തകര്‍ന്ന് സാമ്പത്തിക രംഗം, വേണ്ടത് മൗലികമായ മാറ്റം
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നതിന്റെ സൂചനകള്‍ മറച്ചുവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടവര്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ അനുവര്‍ത്തിച്ചിട്ടില്ലാത്ത നടപടിക്രമങ്ങളിലൂടെ സാമ്പത്തിക തകര്‍ച്ചയുടെ ആഴം വെളിപ്പെടുത്തിയിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ കണ്ണുവെച്ച് നേരത്തെ നടത്തിയ നീക്കങ്ങള്‍ ഫലപ്രാപ്തിയിലേക്ക് എത്തിയതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തെളിഞ്ഞു.
കേന്ദ്രസര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ റിസര്‍വ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപയുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപയില്‍ കണ്ണുനട്ട് നടത്തിയ നീക്കത്തിന് അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ എതിര്‍ത്തിരുന്നു. ഉര്‍ജിത്ത് പട്ടേല്‍ പടിയിറങ്ങിക്കഴിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സമ്മര്‍ദം ശക്തമാക്കിയതോടെ റിസര്‍വ് ബാങ്ക് കേന്ദ്രത്തെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആവശ്യപ്പെട്ടത് നല്‍കിയില്ലെങ്കിലും 1.76 ലക്ഷം കോടി ലഭിച്ചതോടെ കേന്ദ്ര സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസമായി. റിസര്‍വ് ബാങ്കിന്റെ ആക്ടില്‍ ഏറ്റവും അവസാനമായി പറയുന്ന കാര്യമാണ് മറ്റ് മാര്‍ഗങ്ങളില്ലാതെ വരുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് കടം നല്‍കുക എന്നത്.
രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴൊന്നും അന്നത്തെ ഭരണാധികാരികള്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ധനത്തില്‍ കണ്ണുവെച്ചിരുന്നില്ല. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ കാലത്ത് വിദേശവിനിമയ തകര്‍ച്ചയുണ്ടായപ്പോഴും അതിന് മുമ്പും കരുതല്‍ ധനം എടുത്തിരുന്നില്ല. അന്ന് സ്വര്‍ണം പണയം വെച്ച് ഐ.എം.എഫില്‍ നിന്ന് വായ്പ എടുക്കുക മാത്രമാണ് ചെയ്തത്. മോദി സര്‍ക്കാര്‍ സ്വീകരിച്ച നയം അതുകൊണ്ടുതന്നെ തെറ്റായ രീതിയാണെന്ന് പറയാതെ വയ്യ. ഇതൊരു ഗതികെട്ട അവസ്ഥയാണ്.
പ്രതിസന്ധി ഒന്നാം മോദിസര്‍ക്കാരിന്റെ തുടര്‍ച്ച
ഒന്നാം മോദി സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക നടപടികള്‍ പലതും തെറ്റായിരുന്നു. നോട്ട് നിരോധനത്തിലൂടെയുണ്ടായ നിക്ഷേപ നഷ്ടം വളരെ വലുതാണ്. 10.33 ലക്ഷം കോടി രൂപയില്‍ നിന്ന് 4.25 ലക്ഷം കോടിയായി രാജ്യത്തെ കോര്‍പ്പറേറ്റ് നിക്ഷേപം കുറഞ്ഞു. അന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് അത് താല്‍ക്കാലിക ഇടിവ് മാത്രമാണ്, പെട്ടെന്ന് തന്നെ സാധാരണ നിലയിലേക്ക് വരുമെന്നാണ്. കൂടാതെ, കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിലൂടെ അഞ്ച് ലക്ഷം കോടി രൂപയുടെ അധികവരുമാനം സര്‍ക്കാരിന് ഉണ്ടാകുമെന്നുമായിരുന്നു. നോട്ട് നിരോധനത്തിന്റെ ഫലം ആദ്യമെല്ലാം മറച്ചുവെച്ചുവെങ്കിലും വിവരാവകാശ നിയമം അടിസ്ഥാനമാക്കി പലരും സമീപിച്ചപ്പോള്‍ റിസര്‍വ് ബാങ്ക് ഒടുവില്‍ കണക്ക് പുറത്തുവിട്ടു.
