ആനമതില്‍ നിര്‍മാണം അന്തിമഘട്ടത്തില്‍ കരിയംകാപ്പ് മുതല്‍ കൊട്ടിയൂര്‍ വരെ നീട്ടണമെന്നാവശ്യം
കേളകം: കേളകം പഞ്ചായത്തിലെ അടക്കാത്തോട് പ്രദേശത്ത് ആറളം വനത്തിനോടു ചേര്‍ന്ന ഭാഗങ്ങളിലെ കാട്ടാന ശല്യത്തിന് പരിഹാരമാകുന്നു.
വനത്തിനടുത്ത് പുഴയോടു ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ ആനമതില്‍ നിര്‍മാണം അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു. എം.എല്‍.എയുടെ ശ്രമഫലമായാണ് വളയംചാല്‍ മുതല്‍ കരിയംകാപ്പ് വരെ ഒന്‍പത് കിലോമീറ്റര്‍ 250 മീറ്റര്‍ ദൂരത്തിലുള്ള ആനമതിലിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.
പദ്ധതിയിലേക്ക് 13 കോടി 60 ലക്ഷം രൂപയാണ് ഫണ്ട് അനുവദിച്ചത്. 2.30 മീറ്റര്‍ ഉയരവും 1.20 മീറ്റര്‍ വീതിയിലുമാണ് നിര്‍മാണം. പു
ഴയോടു ചേര്‍ന്ന ഭാഗങ്ങളില്‍ സാമഗ്രികള്‍ കൊണ്ടു പോകുന്നതിനായി തുറന്നിട്ട പൂക്കുണ്ട് കോളനി, വാളുമുക്ക് എന്നിവിടങ്ങളിലെ 100 മീറ്റര്‍ താഴെയുള്ള ഭാഗങ്ങളിലെ ജോലികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ഈ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. ആനമതിലിന്റെ ഉദ്ഘാടനം ഈ മാസം 15ന് വനംമന്ത്രി കെ. രാജു നിര്‍വഹിക്കും. ഒന്നര കൊല്ലത്തെ കാലാവധിയില്‍ തുടങ്ങിയ പ്രവൃത്തികള്‍ ഒരു കൊല്ലം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
വടകര ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത് ജോലികള്‍ നടത്തി വരുന്നത്. പ്രവൃത്തി വിലയിരുത്തുന്നതിനായി ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി, അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ, ആറളം വൈല്‍ഡ് ലൈഫ് അസി.വാര്‍ഡര്‍ വി. മധുസൂദനന്‍ എന്നിവര്‍ കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ച് തൃപ്തി രേഖപ്പെടുത്തി. ഇപ്പോള്‍ ആനമതില്‍ അവസാനിക്കുന്ന കരിയംകാപ്പ് മുതല്‍ 1.5 കി.മീറ്റര്‍ ദൂരംകൂടി നിലവിലെ കരാറുകാരന് നീട്ടി നല്‍കിയിട്ടുണ്ട്. ബാക്കി വരുന്ന കരിയംകാപ്പ്, രാമച്ചി, കുരിശുമല, കൊട്ടിയൂര്‍ വരെയുള്ള സ്ഥലങ്ങളിലേക്ക് ആനമതില്‍ നിര്‍മാണം നീട്ടി ലഭിക്കുന്നതിന് വനംവകുപ്പിന് കൊട്ടിയൂര്‍ റെയ്ഞ്ച് ഓഫിസ് അപേക്ഷ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."