ഇരിപ്പിടം ഇനി അവകാശം നിയമ ഭേദഗതി പ്രാബല്യത്തില്‍
തിരുവനന്തപുരം: സ്ത്രീ തൊഴിലാളികളുടെ അന്തസും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കിയും കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ സുപ്രധാന ഭേദഗതികള്‍ നിലവില്‍വന്നു.
ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. 1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും ആക്ടില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ ഭേദഗതികള്‍ വരുത്താനുള്ള ബില്ലിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഗവര്‍ണര്‍ ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.
വസ്ത്രശാലകളും ജ്വല്ലറികളും റസ്റ്റോറന്റുകളും അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളാണ് ചരിത്രം കുറിച്ച നിയമ ഭേദഗതിയിലൂടെ അംഗീകരിക്കപ്പെട്ടത്.
അതിരാവിലെ മുതല്‍ വൈകിട്ട് ജോലി കഴിയുന്നതുവരെ അഞ്ച് മിനുട്ട് പോലും ഇരിക്കാന്‍ സ്ത്രീ തൊഴിലാളികള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. അതികഠിനമായ തൊഴില്‍ സാഹചര്യമാണ് അവര്‍ നേരിടുന്നത്.
ജോലിക്കിടയില്‍ ഇരിക്കാനും വിശ്രമിക്കാനുമുള്ള അവസരത്തിനായി വിവിധ കേന്ദ്രങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ സമര രംഗത്തിറങ്ങിയിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇരിപ്പിടം നിയമപരമായ അവകാശമാക്കി മാറ്റി സര്‍ക്കാര്‍ തീരുമാനം.
തൊഴിലിടങ്ങളില്‍ ഇരിപ്പിടം ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ ഏറെക്കാലമായി പരാതി ഉന്നയിച്ചുവരികയാണ്.
നിയമ ഭേദഗതിയിലൂടെ ഇരിപ്പിടം അവരുടെ അവകാശമായി മാറി. വൈകിട്ട് ഏഴു മുതല്‍ പുലര്‍ച്ചെ ആറ് മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി വൈകിട്ട് ഒന്‍പതുവരെ സ്ത്രീ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അതോടൊപ്പം മതിയായ സുരക്ഷ, താമസ സ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ ആറുവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാം.
രാത്രി ഒന്‍പതിനുശേഷം രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് തൊഴിലാളികള്‍ അടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
1960ലെ കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ മൂന്നരലക്ഷം സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഈ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന 35 ലക്ഷം തൊഴിലാളികള്‍ നിയമത്തിന്റെ പരിധിയില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."