20,000 കോടി രൂപ മാത്രമാണ് അധികവരുമാനമായി ഉണ്ടായത്. റവന്യൂ വരുമാനം വര്‍ധിച്ചിരുന്നെങ്കില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കുമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടിയിലൂടെ ഒരു ലക്ഷം കോടിയിലധികം വാര്‍ഷിക വരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ആ ലക്ഷ്യത്തിലേക്ക് ജി.എസ്.ടി കലക്ഷന്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നതാണ് മറ്റൊരു പരാജയം. മാത്രമല്ല, ജി.എസ്.ടി വരുമാനത്തില്‍ 5.80 ശതമാനം ഇടിവാണുള്ളത്. ആകെ നികുതിയിലൂടെ വരുമാനവര്‍ധനവുണ്ടായത് പുകയിലയിലും പെട്രോളിലും മാത്രമാണ്.
ധനമന്ത്രിയുടെ പൊടിക്കൈകള്‍ ഏശുകയില്ല
രാജ്യത്തെ സാമ്പത്തിക അവസ്ഥയുടെ പ്രതിഫലനം നേരത്തെ ജനം പെട്ടെന്ന് അറിയുന്ന സാഹചര്യമായിരുന്നില്ല. എന്നാല്‍ ഇന്ന് സാധാരണക്കാരന്റെ ജീവതത്തെ പോലും സാരമായി ബാധിക്കുന്ന ഒന്നായി മാറി. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച പൊടിക്കൈകള്‍ കൊണ്ടു പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമല്ല ഇപ്പോഴുള്ളത്.
ധനകമ്മി 3.4 ശതമാനമായി പിടിച്ചുനിര്‍ത്താന്‍ ബജറ്റില്‍ ധനമന്ത്രി കള്ളക്കളികളാണ് സ്വീകരിച്ചത്. സത്യത്തില്‍ അവര്‍ക്ക് അതേ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നതാണ് അവസ്ഥ. എണ്ണയിലും (ഇന്ധനം) വളം സബ്‌സിഡിയിലും ഒരു ലക്ഷത്തി ഇരുപതിനായിരം കോടി രൂപ 2019-20 ധനകാര്യ വര്‍ഷത്തില്‍ നിന്ന് 2020-2021 ധനകാര്യ വര്‍ഷത്തിലേക്ക് തള്ളിമാറ്റിയിരിക്കുകയാണ്. ഇത് സാധാരണക്കാരന്‍ അറിയുകയില്ല.
കൂടാതെ രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് സബ്‌സിഡി ഇനത്തിലും കൈകാര്യ ചെലവിനത്തിലും നല്‍കാനുള്ള 1.62 ലക്ഷം കോടി രൂപ അടുത്ത ധനകാര്യ വര്‍ഷത്തിലേക്ക് മാറ്റിവെച്ചു. ധനകമ്മി കുറയ്ക്കാന്‍ മാറ്റിവെക്കല്‍ പ്രക്രിയ തുടര്‍ന്നുവരുകയാണ്. ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തികപ്രതിസന്ധിയുടെ പ്രതിഫലനം താഴെ തട്ടിലേക്ക് എത്തിയതോടെയാണ് ജനം സാമ്പത്തികാവസ്ഥയെ കുറിച്ച് മനസിലാക്കുന്നത്. നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച (ജി.ഡി.പി) ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏഴാം സ്ഥാനത്താണ്.
