കാലത്തിന്റെ കുത്തൊഴുക്കില്‍ ഓര്‍മയായി അത്താഴക്കൊട്ടും ഉഠോ ബാബമാരും
കണ്ണൂര്‍: റമദാനിലെ വിശുദ്ധനാളുകളില്‍ നോമ്പു തുറക്കും അത്താഴത്തിനുമെല്ലാം വിശിഷ്ടസ്ഥാനമുള്ളതുപോലെ ഒരുകാലത്ത് അത്താഴക്കൊട്ടിനും ഉഠോ ബാബമാര്‍ക്കും ഏറെ സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്താഴക്കൊട്ടും അത്താഴക്കൊട്ടുകാരായ ഉഠോ ബാബമാരും വിസ്മൃതിയിലാവുകയാണ്.
മുന്‍പ് അറക്കല്‍ കെട്ടില്‍ നിന്ന് പുലര്‍ച്ചെ ഒന്നോടെ ദഫുമായി ഇറങ്ങിയാല്‍ ആന്ധ്രില്‍ സ്വദേശികളായ ഉഠോ ബാബമാര്‍ രാവിലെ നാലുവരെ പാട്ടിന്റെ ലോകത്താകും. കണ്ണൂര്‍ സിറ്റിയിലെ ഓരോ മുസ്‌ലിം വീടും ഉറക്കത്തില്‍ നിന്നുണര്‍ന്നിരുന്നത് ഉഠോ ബാബമാരുടെ ദഫ്മുട്ടും പാട്ടും കേട്ടായിരുന്നു. റാന്തല്‍ വിളക്കുമായി സിറ്റിയുടെ മുക്കിലും മൂലയിലും സഞ്ചരിക്കുമായിരുന്നു ഇവര്‍. പതിറ്റാണ്ടുകളോളം മഹല്ലുകള്‍ കേന്ദ്രീകരിച്ച് വയോധികര്‍ നടത്തിയിരുന്ന അത്താഴക്കൊട്ടും ഓര്‍മകളാവുന്നു.
പുതുനൂറ്റാണ്ടിലെ ജീവിത രീതിയിലെ മാറ്റങ്ങളാണ് ഒരു സമുദായത്തിന്റെ തന്നെ മുഖമുദ്രയായ അത്താഴക്കൊട്ടിനെ ഇല്ലാതാക്കിയത്. ഒരു പ്രദേശത്തെ അഞ്ചോ ആറോ പേരടങ്ങുന്ന സംഘങ്ങള്‍ റമദാനിലെ സുബ്ഹി ബാങ്കിന് മുമ്പുവരെ മഹല്ല് പരിസരത്തുള്ള വീടുകളില്‍ ചെന്ന് ആളുകളെ ഉണര്‍ത്തുന്ന രീതിയാണ് അത്താഴക്കൊട്ട്.
ഇന്നത്തേതുപോലെ അലാറത്തിനുള്ള നൂതന രീതിയോ, പള്ളികളില്‍നിന്നു ഉച്ചഭാഷിണികളിലൂടെയുള്ള ഓത്തുകളോ ഇല്ലാത്ത കാലങ്ങളില്‍ ഒരു ജനതയെ ഉണര്‍ത്തിയത് അത്താഴക്കൊട്ടായിരുന്നു. ദഫും അറബനയും ചെണ്ടയും തുടങ്ങി വിവധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പാട്ടോ ഉറക്കെയുള്ള അത്താഴത്തിനു സമയമായിയെന്ന വിളിയോ എത്തുന്നതോടെ വിശ്വാസികള്‍ ഉണര്‍ന്നെഴുന്നേറ്റ് അത്താഴം കഴിക്കും.
അത്താഴത്തിന് കൃത്യസമയത്ത് ഉണരാന്‍ അന്ന് എല്ലാവരും ആശ്രയിച്ചിരുന്നത് അത്താഴക്കൊട്ടുകാരെയും ഉഠോ ബാബമാരെയും തന്നെയായിരുന്നു. അത്താഴക്കൊട്ടും ഉഠോ ബാബമാരുടെ പാട്ടും കേള്‍ക്കുമ്പോള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന വീട്ടുകാര്‍ സംഭാവനയായി നല്‍കുന്ന തുകയായിരുന്നു അവരുടെ ജീവിതമാര്‍ഗം. ഉഠോ ബാബമാര്‍ പെരുന്നാളും കഴിഞ്ഞ് അറക്കലിന്റെ സക്കാത്തും വാങ്ങിയായിരുന്നു മടങ്ങിയിരുന്നത്. കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകാതെ ഉണര്‍ത്തുപാട്ടിന്റെ പാരമ്പര്യം നിലനിര്‍ത്തണമെന്ന് പഴമക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."