ക്ക് മാത്രം അംഗീകാരം നല്‍കുകയും ഇവ ഉപയോഗിക്കുന്നതിന് നിശ്ചിത സമയക്രമവും നിശ്ചയിച്ചു.
ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള വെബ്‌സൈറ്റുകള്‍ മുഖേനയുള്ള ഓണ്‍ലൈന്‍ പടക്കവില്‍പന ജസ്റ്റിസ് എ.കെ സിക്രിയും അശോക് ഭൂഷണും അടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ച് നിരോധിച്ചു. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമായി പടക്കനിര്‍മാണവും വില്‍പനയും കോടതി പരിമിതപ്പെടുത്തുകയുംചെയ്തു. ദേശവ്യാപകമായി പടക്കനിര്‍മാണവും വില്‍പനയും ഉപയോഗവും നിരോധിക്കണമെന്നാവശ്യപ്പെട്ട് അര്‍ജുന്‍ ഗോപാല്‍, ആരവ് ഭണ്ഡാരി, സോയ റാവു ഭസിന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ തീര്‍പ്പാക്കിയാണ് കോടതിയുടെ നടപടി. ആഗസ്റ്റ് 29ന് കേസില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധിപറയാന്‍ നീട്ടിവച്ചിരിക്കുകയായിരുന്നു.
ദീപാവലി ദിനത്തില്‍ രാത്രി എട്ടു മുതല്‍ പത്തുവരെയും ക്രിസ്മസ്, പുതുവല്‍സര ദിനങ്ങളില്‍ രാത്രി 11.30 മുതല്‍ 12.30 വരെയും പടക്കങ്ങള്‍ പൊട്ടിക്കാനാണ് കോടതി അനുമതി നല്‍കിയത്. ലൈസന്‍സ് ഉള്ളവര്‍ മാത്രമാണ് പടക്കങ്ങള്‍ വില്‍ക്കുന്നുള്ളൂവെന്ന് സര്‍ക്കാരുകള്‍ ഉറപ്പാക്കണം. അനുവദനീയമായ അളവില്‍ പുകയും ശബ്ദവും(ഡെസിബല്‍) ഉണ്ടാകുന്ന തരത്തിലുള്ളവ മാത്രം വില്‍ക്കാന്‍ പാടുള്ളൂ.
വിവാഹം അടക്കമുള്ള ആഘോഷങ്ങള്‍ക്ക് പടക്കം ഉപയോഗിക്കാം. പടക്കനിര്‍മാണവും വില്‍പനയും സംബന്ധിച്ച നിയന്ത്രണങ്ങള്‍ നടപ്പാവുന്നുണ്ടോയെന്ന് സ്‌ഫോടകവസ്തുക്കളുടെ നിയന്ത്രണാധികാരമുള്ള പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍(പി.ഇ.എസ്.ഒ) ഉറപ്പുവരുത്തണം. നിയമം ലംഘിക്കുന്ന വില്‍പനക്കാരുടെയും നിര്‍മാതാക്കളുടെയും ലൈസന്‍സുകള്‍ പി.ഇ.എസ്.ഒ റദ്ദാക്കണമെന്നും കോടതി നിര്‍ദേശിച്ചു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങുകയും വേണം.
നേരത്തെ കേസ് പരിഗണിക്കവെ, നിരോധനം ഏര്‍പ്പെടുത്തുന്നതിനു മുന്‍പ് പടക്ക നിര്‍മാണത്തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശവും രാജ്യത്തെ പൗരന്മാരുടെ ആരോഗ്യവും ഒരുപോലെ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തിയിരുന്നു.
സമ്പൂര്‍ണ നിരോധനത്തിന് പകരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് പടക്ക നിര്‍മാതാക്കള്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. സമ്പൂര്‍ണ നിരോധനത്തെ സര്‍ക്കാര്‍ അനുകൂലിച്ചതുമില്ല. ഇതോടെയാണ് സമ്പൂര്‍ണ നിരോധനമേര്‍പ്പെടുത്താതെ കടുത്ത നിയന്ത്രണങ്ങളോടെ പടക്ക നിര്‍മാണത്തിനും ഉപയോഗത്തിനും കോടതി അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."