കൂടുകൂട്ടാന്‍ വന്‍മരങ്ങളില്ല; വെള്ളവയറന്‍ കടല്‍ പരുന്തുകള്‍ ഉള്‍ഗ്രാമങ്ങളിലേക്ക്
പഴയങ്ങാടി: കേരളത്തില്‍ മാഹി മുതല്‍ മഞ്ചേശ്വരം വരെ അമ്പതില്‍ താഴെ മാത്രം ബാക്കിയുള്ള വെള്ളവയറന്‍ കടല്‍പരുന്തുകള്‍ കൂടുകൂട്ടാന്‍ വന്‍മരങ്ങളില്ലാത്തതിനാല്‍ ഉള്‍നാടുകളിലേക്ക് ചേക്കേറുന്നു. മലബാര്‍ പരിസ്ഥിതിസമിതി പ്രവര്‍ത്തകരാണ് പഴയങ്ങാടി ചെങ്ങലില്‍ സ്ഥിരമായി വിശ്രമത്തിനെത്തുന്ന ആണും പെണ്ണുമടങ്ങുന്ന വെള്ളവയറന്‍ കടല്‍ പരുന്തുകളെ കണ്ടെത്തിയത്. കടല്‍പാമ്പുകളെ ആഹാരമാക്കുന്ന ഇവയ്ക്ക് ഭാരമേറിയ ഇരയുമായി അധികദൂരം പറക്കാന്‍ പറ്റില്ല. ഇക്കാരണത്താലാണു തീരത്തോടു ചേര്‍ന്നു കൂടുണ്ടാക്കുന്നത്. ഇതിനു മുമ്പ് കടല്‍ തീരത്തു നിന്നു മാറിയുള്ള പയ്യന്നൂരിന്റെ കിഴക്കന്‍ പ്രദേശമായ കാനായി കാനത്തും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഒരു മീറ്റര്‍വരെ ഉള്‍വിസ്തൃതിയില്‍ കൂടുകൂട്ടാന്‍ കഴിയുന്ന ഇവയ്ക്കു കടലോടു ചേര്‍ന്ന കൂറ്റന്‍ മരങ്ങള്‍ വേണം. ഇത്തരം മരങ്ങളെല്ലാം തോണിക്കും ഫര്‍ണിച്ചറിനുമായി മുറിച്ചതോടെയാണ് ഇവ കുറ്റിക്കാടുകളെ ആശ്രയിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ കൂടുണ്ടാക്കാന്‍ വേണ്ട സ്ഥലമോ കുഞ്ഞുങ്ങളടക്കം നാലുപേരുടെ ഭാരം താങ്ങാനുള്ള കഴിവോ കുറ്റിക്കാടുകളിലെ മരങ്ങള്‍ക്കില്ലാത്തതും പക്ഷികളുടെ പ്രജനത്തിനു തടസമുണ്ടാകുന്നുണ്ട്. കടലോരത്ത് രണ്ട് കിലോമീറ്റര്‍ അകലത്തിലുള്ള വന്‍മരങ്ങളുടെ നിലനില്‍പ്പ് ഉറപ്പാക്കലാണ് ഏക പോംവഴിയെന്നും അതിന് വനം വകുപ്പ് മുന്‍കൈ എടുക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. 1972ലെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നതും ഐ.യു.സി.എന്നിന്റെ റെഡ് ഡാറ്റാ ബുക്കില്‍ ഇടം പിടിച്ചതുമായ ഇവയെ സംരക്ഷിക്കാന്‍ സാന്നിദ്ധ്യമുള്ള പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് സമിതി ചെയമാന്‍ ഭാസ്‌കരന്‍ വെള്ളൂര്‍, നിശാന്ത് കൊളപ്രം, പി.പി രാജന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."