ഐ.ജിയെ വ്യക്തിഹത്യ നടത്തുന്ന പോസ്റ്റ്; യുവാവിനെ അറസ്റ്റ് ചെയ്തു
കോവളം: സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കാന്‍ വേണ്ടി ശബരിമലയില്‍ കലാപം സൃഷ്ടിച്ചത് ഐ.ജി മനോജ് എബ്രഹാമാണെന്ന ചില സംഘടനകളുടെ ആരോപണത്തെത്തുടര്‍ന്ന് ഐ.ജിയെ വ്യക്തിഹത്യ നടത്തുന്ന ചിത്രവും പോസ്റ്റും ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവിനെ കോവളം പൊലിസ് അറസ്റ്റു ചെയ്തു. കോവളം കമുകിന്‍കുഴി റോഡ് പുളിശിലാംമൂട് വീട്ടില്‍ അരുണ്‍ (32) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 19നാണ് ഫേസ്ബുക്കിലൂടെ മനോജ് എബ്രഹാമിന്റെ ചിത്രത്തൊടൊപ്പം അപകീര്‍ത്തികരമായ പരാമര്‍ശത്തോടെ ഭീഷണി ഉയര്‍ത്തുന്ന പോസ്റ്റ് ഇട്ടത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വേറെയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഐ.ജി മനോജ് എബ്രഹാം അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തിലാണ് പോസ്റ്റിട്ട ആളെ കണ്ടെത്തി പിടികൂടിയത്. കോവളം സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ വെങ്ങാനൂരിലെ ചാവടിനടയില്‍ കുടുംബത്തോടെ താമസിച്ച് വരികയാണ്. കോവളം പൊലിസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഇന്നലെ ഉച്ചയോടെ പിടികൂടിയത്. ഇപ്പോള്‍ താമസിക്കുന്ന സ്ഥലം വിഴിഞ്ഞം പൊലിസ് സ്റ്റേഷന്റെ പരിധിയിലായതിനാല്‍ ഇയാളെ കുറിച്ചുള്ള അന്വേഷണത്തിനായി വിഴിഞ്ഞം പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ഇത് പൂര്‍ത്തിയാകുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ ദിനില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."