അത് ഷൈല, പുത്തുമലയില്‍ കണ്ടെടുത്ത മൃതദേഹം തിരിച്ചറിഞ്ഞു
കല്‍പ്പറ്റ: പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പുത്തുമല സ്വദേശി സുവര്‍ണയില്‍ വീട്ടില്‍ ലോറന്‍സിന്റെ ഭാര്യ ഷൈല (38) യുടെ മൃതദേഹമാണ് ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞത്. സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മക്കള്‍: അന്‍സ ലോറന്‍സ് (ലാബ് ടെക്‌നീഷ്യന്‍, സുല്‍ത്താന്‍ ബത്തേരി), ലിന്‍ഡോ ലോറന്‍സ് (എട്ടാം ക്ലാസ് വിദ്യാര്‍ഥി).
കഴിഞ്ഞ 19 ന് വൈകിട്ട് പുത്തുമലയില്‍ നിന്ന് ആറു കിലോമീറ്ററോളം അകലെ ഏലവയലിന് സമീപത്തെ ചെങ്കുത്തായ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നാണ് സ്ത്രീയുടെ മൃതദേഹം ലഭിച്ചത്. തുടര്‍ന്ന് ഡി.എന്‍.എ പരിശോധനക്ക് അയക്കുകയായിരുന്നു. 17 പേരാണ് പുത്തുമല പച്ചക്കാട് മേഖലയില്‍ ഉരുള്‍പൊട്ടി അപകടത്തില്‍പ്പെട്ടത്. ഇതില്‍ 12 പേരുടെ മൃതദേഹം അടുത്ത ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തിരുന്നു. തിരിച്ചറിയാന്‍ കഴിയാതിരുന്ന സ്ത്രീയുടെയും പുരുഷന്റേയും മൃതദേഹങ്ങളിലെ സാംപിളുകളാണ് കൂടുതല്‍ പരിശോധനകള്‍ക്കായി കണ്ണൂരിലെ റീജ്യനല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചത്. പുരുഷ മൃതദേഹം തമിഴ്‌നാട് സ്വദേശി ഗൗരിശങ്കറിന്റേതാണെന്ന് ഡി.എന്‍.എ ടെസ്റ്റിലൂടെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അഞ്ചുപേരെ ഇനിയും കണ്ടെത്താനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."