2022 ല്‍ അഞ്ച് ലക്ഷം കോടിയുടെ വളര്‍ച്ചയിലേക്ക് സമ്പത്ത് വ്യവസ്ഥയെ മാറ്റുമെന്നാണ് പ്രധാനമന്ത്രി സ്വാതന്ത്രദിനസന്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അഞ്ച് കൊല്ലം കൊണ്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലേക്ക് എത്തണമെങ്കില്‍ പോലും മിനിമം എട്ട് ശതമാനം വളര്‍ച്ചയുണ്ടാകണം. ഇന്നത്തെ സാഹചര്യത്തില്‍ അതുണ്ടാകുമെന്ന് കരുതാന്‍ നിര്‍വാഹമില്ല.
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച ആശ്വാസനടപടികള്‍ക്ക് എങ്ങുമെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ല. സാമ്പത്തിക രംഗത്ത് മൗലികമായ മാറ്റമാണ് വരുത്തേണ്ടത്. നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയണം. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ കഴിയണം. കര്‍ഷകര്‍ക്ക് നല്‍കുന്ന വായ്പകള്‍ തിരിച്ചടപ്പിക്കാന്‍ കാണിക്കുന്ന ആവേശം വന്‍കിട കോര്‍പ്പറേറ്റുകളുടെ മേല്‍ കാണുന്നില്ല. ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് മുങ്ങുന്ന വന്‍കിടക്കാരില്‍ നിന്ന് തുക തിരിച്ചടപ്പിക്കാന്‍ കഴിയണം. ബാങ്കുകള്‍ ക്ഷീണിക്കുന്ന അവസ്ഥയിലേക്ക് പോയാല്‍ നിക്ഷേപകര്‍ക്ക് പിന്തുണനല്‍കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.
വര്‍ധിക്കുന്ന തൊഴിലില്ലായ്മയും രൂപയുടെ മൂല്യത്തകര്‍ച്ചയും
സാമ്പത്തിക പ്രതിസന്ധി ശക്തമാകുന്നതോടെ ജനത്തെ ബാധിക്കുന്ന ഒന്നാണ് തൊഴിലില്ലായ്മ. രാജ്യത്തെ തൊഴിലില്ലായ്മയുടെ കണക്ക് പരിശോധിച്ചാല്‍ രാജ്യഭരണം എങ്ങോട്ട് പോകുന്നുവെന്ന് വ്യക്തമാകും. ദേശീയ ഏജന്‍സിയായ നാഷണല്‍ സ്റ്റാറ്റിക്കല്‍ കമ്മിഷന്റെ (എന്‍.എസ്.സി) യുടെ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് കൊല്ലത്തെ ശരാശരി തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ കൂടിയ വളര്‍ച്ചാ നിരക്കായ 6.1 ശതമാനത്തില്‍ ആണ്. ഇത് പൊതുതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അനൗദ്യോഗികമായി പുറത്തുവന്നിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാതെ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. രാജ്യത്തെ വിശ്വാസ്യയോഗ്യമായ മറ്റൊരു ഏജന്‍സിയായ സെന്‍ട്രല്‍ ഫോര്‍ മോണിറ്ററിങ് ഇക്കണോമിക്‌സ് (സി.എം.ഇ) ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മ എട്ട് മുതല്‍ ഒമ്പത് ശതമാനം വരെയായി വര്‍ധിച്ചിരിക്കുകയാണെന്നാണ് വ്യക്തമാക്കുന്നത്. കൂടാതെ രൂപയുടെ മൂല്യത്തകര്‍ച്ച വളരെ വലുതാണ്. ഡോളറുമായുള്ള രൂപയുടെ വിനിമയത്തില്‍ രൂപ തകര്‍ന്നു 72 രൂപയായി കുറഞ്ഞു. വിദേശവ്യാപാരരംഗത്ത് വിലപേശാനുള്ള ഇന്ത്യയുടെ ബലഹീനതയാണ് ഇത് കാണിക്കുന്നത്.
(സാമ്പത്തിക വിദഗ്ധനാണ് ലേഖകന്‍)
തയാറാക്കിയത് ജലീല്‍ അരൂക്കുറ്റി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."